മഞ്ഞുമൂടിയതിനാൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീഴുകയും വൈദ്യുതി ലൈനുകൾ തകരാറിലാകുകയും ചെയ്ത തെക്കൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. മധ്യ അറ്റ്‌ലാന്റിക് മേഖലയിലും വൈദ്യുതി മുടക്കം നേരിടുന്നതായും മണിക്കൂറുകളോളം തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
തെക്കൻ റോക്കീസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ ഏകദേശം 2000 മൈൽ ദൂരം കൊടുങ്കാറ്റ് വീശി. തുടർന്ന് 20 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 14 കോടിയാളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കൊടുങ്കാറ്റ് വീശിയതോടെ മിഡ് വെസ്റ്റിലെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. തുടർന്ന് യാത്രാ മാർഗങ്ങൾ തടസ്സപ്പെട്ടു. ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവടങ്ങളിൽ ഈ ദിവസങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങുമെന്നും, ചിലപ്പോൾ ദിവസങ്ങളോളം വൈദ്യുതി തടസ്സം നേരിടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
advertisement
ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ശനിയാഴ്ച വടക്കൻ, മധ്യ മേഖലകളിൽ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അധികൃതർ ബാക്കപ്പ് ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുകയും വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നിർദേശം നൽകുകയും ചെയ്തു.
മഞ്ഞുവീഴ്ച കനത്തതോടെ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചു. റോഡുകളിൽ വഴുക്കലുണ്ടായതോടെ ചെറിയ യാത്രകൾ പോലും അപകടങ്ങളുണ്ടാക്കി. ഇത് പല പ്രദേശങ്ങളിലെയും ദൈനംദിന ജീവിതം സ്തംഭിപ്പിക്കുകയും ചെയ്തു.
വിമാനസർവീസുകളും തടസ്സപ്പെട്ടു. നിരവധി സർവീസുകൾ റദ്ദാക്കുകയോ കാലതാമസം നേരിടുകയോ ചെയ്തു. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും മോശമായ സാഹചര്യമാണ് ഇത്തവണ നേരിട്ടതെന്ന് വിമാനകമ്പനികൾ വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കുമിടയിൽ ഏകദേശം 15,000 വിമാനങ്ങൾ റദ്ദാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെ കൊടുങ്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓക്ലഹോമ സിറ്റി മുതൽ ബോസ്റ്റൺ വരെയുള്ള നഗരങ്ങളിൽ വ്യാപകമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും അവർ അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശത്ത് ചില ഭാഗങ്ങളിൽ 15 മുതൽ 30 ഇഞ്ച് വരെ കനത്തിൽ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
താപനില 30 മുതൽ 50 ഡിഗ്രി വരെ താഴന്നേക്കും. മിഡ് വെസ്റ്റിലും ഗ്രേറ്റ് പ്ലെയിൻസിലും കാറ്റിന്റെ തണുപ്പ് മൈനസ് 40 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴുമെന്നും അത് ജീവൻ അപകടത്തിലാക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും പെട്ടെന്നുള്ള മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
