പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തെ രൂക്ഷമായി ബാധിക്കുന്നത്. കൊടും തണുപ്പും മഴയും നിരന്തരം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന മേധാവിയും സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ ഏറ്റവും സാധ്യതയുള്ള 72 മണിക്കൂർ പിന്നിട്ടതിനാൽ അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യത മങ്ങിയതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു ലക്ഷത്തിലേറെ രക്ഷാപ്രവർത്തകരാണ് തെരച്ചിൽ നടത്തുന്നത്.
ദുരന്തബാധിതരിൽ പലർക്കും പുനരധിവാസവും ഭക്ഷണവും വെള്ളവും പോലും ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിൽ പാളിച്ചയുണ്ടായതായും തുർക്കി പ്രസിഡന്റ് സമ്മതിച്ചിരുന്നു.
advertisement
രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ദുരിന്തനിവാരണ സേനയടക്കമുള്ള സംഘങ്ങളെ അയക്കുന്നുണ്ട്. ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നവർ പലരും കടുത്ത ശൈത്യം മൂലമാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അതിനാൽ ജീവൻരക്ഷാ ഉപകരണങ്ങളാണ് കൂടുതൽ ആവശ്യമുള്ളത്.
തുർക്കിയുടെ അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമാണത്തിനും ദുരന്തബാധിതരുടെ പുനരധിവാസത്തിനുമായി അടിയന്തര ധനസഹായം ഉൾപ്പെടെ 1.78 ബില്യൺ ഡോളറിന്റെ ധനസഹായം വ്യാഴാഴ്ച ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തുർക്കിയിൽ വിവിധ ലോകരാജ്യങ്ങളുടെ സഹായം എത്തുന്നുണ്ടെങ്കിലും സിറിയയിൽ അതല്ല സ്ഥിതി. മിക്ക ലോകരാജ്യങ്ങളും ഉപരോധം നീക്കാത്തതിനാൽ യുഎന്നിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഇക്കഴിഞ്ഞ ദിവസമാണ് യുഎൻ വഴി സഹായം സിറിയയിലേക്ക് എത്തിയത്. ലഭൂകമ്പത്തിൽ ഇദ്ലിബിലെ ഡാം തകർന്നത് സാൽഖ്വിൻ മേഖലയെ വെള്ളത്തിനടിയിലാക്കി.