ഇത് ഇന്ത്യയെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്. നയതന്ത്രപരവും വ്യാപാരപരവുമായിട്ടുള്ള ബന്ധം പുനരാരംഭിക്കുന്നതിനുള്ള അവസരമാണ് ഇതോടെ ഇന്ത്യക്കും കാനഡയ്ക്കും മുന്നില്‍ തുറന്നിരിക്കുന്നത്. ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചതായിരുന്നു ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം.
നിജ്ജര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് ജഗ്മീത് സിങ്ങും മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആരോപിച്ചിരുന്നത്. ഇന്ത്യയുടെ പങ്ക് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.
advertisement
തെളിവില്ലാതെ ഇന്ത്യക്കെതിരെ ഇത്തരം ആരോപണങ്ങള്‍ സിങ് നിരന്തരം ഉന്നയിച്ചിരുന്നു. എന്നാല്‍, ബ്രിട്ടീഷ് കൊളംബിയയിലെ ബേര്‍ണബേ സെന്‍ട്രല്‍ സീറ്റ് സംരക്ഷിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേര്‍ഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തില്‍ 'കിങ് മേക്കര്‍' ആയി കണക്കാക്കപ്പെട്ടിരുന്ന സിങ്ങിന്റെ എന്‍ഡിപിയും കടുത്ത തോല്‍വി ഏറ്റുവാങ്ങി.
എന്‍ഡിപി നാലാം സ്ഥാനത്തെത്തുമെന്നായിരുന്നു കനേഡിയന്‍ മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നത്. ഏഴ് സീറ്റാണ് ഇവര്‍ക്ക് നേടാനായത്. യെവ്‌സ് ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് ക്യൂബെക്കോയ്‌സ് 23 ഉം പിയേര്‍ പൊളിയേവിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 147 സീറ്റും നേടി.
തിരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എന്‍ഡിപി നേതാവ് ജഗ്മീത് സിങ് രാജിവെച്ചു. എന്‍ഡിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുകയും ചെയ്തു. 18.1 ശതമാനം വേട്ട് മാത്രമാണ് ജഗ്മീത് സിങ്ങിന് നേടാനായത്. വേഡ് ചാങ് 42.1 ശതമാനം വോട്ടും കണസര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായിരുന്ന ബെയിംസ് യാന്‍ 39 ശതമാനം വോട്ടും നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിപിക്ക് 24 സീറ്റ് നേടാനായിരുന്നു. കനേഡിയന്‍ നിയമപ്രകാരം ജനപ്രതിനിധി സഭയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കുറഞ്ഞത് 12 സീറ്റെങ്കിലും ഉണ്ടായിരിക്കണം. എന്‍ഡിപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയാത്തതില്‍ താന്‍ നിരാശനാണെന്ന് സിങ് പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം കടുത്ത പരാജയത്തിലെ നിരാശ പ്രകടിപ്പിച്ചത്.
എന്‍ഡിപിയെ നയിക്കാനും ബേര്‍ണബേ സെന്‍ട്രലിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിലെ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടത്തിയ കാര്‍ണിയെയും മറ്റ് നേതാക്കളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ന്യൂ ഡെമോക്രാറ്റിന് ഇത് നിരാശയുടെ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ജഗ്മീത് സിങ് ഖലിസ്ഥാന്‍ അനുഭാവിയായിരുന്നതിനാല്‍ കാനഡയിലെ ഖലിസ്ഥാന്‍ അനുകൂലികള്‍ക്കും ഒരു തിരിച്ചടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.
ഖലിസ്ഥാനി ഭീകരനായ നിജ്ജറിന്റെ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ അടിസ്ഥാനരഹിതവും വന്യവുമായ ആരോപണങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങളെ മറികടന്നാണ് മാര്‍ക് കാര്‍ണി നയിക്കുന്ന ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ശക്തമായ വിജയമുറപ്പിച്ചത്. കനേഡിയന്‍ പൗരനായ നിജ്ജര്‍ 2023 ജൂണിലാണ് വാന്‍കൂവറില്‍ കൊല്ലപ്പെട്ടത്.
ഈ കൊലപാതകത്തോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് തുടക്കമായി. ട്രൂഡോയുടെ ന്യൂനപക്ഷ സര്‍ക്കാരിന് ലഭിച്ച എന്‍ഡിപിയുടെ പിന്തുണയാണ് ഈ അടിസ്ഥാനരഹിതമായിട്ടുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നാണ് വിദഗ്ധരുടെ വിശകലനം. നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആവര്‍ത്തിച്ച് ആരോപിക്കുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ നിലപാട് അദ്ദേഹം കടുപ്പിച്ചു. കാനഡയിലെ ഖലിസ്ഥാന്‍ അനുകൂലികളെ ലക്ഷ്യമിട്ട് ഇന്ത്യയുടെ ഏജന്റുമാര്‍ ക്രിമിനല്‍ സംഘങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രൂഡോ ആരോപിച്ചു. എന്നാല്‍, ഓരോ ഘട്ടത്തിലും ഈ ആരോപണങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ത്തു. 2023 സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച ആദ്യ ആരോപണം വരുന്നത്. എന്നാല്‍, ഇന്ത്യക്കെതിരെ ഒരു തെളിവെങ്കിലും കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
2023-ല്‍ 90 ലക്ഷം കോടി ഡോളറിലധികം മൂല്യം വരുന്ന ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും കാനഡയും നടത്തിയത്. ഈ ബന്ധം വഷളായതോടെ ഇരു രാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും സ്ഥാനപതികളെ തിരിച്ചുവിളിക്കുകയും ചെയ്തു.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു വിദേശ രാഷ്ട്രവുമായും കൃത്യമായ ബന്ധമില്ലെന്നും ഇതിന് തെളിവില്ലെന്നും വ്യക്തമാക്കുന്ന കനേഡിയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 2025-ല്‍ ജനുവരിയില്‍ പുറത്തുവന്നു. ഇത് ഭാരത സര്‍ക്കാരിന്റെ നിലപാട് ശരിവെക്കുന്നതായിരുന്നു.
ഇന്ത്യക്കെതിരെയുള്ള എല്ലാ ആരോപണങ്ങളിലും ജഗ്മീത് സിങ്ങിന്റെ ശബ്ദം ഉയര്‍ന്നുകേട്ടിരുന്നു. ആര്‍എസ്എസിനെ നിരോധിക്കുന്നതിനടക്കം അദ്ദേഹം ആഹ്വാനം ചെയ്തു. നിജ്ജര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കനേഡിയന്‍ രാഷ്ട്രീയത്തില്‍ ജഗ്മീത് സിങ്ങിനെ പങ്ക് എത്രത്തോളം നിര്‍ണായകമാണെന്നതിന്റെ തെളിവായിരുന്നു ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളും. പലപ്പോഴും ഫെഡറല്‍ പാര്‍ട്ടിയെ നയിച്ചതും സഭയില്‍ അധികാരം സന്തുലിതമാക്കി നിര്‍ത്തിയതുമായ വ്യക്തിയായിരുന്നു സിങ്. ചിത്രത്തില്‍ നിന്നും സിങ്ങിന്റെ സാന്നിധ്യം നീങ്ങുന്നത് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം വീണ്ടുമൊരുക്കും. മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും കഴിയും.