ഹസീനയുടെ ബന്ധു കൂടിയായ ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍ ഉസ്-സമാന്‍ സിഐഎയുടെ പോക്കറ്റിലാണെന്നും അദ്ദേഹം ഹസീനയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അസദുസ്സമാന്‍ പറയുന്നു. ദീപ് ഹാല്‍ഡര്‍, ജയ്ദീപ് മജുംദാര്‍, സാഹിദുല്‍ ഹസന്‍ ഖോകോണ്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചതാണ് പുസ്തകം.
ഹസീനയെ അട്ടിമറിക്കാന്‍ വളരെക്കാലമായി സിഐഎ ആസൂത്രണം ചെയ്ത ഒരു തികഞ്ഞ ഗൂഢാലോചനയായിരുന്നു അത്. സിഐഎയുടെ പോക്കറ്റിലാണ് വക്കര്‍ എന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അസദുസ്സമാന്‍ ഖാന്‍ കമാലിനെ ഉദ്ധരിച്ച് പുസ്തകത്തില്‍ പറയുന്നു. ഹസീന കഴിഞ്ഞാല്‍ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു അസദുസ്സമാന്‍.
advertisement
"വക്കര്‍ ഉസ്-സമാന്‍ അവരുടെ ശമ്പളപ്പട്ടികയില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ പ്രാഥമിക പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോഴ്‌സ് ഇന്റലിജന്‍സ് ഓഫ് ബംഗ്ലാദേശും സിവിലിയന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സും വക്കര്‍ ഹസീനയെ ഒറ്റിക്കൊടുക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഒരു പക്ഷേ, ഉന്നത മേധാവികളും ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരിക്കാം. സൈനിക മേധാവി തന്നെ പ്രധാന ഗൂഢാലോചനക്കാരനായിരുന്നു", പുസ്തകത്തില്‍ അസദുസ്സമാന്‍ പറയുന്നു.
സിഐഎയുടെ ഇടപെടലും ബംഗ്ലാദേശിന്റെ ഭരണമാറ്റവും കൊണ്ട് അമേരിക്കയുടെ താല്‍പ്പര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും അസദുസ്സമാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. രണ്ട് കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പറയുന്നത്. ദക്ഷിണേഷ്യയില്‍ ശക്തരായ രാഷ്ട്രത്തലവന്മാര്‍ കുറവാണെന്നും മോദിയെയും ഷിയെയും ഹസീനയെയും പോലുള്ള ഇത്രയും ശക്തരായ നേതാക്കള്‍ ഉപഭൂഖണ്ഡം ഭരിച്ചാല്‍ സിഐഎ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ദുര്‍ബലമായ സര്‍ക്കാരുകളാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്.
സെന്റ് മാര്‍ട്ടിന്‍സ് ദ്വീപാണ് പെട്ടെന്നുള്ള അട്ടിമറിയുടെ കാരണമെന്നും അദ്ദേഹം പറയുന്നു. ടെക്‌നാഫില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ തെക്കും മ്യാന്‍മാറില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുമായി സ്ഥിതി ചെയ്യുന്ന സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് ബംഗാള്‍ ഉള്‍ക്കടലില്‍ തന്ത്രപ്രധാനമായ സ്ഥലത്താണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ ഇത് നിര്‍ണായകമാണെന്നും അദ്ദേഹം വിശദമാക്കി.
അധികാരം നഷ്ടമാകുന്നതിനു മുമ്പ് ഒരു പത്രസമ്മേളനത്തില്‍ ഹസീന ഈ ദ്വീപിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ ദ്വീപ് അമേരിക്കയ്ക്ക് കൈമാറാന്‍ താന്‍ തയ്യാറായാല്‍ പ്രശ്‌നങ്ങളില്ലാതെ തുടരാനാകുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ബംഗ്ലാദേശിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതാകുമെന്ന് അവര്‍ ജൂണ്‍ 11-ന് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നുവെന്നും അസദുസ്സമാന്‍ പറഞ്ഞു.
"ഇന്ത്യന്‍ പത്രങ്ങള്‍ ഇപ്പോള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ സര്‍ക്കാരിന്റെ പതനത്തിനു മുമ്പ് തന്നെ പ്രധാനമന്ത്രി ഹസീന യുഎസ് അവരെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയുന്നു", അദ്ദേഹം വ്യക്തമാക്കി.
വക്കര്‍ ഉസ്-സമാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സൈന്യം ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ കൈകടത്തല്‍ നടത്തുന്നതിനിടയിലാണ് ഈ പുസ്തകം വരുന്നത്. ഹസീനയുടെ ഭരണകാലത്ത് അവരുടെ രാഷ്ട്രീയ എതിരാളികളെ കാണാതായതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 15 സൈനിക ഉദ്യോഗസ്ഥരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തില്‍ ഭിന്നത ഉണ്ടായേക്കുമെന്ന് ഭയന്ന് വക്കര്‍ സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഈ വെളിപ്പെടുത്തല്‍ ബംഗ്ലാദേശിനെ അസ്വസ്ഥമാക്കാന്‍ പോകുന്നതിന്റെ കാരണം എഴുത്തുക്കാരനായ ദീപ് ഹാല്‍ഡര്‍ ന്യൂസ് 18നോട് പറഞ്ഞു. "ഹസീന അധികാരത്തില്‍ നിന്നും പുറത്താകുന്നതിനു തൊട്ടുമുമ്പാണ് വക്കറിനെ നിയമിച്ചത്. ബംഗ്ലാദേശിലെ നിരവധി രാഷ്ട്രീയ സംഭവങ്ങളില്‍ വക്കറിന്റെയും ബംഗ്ലാദേശ് പ്രസിഡന്റ് എംഡി സഹാബുദ്ധീനിന്റെയും പങ്ക് സംശയിക്കുന്നുണ്ട്. ഗോപാല്‍ഗഞ്ച് കാലാപത്തിലായാലും 15 സൈനിക ഉദ്യോഗസ്ഥരുടെ അറസ്റ്റിലായാലും സൈന്യത്തെ അരാഷ്ട്രീയ ശക്തിയായി നിലനിര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. വക്കര്‍ ഇന്ത്യയുടെ ഏജന്റാണെന്നാണ് എന്‍സിപി നിരന്തരം വാദിച്ചിരുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വരുന്നു. വക്കര്‍ ഏത് പക്ഷത്താണ് കളിക്കുന്നതെന്ന ചോദ്യം ഇതോടെ ഉയരുന്നു", അദ്ദേഹം പറഞ്ഞു.
മഹാഭാരതത്തെ ഉദ്ധരിച്ചാണ് ഹസീനയുടെ വീഴ്ചയെ അസദുസ്സമാന്‍ വിശദീകരിച്ചത്. "അഭിമന്യുവിനെ എല്ലാ വശങ്ങളില്‍ നിന്നും കെണിയില്‍ വീഴ്ത്തി. പിന്നീട് സ്വന്തം സൈന്യം തന്നെ യുദ്ധത്തില്‍ വീഴ്ത്തിയതുപോലെ ഹസീനയെ താഴെയിറക്കാന്‍ ബംഗ്ലാദേശിലെ മൗലികവാദ ശക്തികളുമായി വക്കര്‍ സഖ്യമുണ്ടാക്കി. ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് ഇതിനുമുമ്പ് എല്ലാ തീവ്ര ശക്തികളെയും ഒന്നിപ്പിച്ചിരുന്നു. ഹസീന സര്‍ക്കാരിനെ താഴെയിറക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ മാര്‍ഗനിര്‍ദേശപ്രകാരം അവരെല്ലാം ഒന്നിച്ചു", അദ്ദേഹം പറഞ്ഞു.
2024 ജൂണില്‍ മാത്രമാണ് വക്കര്‍ ബംഗ്ലാദേശ് സൈനിക മേധാവിയായി ചുമതലയേറ്റതെന്നും ഓഗസ്റ്റ് 5-ന് അദ്ദേഹം ഹസീനയെ ബംഗ്ലാദേശ് വിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഖാന്‍ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നുണ്ട്. മുന്‍ ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തില്‍ വക്കറിനെ സൈനിക മേധാവിയായി തിരഞ്ഞെടുത്ത നേതാവിനെ തന്നെ അട്ടിമറിക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ ആദ്യ രഹസ്യ ദൗത്യമായിരിക്കാമെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
