ഇതാദ്യമായല്ല ചൈനീസ് അധികൃതർ ഉയ്ഗൂർ മുസ്ലീങ്ങളെ ഹജ്ജിൽ നിന്ന് വിലക്കുന്നത്. 2023ൽ നിങ്‌സിയ പ്രവിശ്യയിൽ നിന്നും ചൈനയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി 386 മുസ്ലീങ്ങൾ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള ആരും ഇതിൽ ഉൾപ്പെട്ടിട്ടില്ല. 2016 ലാണ് ഷിൻജിയാങ്ങിൽ നിന്നുള്ള തീർത്ഥാടകരെ കുറിച്ച് ചൈനയിലെ ഇസ്ലാമിക് അസോസിയേഷൻ അവസാനമായി റിപ്പോർട്ട് ചെയ്തത്.
ഷിൻജിയാങ് മേഖലയിൽ താമസിക്കുന്ന ഉയ്ഗൂർ മുസ്‌ലിംങ്ങൾക്കും തുർക്കിയിൽ നിന്നുള്ള മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ ചൈനീസ് സർക്കാർ അതിക്രമങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണം റിപ്പോർട്ടു ചെയ്തിരുന്നു. സര്‍ക്കാരിന്റെ നയങ്ങൾ വ്യവസ്ഥാപിതമായി മതപരമായ ആചാരങ്ങളെ ലക്ഷ്യമിടുന്നുവെന്നാണ് ആരോപണം. ഇത് ന്യൂനപക്ഷ സമുദായത്തിൻ്റെ മൗലികാവകാശങ്ങളുടെ മേൽ ചൈന കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
advertisement
2014 മുതൽ ഇസ്‌ലാം മതം പിന്തുടരുന്ന പത്ത് ലക്ഷത്തോളം ആളുകളെ ചൈന തടവിലാക്കിയിട്ടുണ്ട്. ഈ മേഖലയിലെ ഇസ്ലാമിക ആചാരങ്ങൾ നിയന്ത്രിക്കുന്നതിന് ചൈനീസ് അധികാരികൾ ഇതിനോടകം നിരവധി നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ഇസ്ലാമിക അർത്ഥങ്ങളുള്ള വ്യക്തികളുടെ ഡസൻ പേരുകൾ ഇതിന്റെ ഭാഗമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഹിജാബുകൾക്കും അബായകൾക്കും (സാധാരണയായി മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ) നിരോധനം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. ഇതിനുപുറമേ, 630 ഉയ്ഗൂർ ഗ്രാമങ്ങളുടെ പേര് സർക്കാർ മാറ്റി. പുരുഷന്മാർക്ക് താടി വളർത്തുന്നതിനും കുട്ടികൾക്ക് മുസ്ലീം പേരുകൾ നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കഴിഞ്ഞ എട്ട് വർഷമായി, റംസാൻ മാസത്തിൽ ഉയ്ഗൂർ മുസ്‌ലിംകൾ അനുഭവിക്കുന്നത് കടുത്ത പീഡനങ്ങളും നിയന്ത്രണങ്ങളും ആണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2015 മുതൽ ചൈനയിലെ ഷിൻജിയാങ്ങിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും സിവിൽ ജീവനക്കാരെയും റംസാൻ വ്രതാനുഷ്ഠാനത്തിൽ നിന്ന് ചൈനീസ് സർക്കാർ വിലക്കിയിട്ടുണ്ട്. അതോടൊപ്പം സ്കൂളുകളിൽ ഉപവാസവും മറ്റ് മതപരമായ അനുഷ്ഠാനങ്ങളും നിരോധിച്ചു.
2009-ലെ ആഭ്യന്തര വംശീയ അക്രമങ്ങൾ ഉണ്ടായതിനെ തുടർന്ന് ഷിൻജിയാങ് പ്രവിശ്യയിൽ സൈനിക സാന്നിധ്യവും സുരക്ഷാ നടപടികളും വർധിപ്പിച്ചു. ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയിലുള്ള ഷിൻജിയാങ്ങിൽ 1.1 കോടി ഉയ്ഗൂർ മുസ്ലീങ്ങൾ താമസിക്കുന്നുണ്ടെന്നാണ് വിവരം.