വിദേശത്തുനിന്നും വാട്‌സാപ്പ് വഴി വിവാഹമോചനം
ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച വാട്‌സാപ്പ് വിവാഹമോചനങ്ങളെ സംബന്ധിച്ച നിയമ വശങ്ങള്‍ ആളുകളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ യുഎഇയില്‍ താമസിക്കുന്ന ഒരു ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഒരു യുവതി ഖലീജ് ടൈംസിന് നല്‍കിയ വിവരങ്ങളാണ് വാട്‌സാപ്പ് വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. വ്യക്തിപരമായ അഭിപ്രായഭിന്നതകള്‍ കാരണം ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ചതായി യുവതി ഖലീജ് ടൈംസിനോട് പറഞ്ഞു.
യുഎഇയിലെ നിയമപ്രകാരം വാട്‌സാപ്പ് സന്ദേശം വഴിയുള്ള തലാക്ക് പ്രസ്താവനയ്ക്ക് നിയമ സാധുതയുണ്ടോ എന്നതാണ് യുവതി ചോദിക്കുന്നത്. നിലവില്‍ അവരുടെ ഭര്‍ത്താവുള്ളത് മാതൃരാജ്യത്താണ്. അവര്‍ യുഎഇയിലുമാണുള്ളത്. യുഎഇയിലെ നിയമം അനുസരിച്ച് വാട്‌സാപ്പ് പോലുള്ള ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള തലാക്ക് സന്ദേശങ്ങള്‍ നിയമപരമായി അംഗീകരിക്കപ്പെടും.
advertisement
യുഎഇ നിയമത്തില്‍ പറയുന്നത് എന്ത്?
യുഎഇ പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 53 പ്രകാരം വിവാഹമോചനത്തെ നിര്‍വചിച്ചിരിക്കുന്നത് വേര്‍പിരിയലിനെ സൂചിപ്പിക്കുന്ന വാക്കുകളിലൂടെ ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരം വിവാഹകരാര്‍ റദ്ദാക്കുന്നതിനെയാണ്. വിവാഹമോചനം എന്നതോ അതിന്റെ സമാനമായ അര്‍ത്ഥം ഉള്‍കൊള്ളുന്നതോ ആയ വാക്കുകള്‍ ഇതിനായി ഉപയോഗിക്കാമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വാട്‌സാപ്പ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ശബ്ദ സന്ദേശമായോ ടെക്‌സ്റ്റ് ആയോ വിവാഹമോചനം പ്രഖ്യാപിക്കുന്നത് ആര്‍ട്ടിക്കിൾ 54(1) സ്ഥിരീകരിക്കുന്നു. ഭര്‍ത്താവിന് എഴുതാനും വായിക്കാനും കഴിയുന്നില്ലെങ്കില്‍ വിവാഹമോചനത്തെ സൂചിപ്പിക്കുന്ന ഒരു സിഗ്നലും നിയമപരമായി അംഗീകരിക്കപ്പെടും.
എങ്കിലും വിവാഹമോചനം തേടുന്നതിന് നിയമപരമായ നടപടിക്രമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. തലാക്ക് പ്രഖ്യാപനം രേഖപ്പെടുത്തണം. ആര്‍ട്ടിക്കിള്‍ 58 (1) അനുസരിച്ച് വിവാഹമോചനം നടന്ന തീയതി മുതലുള്ള 15 ദിവസത്തിനുള്ളില്‍ ഭര്‍ത്താവ് ബന്ധപ്പെട്ട കോടതിയില്‍ രേഖകളുമായി ഹാജരാകണം. വിവാഹമോചനം തെളിയിക്കാനുള്ള ഭാര്യയുടെ അവകാശത്തെ ഇത് ബാധിക്കുന്നില്ല.
അതായത് വിവാഹമോചനം വാട്ട്‌സ്ആപ്പ് വഴി അറിയിച്ചാലും നിയമപരമായി സാധുതയുള്ളതാകാന്‍ 15 ദിവസത്തിനുള്ളില്‍ യുഎഇ കോടതിയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണം.
ജീവിതപങ്കാളികളില്‍ ഒരാള്‍ വിദേശത്താണെങ്കില്‍ വിവാഹമോചനം സാധ്യമാണോ?
ജീവിത പങ്കാളികളില്‍ ഒരാള്‍ വിദേശത്ത് താമസിക്കുകയാണെങ്കില്‍ പോലും നിയമനടപടികള്‍ ആരംഭിക്കാന്‍ യുഎഇ നിയമം അനുവദിക്കുന്നുണ്ട്. യുഎഇ പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4(2) ഉം യുഎഇ സിവില്‍ പ്രൊസീജിയര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20(4) ഉം ഇത്തരം കേസുകളിലെ അധികാരപരിധി നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
എന്തൊക്കെയാണ് നിയമവശങ്ങള്‍ ?
ദമ്പതികള്‍ വിവാഹമോചനത്തിന് പരസ്പരം സമ്മതിച്ചാല്‍ വാട്‌സാപ്പ് സന്ദേശവും അതിന്റെ ഉള്ളടക്കവും സ്ഥീരികരിക്കുന്ന ഒരു നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ ഭാര്യ ഭര്‍ത്താവില്‍ നിന്നും ആവശ്യപ്പെടണം. ഭര്‍ത്താവിന്റെ മാതൃരാജ്യത്ത് അംഗീകരിക്കുകയാണെങ്കില്‍.
ഭര്‍ത്താവ് ഏത് രാജ്യത്താണോ ആ രാജ്യത്തെ യുഎഇ എംബസി വഴിയായിരിക്കണം ഈ രേഖ സാക്ഷ്യപ്പെടുത്തേണ്ടത്. യുഎഇയില്‍ എത്തിക്കഴിഞ്ഞാല്‍ വിദേശകാര്യ മന്ത്രാലയം നിയമപരമായി ഇത് സാക്ഷ്യപ്പെടുത്തുകയും മറ്റ് നടപടികള്‍ ആരംഭിക്കുകയും ചെയ്യും. അവസനാ ഘട്ടത്തില്‍ യുഎഇ നീതിന്യായ മന്ത്രാലയം ഇത് സാക്ഷ്യപ്പെടുത്തുകയും വാട്‌സാപ്പ് വിവാഹമോചനം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യും.
എന്നാല്‍ മാതൃരാജ്യത്തുനിന്നും നോട്ടറൈസ് ചെയ്ത രേഖകളുടെ കാര്യത്തില്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. രേഖയുടെയോ മെമ്മോറാണ്ടത്തിന്റെയോ പ്രാബല്യത്തിനായുള്ള വ്യവസ്ഥകള്‍ അത് നോട്ടറൈസ് ചെയ്തതോ സാക്ഷ്യപ്പെടുത്തിയതോ ആയ രാജ്യത്തെ നിയമത്തിന് അനുസൃതമായി പാലിക്കപ്പെട്ടിട്ടുണ്ടെന്നും അതില്‍ യുഎഇയിലെ ധാര്‍മ്മികതയ്‌ക്കോ പൊതു ക്രമത്തിനോ വിരുദ്ധമായ ഒന്നും അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതുവരെ നടപ്പാക്കലിനുള്ള ഒരു ഉത്തരവും പുറപ്പെടുവിക്കാന്‍ പാടില്ലെന്നും നിയമം ശുപാര്‍ശ ചെയ്യുന്നു. പ്രക്രിയ നിയമപരമായി അനുവദനീയമാണെങ്കിലും അന്താരാഷ്ട്ര അധികാരപരിധി, ഡോക്യുമെന്റേഷന്‍, നടപടിക്രമം പാലിക്കല്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണ്ണതകള്‍ വെല്ലുവിളി നിറഞ്ഞതാണ്.