2020 ജൂലൈ മുതല്‍ 2023 ജൂണില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതു വരെ വാംഗ് എന്നറിയപ്പെടുന്ന ജോലിക്കാരന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. മുന്‍ തൊഴിലുടമ ആപ്പുകള്‍ വഴി ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായി ആരോപിച്ച് 80000 യുവാന്‍(ഏകദേശം 9.6 ലക്ഷം രൂപ) അധികസമയം ജോലി ചെയ്തതിനുള്ള വേതനം ആവശ്യപ്പെട്ടു. ഈ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ 200 യുവാന്‍(2400 രൂപ) അടയ്ക്കാന്‍ കമ്പനി നിര്‍ബന്ധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
തുടക്കത്തില്‍ മധ്യസ്ഥ അതോറിറ്റി വാംഗിന്റെ അവകാശവാദത്തെ പിന്തുണച്ചില്ല. തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ബെയ്ജിംഗ് നമ്പര്‍ 2 ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍സ് കോടതി വാംഗിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓഫീസിലെ ഔദ്യോഗികമായ ജോലി സമയത്തിന് ശേഷമാണ് കമ്പനി ഓണ്‍ലൈന്‍ പരിശീലനം ക്രമീകരിച്ചതെന്നും കണ്ടെത്തി. ഇത്തരം പരിശീലനങ്ങള്‍ തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള സമയം കൈയ്യടക്കുകയാണെന്നും മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കിൽ പണം നല്‍കാനുള്ള നയം നിര്‍ബന്ധിത ഹാജര്‍ വ്യക്തമായി സൂചിപ്പിക്കുന്നതാണെന്നും വാംഗ് വാദിച്ചു.
advertisement
''ജോലി സമയത്തിന് ശേഷമാണ് പരിശീലന പരിപാടികള്‍ നടന്നത്. ജീവനക്കാന് ഇതില്‍ പങ്കെടുക്കാതിരിക്കാൻ മറ്റ് വഴികളൊന്നും ഇല്ലായിരുന്നു. അതിനാല്‍ അവയെ അധിക ജോലി സമയമായി കണക്കാക്കണം,'' കോടതി ഉത്തരവിട്ടു. ഓവര്‍ടൈം ജോലി ചെയ്തതിന് കമ്പനി വാംഗിന് നഷ്ടപരിഹാരമായി 19,000 യുവാന്‍(ഏകദേശം 2.3 ലക്ഷം രൂപ) നല്‍കാനും ഉത്തരവിട്ടു.