നിലവിലുള്ള കൈമാറ്റ ഉടമ്പടികള്‍ക്കും കരാറുകള്‍ക്കും ഇന്ത്യന്‍ നിയമത്തിനും കീഴില്‍ ഷെയ്ഖ് ഹസീനയെ തിരികെനല്‍കണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന നിയമപരമായി നിരസിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചോദ്യങ്ങളാണ് ഇതോടൊപ്പം ഉയരുന്നത്. വിഷയം തികച്ചും നിയമപരമാണെന്നും രണ്ട് സര്‍ക്കാരുകളും തമ്മിലുള്ള ഔപചാരിക ഇടപ്പെടലും കൂടിയാലോചനകളും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഇന്ത്യ തിങ്കളാഴ്ച അറിയിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കുകയാണെന്നും ബംഗ്ലാദേശ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും കേന്ദ്ര വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
2024-ല്‍ ബംഗ്ലാദേശിലുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഹസീനയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് ഐസിടി വധശിക്ഷ വിധിച്ചത്. ഹസീന നടത്തിയത് മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പുറപ്പെടുവിച്ചത്. ഹസീനക്ക് പുറമേ മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്.
advertisement
ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നാലെ ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഹസീന രാജ്യം വിടുകയായിരുന്നു. ഐസിടി ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ് ഉന്നയിച്ചിട്ടുള്ളത്.
ഇവര്‍ക്ക് വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ധാക്കയില്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തുടനീളം സൈനികരെയും പോലീസ് സേനയെയും അര്‍ദ്ധസൈനിക സേനകളെയും വിന്യസിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. എന്നാല്‍ നിയപരമായി കരാര്‍ പാലിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടോ എന്നത് ഇതിലെ വ്യവസ്ഥകളെയും രാജ്യത്തിന്റെ ആഭ്യന്തര നിയമങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇത് പ്രകാരം വ്യക്തിക്കെതിരെ ആരോപണമോ കുറ്റമോ ചുമത്തിയിട്ടുണ്ടെങ്കിലോ ശിക്ഷ വിധിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ മാത്രമേ കൈമാറ്റം ആവശ്യപ്പെടാനാകുകയുള്ളു.
കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകള്‍ പൊതുവേ നല്ല വിശ്വാസത്തിലും നീതിയുടെ താല്‍പ്പര്യത്തിലും മാനിക്കപ്പെടുമെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിയമവും ഉഭയകക്ഷി ഉടമ്പടിയും കേന്ദ്ര സര്‍ക്കാരിന് വിവേചനാധികാരം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന രാഷ്ട്രീയ പ്രേരിതമോ അന്യായമോ ആണെന്ന് തോന്നിയാല്‍ ഇന്ത്യയ്ക്ക് ഈ വിവേചനാധികാരം ഉപയോഗപ്പെടുത്താം.
കുറ്റവാളികളെ കൈമാറുന്നതിനുള്ള 1962-ലെ ഇന്ത്യയുടെ സ്വന്തം നിയമം അനുസരിച്ച് സാഹചര്യം നോക്കി ആവശ്യപ്പെട്ട വ്യക്തിയെ കൈമാറുന്നത് നിഷേധിക്കാനോ നടപടികള്‍ സ്റ്റേ ചെയ്യാനോ വിട്ടയക്കാനോ കേന്ദ്രത്തിന് വ്യക്തമായ അധികാരമുണ്ട്.
ഈ പറയുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാരിന് കൈമാറ്റം നിരസിക്കാം. ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 29-ല്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.
1. അഭ്യര്‍ത്ഥന നിസ്സാരവും വിശ്വസമില്ലായ്മ തോന്നുകയോ ചെയ്താല്‍
2. രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നിയാല്‍ അഭ്യര്‍ത്ഥന നിരസിക്കാം
3. കുറ്റവാളിയുടെ കൈമാറ്റം നീതിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന് തോന്നിയാലും കൈമാറ്റം നിരസിക്കാം
കൈമാറ്റം വിലക്കപ്പെടുന്നത് എപ്പോള്‍?
സെക്ഷന്‍ 31-ല്‍ അഭയാര്‍ത്ഥിയെ താഴെ പറയുന്ന സാഹര്യങ്ങളില്‍ കൈമാറാനാകില്ലെന്ന് വ്യക്തമാക്കുന്നു.
1. വ്യക്തിക്കെതിരെയുള്ള കുറ്റം രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കില്‍, അല്ലെങ്കില്‍ രാഷ്ട്രീയ താല്‍പ്പര്യമുള്ള കുറ്റത്തിന് ശിക്ഷിക്കാനാണ് കൈമാറ്റം ആവശ്യപ്പെട്ടതെന്ന് ആ വ്യക്തി തെളിയിച്ചാല്‍
2. അഭ്യര്‍ത്ഥിക്കുന്ന രാജ്യത്ത് നിയമപ്രകാരം കേസെടുക്കുന്നതിനുള്ള കാലപരിധി കഴിഞ്ഞാല്‍ ആ വ്യക്തിക്കെതിരെ കേസ് തുടരാനാകില്ല.
3. ബന്ധമില്ലാത്ത മറ്റ് കുറ്റങ്ങള്‍ക്ക് വിചാരണയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് കൈമാറ്റ കരാര്‍ പ്രത്യേകമായി ഉറപ്പുനല്‍കുന്നില്ല.
ഇന്ത്യ-ബംഗ്ലാദേശ് കൈമാറ്റ കരാര്‍ (2013)
കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉടമ്പടി പ്രകാരം കുറ്റകൃത്യം രാഷ്ട്രീയമാണെങ്കില്‍ കൈമാറ്റം നിരസിക്കാവുന്നതാണ്. എന്നാല്‍ ഗുരുതരമായ കുറ്റങ്ങള്‍ അതയാത് കൊലപാതകം, ഭീകരവാദം, സ്‌ഫോടനങ്ങള്‍, ആയുധങ്ങള്‍ ഉപയോഗിക്കല്‍, തട്ടികൊണ്ടുപോകല്‍ എന്നിവയെ രാഷ്ട്രീയപരമായി തരംതിരിക്കാനാകില്ലെന്നും കരാര്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥനയുടെ ഏത് തരത്തിലുള്ള വിലയിരുത്തലിനും ആധാരം ഇതായിരിക്കും.
കരാറിലെ ആര്‍ട്ടിക്കിള്‍ ഏഴ് പ്രകാരം ഇതല്ലെങ്കില്‍ ഇന്ത്യയ്ക്ക് തന്നെ ആ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കാം. ഈ സാഹചര്യത്തിലും കൈമാറ്റം നിരസിക്കാം. രാജ്യത്തിനകത്ത് വിചാരണ നടത്തുന്നില്ലെങ്കില്‍ കൈമാറ്റത്തിനുള്ള അഭ്യര്‍ത്ഥന പുനഃപരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്.
ആര്‍ട്ടിക്കിള്‍ എട്ട് അനുസരിച്ച് കുറ്റാരോപിതനായ വ്യക്തിക്ക് കൈമാറ്റം അന്യായവും അടിച്ചമര്‍ത്തലും ആണെന്ന് തെളിയിക്കാനും കഴിയും.
അതേസമയം, കൈമാറ്റ ഉടമ്പടയിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ നിഷ്പക്ഷ സംവിധാനമില്ല. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു ഉഭയകക്ഷി ഉടമ്പടി നടപ്പാക്കാനോ അതില്‍ ഇടപെടാനോ കഴിയില്ല. രണ്ട് കക്ഷികളുടെയും സമ്മതമില്ലാതെ അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ (ഐസിജെ) ഇടപെടലും അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൈമാറ്റമോ നിരസിക്കലോ രണ്ട് രാജ്യങ്ങളുടെ മാത്രം തീരുമാനത്തില്‍ അധിഷ്ടിതമാണ്.
കരാറിലെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ആറ് മാസത്തേക്ക് നോട്ടീസ് നല്‍കി ഇരു രാജ്യങ്ങള്‍ക്കും കരാര്‍ അവസാനിപ്പിക്കാൻ കഴിയും.
ഹസീനയെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ബംഗ്ലാദേശ് കൈമാറല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ കൈമാറ്റ നിയമത്തിലെ വ്യവസ്ഥകള്‍, ഉഭയകക്ഷി ഉടമ്പടി, രാഷ്ട്രീയ പ്രേരണ, നടപടിക്രമത്തിലെ ആശങ്കകള്‍, അന്യായ വിചാരണ എന്നിവ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അഭ്യര്‍ത്ഥന നിയമപരമായ പരിധികള്‍ പാലിക്കുന്നുണ്ടോ അതോ നിരസിക്കാനുള്ള കാരണങ്ങളില്‍ ഉള്‍പ്പെടുമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ബംഗ്ലാദേശുമായി കൂടിയാലോചനകള്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സൂചന നല്‍കിയിട്ടുണ്ട്.
