ബില്‍ പ്രകാരം ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുവദിക്കുകയില്ല. അക്കൗണ്ടുകള്‍ കൈവശം വയ്ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടാല്‍ 50 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (27.88 കോടി രൂപ) പിഴയൊടുക്കണം. ഇതോടെയാണ് വിഷയത്തില്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി മെറ്റയുള്‍പ്പെടെയുള്ള കമ്പനികള്‍ രംഗത്തെത്തിയത്.
മെറ്റയുടെ പ്രതികരണം
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയാണ് മെറ്റ. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നാണ് മെറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 'തെളിവുകള്‍ പരിശോധിക്കാതെ അതിവേഗത്തില്‍ നിയമനിര്‍മാണം നടത്തിയതില്‍ ഞങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നു. പ്രായത്തിന് അനുസരിച്ചുള്ള കണ്ടന്റുകള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,' മെറ്റ പ്രതികരിച്ചു.
advertisement
യുവാക്കളുടെ മാനസികാരോഗ്യത്തില്‍ സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണത്തില്‍ വ്യക്തതയില്ലെന്ന് പാര്‍ലമെന്റ് കമ്മിറ്റി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആഴ്ചയോടെ സോഷ്യല്‍ മീഡിയയാണ് ഇതിനുകാരണമെന്ന് ആരോപിക്കുന്ന റിപ്പോര്‍ട്ട് സെനറ്റ് കമ്മിറ്റി സമര്‍പ്പിക്കുകയായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് നിയമനിര്‍മാണം നടന്നിരിക്കുന്നതെന്ന് സംശയിക്കുന്നതായും മെറ്റ ആരോപിച്ചു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെപ്പറ്റിയും മെറ്റ വക്താവ് പ്രസ്താവനയില്‍ വിശദമാക്കി.
പ്രതികരിച്ച് സ്‌നാപ്ചാറ്റ്
വിഷയത്തില്‍ പ്രതികരിച്ച് സ്‌നാപ്ചാറ്റും രംഗത്തെത്തി. ഓസ്‌ട്രേലിയയിലെ പുതിയ നിയമനിര്‍മാണം തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും സ്‌നാപ്ചാറ്റ് വക്താവ് പറഞ്ഞു. 'ഈ നിയമം എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നതിനെപ്പറ്റി ഞങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളുണ്ട്. നിയമം പ്രാബല്യത്തിലാകുന്ന കാലയളവില്‍ സുരക്ഷയും സ്വകാര്യതയും സന്തുലിതമായി നിലനിര്‍ത്തുന്നതിനായി സര്‍ക്കാരുമായും ഇ-സേഫ്റ്റി കമ്മീഷണറുമായും ഞങ്ങള്‍ അടുത്ത് പ്രവര്‍ത്തിക്കും. ഓസ്‌ട്രേലിയ പാസാക്കുന്ന നിയമങ്ങള്‍ ഞങ്ങള്‍ പാലിക്കുകയും ചെയ്യും,' സ്‌നാപ്ചാറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുവ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ടിക്‌ടോക്ക്
'യുവ ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ടിക് ടോക്ക് മുന്‍ഗണന നല്‍കുന്നത്,' ഓസ്‌ട്രേലിയയിലെ ടിക് ടോക്ക് വക്താവ് അറിയിച്ചു. തങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ കഠിനമായി പ്രവര്‍ത്തിക്കുമെന്ന് ടിക് ടോക് വക്താവ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷയുറപ്പാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ടിക് ടോക്ക് പറഞ്ഞു.
അതേസമയം 19നെതിരേ 34 വോട്ടുകള്‍ക്കാണ് ഓസ്‌ട്രേലിയയിലെ സെനറ്റ് ബില്‍ പാസാക്കിയത്. ബുധനാഴ്ച ജനപ്രതിനിധി സഭ 13നെതിരേ 102 വോട്ടുകള്‍ക്ക് ബില്‍ പാസാക്കിയിരുന്നു. സെനറ്റില്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികള്‍ സഭ ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ നിയമം പാസാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം അനുവദിക്കും.
വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച സംരക്ഷണം ശക്തിപ്പെടുത്തുന്നതാണ് ഭേദഗതികള്‍. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കാന്‍ പ്ലാറ്റ്ഫോമുകളെ അനുവദിക്കുകയില്ല. കൂടാതെ ഒരു സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാനും അവര്‍ക്ക് കഴിയില്ല.