ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ 80,000 വിശ്വാസികളെ സാക്ഷികളാക്കിയാണ് 2006ല്‍ മരണമടഞ്ഞ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ചെറുപ്രായത്തില്‍ തന്നെ മരിച്ച മറ്റൊരു ഇറ്റാലിയന്‍ സ്വദേശിയായ പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും കാര്‍ലോയ്‌ക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദൈവത്തോടുള്ള ഭക്തിയിലൂടെ തങ്ങളുടെ ജീവിതത്തെ ഏറ്റവും ശ്രേഷ്ഠമായ ഒന്നാക്കി മാറ്റിയതിന് ഇരുവരെയും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രശംസിച്ചു. ''നമ്മള്‍ എല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍ ജീവിതം പാഴാക്കരുത്. മറിച്ച് അവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനും ഏറ്റവും ശ്രേഷമായ ജീവിതമാക്കി മാറ്റുവാനുമുള്ള ഒരു ക്ഷണമാണ് പുതിയ വിശുദ്ധന്മാര്‍'' എന്ന് അദ്ദേഹം പറഞ്ഞു.
advertisement
ആരാണ് കാര്‍ലോ അക്കുത്തിസ്?
1991 മേയ് മൂന്നിന് ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് കാര്‍ലോ അക്കുത്തിസിന്റെ ജനനം. അദ്ദേഹത്തിന്റെ കുടുംബത്തിന് ആഴത്തിലുള്ള കത്തോലിക്കാ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. കാര്‍ലോയുടെ ജനനത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം മിലനിലേക്ക് താമസം മാറി. അവിടെ അദ്ദേഹത്തിന്റെ കുടുംബം സന്തോഷകരവുമായ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍, കാലക്രമേണ അക്കുത്തിസിന്റെ വിശ്വാസം കൂടുതല്‍ ശക്തമായി.
ചെറുപ്പം മുതലേ കംപ്യൂട്ടര്‍ മേഖലയില്‍ അക്കുത്തിസ് വളരെയധികം താത്പര്യം കാണിച്ചിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ യൂണിവേഴ്‌സിറ്റി തലത്തിലുള്ള പ്രോഗ്രാമിംഗ് മെറ്റീരിയലുകള്‍ അതീവ താത്പര്യത്തോടെയും ആകാംക്ഷയോടെയും പഠിച്ചെടുത്തു.
'ഗോഡ്‌സ് ഇന്‍ഫ്‌ളൂവന്‍സര്‍' എന്ന് അറിയപ്പെടുന്നത് എന്തുകൊണ്ട്?
കത്തോലിക്കാ സഭ അംഗീകരിച്ച ദിവ്യകാരണ്യ അത്ഭുതങ്ങളെ പട്ടികപ്പെടുത്തുന്ന ഒരു ബഹുഭാഷാ വെബ്‌സൈറ്റ് അക്കുത്തിസ് സൃഷ്ടിച്ചെടുത്തു. ഇതാണ് അദ്ദേഹത്തിന് 'ഗോള്‍ഡ്‌സ് ഇന്‍ഫ്‌ളൂവന്‍സര്‍' എന്ന പദവി നേടിക്കൊടുത്തത്. അക്കാലത്ത് അത്തരം വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നത് സാധാരണയായി പ്രൊഫഷണലുകളായിരുന്നു ചെയ്തിരുന്നത്. ഇത് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി.
പ്രാര്‍ത്ഥനയിലും അക്കുത്തിസ് ആഴമായ താത്പര്യം പുലര്‍ത്തിയിരുന്നു. എല്ലാ ദിവസവും ദിവ്യകാരുണ്യ ആരാധനയില്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. ഇത് കത്തോലിക്കാ സഭ വളരെയധികം പ്രോത്സാഹിപ്പിച്ചുവരുന്ന കാര്യമാണ്. പ്രത്യേകിച്ചും, കത്തോലിക്കരായ പലരും ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമില്ലെന്ന് കരുതുന്നതായി പല സര്‍വെകളും വ്യക്തമാക്കുന്ന സാഹചര്യത്തില്‍.
ഡിജിറ്റല്‍ ബന്ധങ്ങളേക്കാള്‍ യഥാര്‍ത്ഥ ജീവിതത്തിലുള്ള മനുഷ്യബന്ധങ്ങളാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ അക്കുത്തിസ് ആഴ്ചയില്‍ ഒരു മണിക്കൂര്‍ മാത്രം വീഡിയോ ഗെയിമുകള്‍ കളിച്ചു.
സാങ്കേതികവിദ്യയുടെ അതിപ്രസരത്തെക്കുറിച്ചും അതിന്റെ അപകടസാധ്യതയെക്കുറിച്ചും പലപ്പോഴും കത്തോലിക്കാ നേതൃത്വം നല്‍കിയ മുന്നറിയിപ്പുകള്‍ അദ്ദേഹം പാലിച്ചിരുന്നു.
2006 ഒക്ടോബറില്‍ 15 പ്രായമുള്ളപ്പോള്‍ അക്കുത്തിസ് രക്താര്‍ബുദ്ധ ബാധിതനാണെന്ന് കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അന്തരിച്ചു. കത്തോലിക്കാ സഭയിലെ മറ്റൊരു വിശുദ്ധനായ ഫ്രാന്‍സീസുമായി ബന്ധമുള്ള അസീസിയിലെ പള്ളിയിലാണ് അക്കുത്തിസിന്റെ മൃതദേഹം സംസ്‌കരിച്ചത്.