വിശുദ്ധ ഖുറാന്‍ കത്തിക്കുകയും മുസ്ലീങ്ങള്‍ക്കും അറബ് വംശജര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കുമെതിരെ വിദ്വേഷപ്രചരണം നടത്തുകയും ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാകാനാകില്ലെന്ന് മാല്‍മോ ജില്ലാ കോടതി കണ്ടെത്തി. മതങ്ങളെ വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വിമര്‍ശനം അംഗീകരിക്കാനാകില്ലെന്ന് ചീഫ് കൗണ്‍സിലര്‍ നിക്ലാസ് സോഡര്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.
പലുദാന്റെ പരാമര്‍ശവും പ്രവര്‍ത്തിയും പ്രകോപനപരമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ''ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളെയും മുസ്ലീങ്ങളെയും പരസ്യമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിലുള്ളവരോടുള്ള അനാദരവ് അംഗീകരിക്കാനാകില്ല,'' കോടതി ചൂണ്ടിക്കാട്ടി.
advertisement
ഡെന്‍മാര്‍ക്കില്‍ വെച്ച് സമാനമായ ആരോപണങ്ങള്‍ പലുദാനെതിരെ ഉയര്‍ന്നിട്ടുണ്ടെന്നും വംശീയ വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.2022 ഏപ്രിലില്‍ വിവിധയിടങ്ങളില്‍ പലുദാന്‍ കലാപത്തിന് ആഹ്വാനം ചെയ്തതെന്നും കൂടാതെ വിവിധ മതവിഭാഗങ്ങള്‍ക്കെതിരെ വംശീയാധിക്ഷേം നടത്തിയെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
2022 സെപ്റ്റംബറില്‍ അറബ് വംശജര്‍ക്കെതിരെയും ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കെതിരെയും പലുദാന്‍ വംശീയാധിക്ഷേപം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. താന്‍ ഇസ്ലാമിനെ എതിര്‍ക്കുന്നുവെന്ന് പലുദാന്‍ പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്.
അതേസമയം 2023ല്‍ സ്വീഡനില്‍ ഖുറാന്‍ കത്തിക്കല്‍ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. സ്വീഡനിലെ പാര്‍ലമെന്റിന് മുന്നിലും ഈ പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ സംഭവങ്ങള്‍ സ്വീഡനും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തി. 2023 ജനുവരിയില്‍ സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിയ്ക്ക് മുന്നില്‍ വെച്ച് പലുദാന്‍ ഖുറാന്‍ കത്തിച്ചതും വാര്‍ത്താപ്രാധാന്യം നേടി.