കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും ,3000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായി താലിബാൻ സർക്കാർ അറിയിച്ചു. സമീപ ദശകങ്ങളിൽ രാജ്യത്ത് ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിൽ ഒന്നാണിത്.
advertisement
6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള വിദൂര, പർവതപ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ 1,411 പേർ മരിക്കുകയും 3,100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നംഗർഹാർ പ്രവിശ്യയിൽ കുറഞ്ഞത് ഒരു ഡസനോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനായി രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ജലാലാബാദിന് സമീപം ഉപരിതലത്തിൽ നിന്ന് എട്ട് കിലോമീറ്റർ താഴെയുണ്ടായാണ് ഭൂകമ്പം ഉണ്ടായത്. നിരവധി വീടുകൾ ഭൂകമ്പത്തിൽ തകർന്നുവെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
റോഡുകൾ തടസ്സപ്പെടുകയോ തകരുകയോ ചെയ്തതിനാൻ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ചില പ്രദേശങ്ങളിലേക്ക് ഇപ്പോഴും രക്ഷാ പ്രവർത്തകർക്ക് പ്രവേശിക്കാനായിട്ടില്ല. ഭൂകമ്പം ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 5 മില്യൺ ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ചു. ആവശ്യങ്ങൾ വിലയിരുത്തുന്നതിനും സഹായം നൽകുന്നതിനും അഫ്ഗാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുഎൻ വ്യക്തമാക്കി.
സമീപ വർഷങ്ങളിൽ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലും (2023) പക്തികയിലും (2022) ഉണ്ടായ വലിയ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് ആളുകളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തിരുന്നു.