TRENDING:

എലിസബത്ത് രാജ്ഞിയുടെ മരണം; ഇനി ബ്രിട്ടനിൽ സംഭവിക്കുന്നത്

Last Updated:

ബ്രിട്ടീഷ് രാജ്ഞി മരിച്ചുകഴിഞ്ഞാൽ ആചാരപരമായി നടക്കുന്ന ഓരോ കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏറ്റവുമധികം കാലം ബ്രിട്ടനിലെ ഭരണാധികാരിയായിരുന്ന റെക്കോർഡുമായാണ് എലിസബത്ത് രാജ്ഞി യാത്രയാകുന്നത്. ഏഴു പതിറ്റാണ്ടിലേറെ ബ്രിട്ടീഷ് രാജ്ഞിയായി തുടർന്ന എലിസബത്ത് പതിനഞ്ചോളം ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കാലത്തിന് സാക്ഷിയായി. ശക്തമായ സാമ്രാജ്യത്വവും എല്ലായിടത്തെയും കോളനിവൽക്കരണവും അവസാനിച്ചതിന് പിന്നാലെ പിതാവ് ജോർജ്ജ് ആറാമനിൽ നിന്നാണ് 25-ാം വയസിൽ എലിസബത്ത് 1952-ൽ അധികാരം ഏറ്റെടുത്തത്.
advertisement

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ബ്രിട്ടനിൽ ഒരു യുഗാന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞി മരിച്ചുകഴിഞ്ഞാൽ ആചാരപരമായി നടക്കുന്ന ഓരോ കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.

1. മരണവിവരം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി എഡ്വേർഡ് യങ്, ഉടൻ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിക്കും. ആ സന്ദേശം ഇങ്ങനെയായിരിക്കും, 'ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൌൺ'.

2. ഈ സന്ദേശം ലഭിക്കുന്നതോടെ 'ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജിന്' പ്രധാനമന്ത്രി തുടക്കമിടും.

3. മിനിട്ടുകൾക്കകം രാജ്ഞിയുടെ ഭരണത്തിലുള്ള 15 രാജ്യങ്ങളിലെ ഭരണാധികാരികൾ പരസ്പരം ബന്ധപ്പെടുന്നതിനുള്ള ആശയവിനിമയസംവിധാനം ഏർപ്പെടുത്തും. മറ്റ് 36 കോമൺവെൽത്ത് രാജ്യങ്ങൾ മേൽപ്പറഞ്ഞ ഭരണാധികാരികളുടെ നിർദേശങ്ങൾ പിന്തുടരും.

advertisement

4. ബക്കിംഗ്ഹാം പാലസിന്‍റെ ഗേറ്റിൽ രാജ്ഞിയുടെ മരണവിവരം അറിയിച്ചുകൊണ്ടുള്ള കറുത്ത നോട്ടീസ് പതിപ്പിക്കും. ഈ സമയം ലോകത്തെ എല്ലാ മാധ്യമങ്ങൾ വഴിയും മരണവിവരം പുറത്തുവിടും.

5. ബിബിസിയുടെ എല്ലാ ചാനലുകളും മറ്റ് വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തുകയും രാജ്ഞിയുടെ മരണവിവരം തുടർച്ചയായി നൽകുകയും ചെയ്യും.

Also Read- എലിസബത്ത് രാജ്ഞിയെപ്പോലെ ഒരാൾ മാത്രം; ഒരു ജീവിതം നിരവധി തലമുറകളിലൂടെ ജീവിച്ചു

6. ബിബിസി വാർത്താവതാരകർ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെടും

advertisement

7. ബിബിസിയുടെ പരമ്പരാഗത ചുവപ്പ് നിറത്തിലുള്ള ന്യൂസ് ബ്രാൻഡിങ് കറുപ്പായി മാറും.

8. മൂത്തമകനായ ചാൾസ് രാജ്ഞിയുടെ മരണദിവസം തന്നെ അടുത്ത ഭരണാധികാരിയായി ചുമതലയേൽക്കും. അദ്ദേഹം ചാൾസ് മൂന്നാമൻ രാജാവ് എന്ന് അറിയപ്പെടും

9. രാജ്ഞിയുടെ ആദരസൂചകമായി യു.കെയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളും വ്യാപാര-വ്യവസായ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കും.

10. പുതിയതായി സ്ഥാനമേൽക്കുന്ന ചാൾസ് മൂന്നാമൻ രാജാവ് രാജ്ഞിയെ അടക്കം ചെയ്യുന്ന ചടങ്ങുകൾക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തുസംസാരിക്കും.

Also Read- ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാ‍ജ്ഞി അന്തരിച്ചു

advertisement

11. രാജ്ഞിയോടുള്ള ആദരസൂചകമായി ലണ്ടനിലെ ഹൈഡ് പാർക്കിൽ 41ഗൺ സല്യൂട്ട് നടത്തും.

12. ഇതിനുശേഷം നിയുക്ത ഭരണാധികാരിയായ ചാൾസ് രാജാവ് യുകെയുടെ ഭാഗമായ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളെ നേരിൽ കാണാനായി യാത്രതിരിക്കും. യുകെയ്ക്ക് കീഴിലുള്ള രാജ്യ തലസ്ഥാനങ്ങളായ എഡിൻബറോ, ബെൽഫാസ്റ്റ്, കാർഡിഫ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഒടുവിൽ ലണ്ടനിലെത്തും.

13. രാജ്ഞിയെക്കുറിച്ച് ബ്രിട്ടനിലെ ടിവി ചാനലുകൾ നിർമ്മിച്ച ഡോക്യൂമെന്‍ററികൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്യും. അടക്കം ചെയ്യുന്ന ചടങ്ങുകൾ കഴിയുന്നതുവരെ ബിബിസിയിൽ വിനോദ-കോമഡി പരിപാടികൾ സംപ്രേക്ഷണം ചെയ്യില്ല.

advertisement

14. രാജ്ഞിയുടെ മരണം നടന്ന് നാലുദിവസത്തിനുശേഷം ബെക്കിംഗ്ഹാം കൊട്ടാരത്തിൽനിന്ന് മൃതശരീരം സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വെസ്റ്റ്മിനിസ്റ്റർ ഹാളിലേക്ക് കൊണ്ടുപോകും. തുടർന്നുള്ള നാല് ദിവസം രാജ്ഞിയുടെ ഭൗതികശരീരം അവിടെ സൂക്ഷിക്കും.

15. അതിനുശേഷം ചാൾസ് മൂന്നാമൻ രാജാവും രാജകുടുംബാംഗങ്ങളും രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.ശേഷം വെസ്റ്റ്മിനിസ്റ്റർ ഹാളിന്‍റെ വാതിലുകൾ പൊതുജനങ്ങൾക്കായി തുറന്നുനൽകും. ആളുകൾ ഈ സമയം ഇവിടെയെത്തി രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കും.

16. രാജ്ഞിയുടെ മരണം നടന്ന് പത്താമത്തെയോ പന്ത്രണ്ടാമത്തെയോ ദിവസമായിരിക്കും അടക്കം ചെയ്യുന്ന ചടങ്ങുകൾ.

17. രാജ്ഞിയെ അടക്കം ചെയ്യുന്ന ദിവസം യുകെയിലെ എല്ലാ രാജ്യങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. അടക്കം ചെയ്യുന്ന ദിവസവും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അടച്ചിടും. അതുപോലെ തന്നെ വിവിധ വ്യാപാര-വാണിജ്യസ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

18. അടക്കം ചെയ്യുന്ന ദിവസം രാവിലെ 11 മണിക്ക് ബിഗ് ബെന്നിലെ മണിമുഴങ്ങും. ഈ സമയം രാജ്യം മുഴുവൻ നിശബ്ദതയിലായിരിക്കും. രാജ്ഞിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങുകൾക്കായി കൊണ്ടുപോകും. പ്രത്യേക ക്ഷണിതാക്കളായ രണ്ടായിരത്തോളം അതിഥികളും സന്നിഹിതരായിരിക്കും. പ്രത്യേക പ്രാർഥനകളും നടക്കും.

19. വെസ്റ്റ്മിനിസ്റ്റർ ഹാളിൽനിന്ന് രാജ്ഞിയുടെ മൃതദേഹം വിൻസർ കാസിലിലേക്കും തുടർന്ന് സെന്‍റ് ജോർജ് ദേവാലയത്തിലേക്കും കൊണ്ടുപോകും. അവിടെ രാജ്ഞി അന്ത്യവിശ്രമം കൊള്ളും. എലിസബത്തിന്‍റെ പിതാവ് ജോർജ് ആറാമൻ രാജാവിന്‍റെ ശവകുടീരത്തിന് സമീപത്തായാണ് രാജ്ഞിയെ അടക്കം ചെയ്യുക.

20. രാജ്ഞിയെ അടക്കം ചെയ്തതിന് ശേഷമായിരിക്കും ചാൾസ് രാജാവ് ഔദ്യോഗികമായി ചുമതലയേൽക്കുക. ഈ ദിവസവും ബ്രിട്ടനിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. രാജ്ഞിയെ അടക്കം ചെയ്യുന്നതിനും പുതിയ രാജാവിന്‍റെ സ്ഥാനാരോഹണത്തിനുമായി കോടികണക്കിന് പൗണ്ടാണ് ബ്രിട്ടീഷ് ഖജനാവിൽനിന്ന് ചെലവഴിക്കുന്നത്. രാജകീയമായാണ് ഈ ചടങ്ങുകളൊക്കെ നടത്തുന്നത്.

Also Read- Queen Elizabeth II | ചാൾസ് രാജകുമാരൻ ഇനി ചാൾസ് രാജാവ്

21. പുതിയ രാജാവിന്‍റെ ചിത്രമുള്ള കറൻസികൾ വൈകാതെ അച്ചടിച്ചുതുടങ്ങുകയും, അന്തരിച്ച രാജ്ഞിയുടെ ചിത്രമുള്ള കറൻസികൾ പിൻവലിക്കുകയും ചെയ്യും. സ്റ്റാമ്പ്, പാസ്പോർട്ട്, സൈനിക-പൊലീസ് യൂണിഫോമുകൾ എന്നിവയിലും ഇതേ പ്രക്രിയ തുടരും.

22. രാജാവ് ചുമതലയേൽക്കുന്നതോടെ ബ്രിട്ടന്‍റെ ദേശീയഗാനത്തിലും മാറ്റം വരും. 'ഗോഡ് സേവ് ദ കിങ്' എന്ന വരി പുതിയതായി ഉൾപ്പെടുത്തും.

23. ബ്രിട്ടന്‍റെ അധീനതയിലുള്ള ഓസ്ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങൾ പുതിയ രാജാവിനെയും രാജകുടുംബത്തെയും അംഗീകരിക്കുന്നതോടെ ഔദ്യോഗികമായ ചടങ്ങുകളെല്ലാം അവസാനിക്കും.

24. ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്ന ബ്രിട്ടീഷ് രാജ്ഞിയുടെ അന്ത്യയാത്ര അവസാനിക്കുമ്പോൾ ഏറ്റവും ചെലവേറിയ ശവസംസ്ക്കാരചടങ്ങിനാവും ലോകം സാക്ഷ്യം വഹിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/World/
എലിസബത്ത് രാജ്ഞിയുടെ മരണം; ഇനി ബ്രിട്ടനിൽ സംഭവിക്കുന്നത്
Open in App
Home
Video
Impact Shorts
Web Stories