നേരത്തെ ട്രൂഡോയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ ട്രൂഡോയുമായി വിയോജിപ്പ് ഉണ്ടാകുകയും അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിക്കുകയുമായിരുന്നു. 56കാരിയായ ക്രിസ്റ്റിയ ധനമന്ത്രി സ്ഥാനവും ഒഴിഞ്ഞിരുന്നു. ട്രൂഡോക്കെതിരേ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുള്ളിലെ ആദ്യ വിയോജിപ്പ് ഇത് തുറന്നുകാട്ടുന്നു. ക്രിസ്റ്റിയയുടെ രാജി അധികാരത്തില്‍ തുടരുന്നതിന് ട്രൂഡോയ്ക്ക് ഭീഷണിയായേക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പോയിലീവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണ്. 2024 സെപ്റ്റംബര്‍ മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്താനും പിയറി ശ്രമിക്കുന്നുണ്ട്.
advertisement
2013ലാണ് ക്രിസ്റ്റിയ ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന അവര്‍ രണ്ടു വര്‍ഷത്തിന് ശേഷം ലിബറുകള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ ചേര്‍ന്നു. വ്യാപാരം, വിദേശകാര്യമന്ത്രി തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ച അവര്‍ യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
യുഎസില്‍ ട്രംപ് അധികാരത്തിലെത്തുന്നതോടെ കാനഡയുടെ പ്രതികരണം അറിയിക്കുന്നതിന് ക്രിസ്റ്റിയെ ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ധനമന്ത്രിയായ ആദ്യ വനിത എന്ന നിലയില്‍ ട്രൂഡോയുടെ പിന്‍ഗാമിയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ക്രിസ്റ്റിയ ധനമന്ത്രിസ്ഥാനം രാജിവെച്ചതോടെ പൊതു സുരക്ഷാ വകുപ്പ് മന്ത്രിയായ ഡൊമിനിക് ലെബ്ലാങ്ക് പുതിയ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലെബ്ലാങ്ക് ട്രംപുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ് ഇപ്പോള്‍. കൂടാതെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. കാനഡയുടെ പ്രധാന വ്യാപാര പങ്കാളി യുഎസ് ആണ്. ആകെ കയറ്റുമതിയുടെ 75 ശതമാനവും യുഎസുമായാണ് നടക്കുന്നത്.