ഇപ്പോഴിതാ ഈ വിമാനപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് ബ്രസീല്‍ സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്. റിയോ ഡി ജനിറോ സ്വദേശിയായ അഡ്രിയാനോ അസിസ് ആണ് തന്റെ ഞെട്ടിപ്പിക്കുന്ന അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഹോസ്പിറ്റലിലെ ജോലി കഴിഞ്ഞ് താന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും അല്‍പ്പം വൈകിപ്പോയിരുന്നുവെന്നും അധികൃതര്‍ തന്നെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നും അഡ്രിയാനോ പറഞ്ഞു.എന്നാല്‍ അപകടത്തിന്റെ വിവരം കേട്ടതും താന്‍ ഞെട്ടിപ്പോയെന്നും തന്റെ ജീവന്‍ രക്ഷിച്ചതിന് എയര്‍പോര്‍ട്ട് ജീവനക്കാരോടും മറ്റും നന്ദി പറഞ്ഞുവെന്നും അഡ്രിയാനോ കൂട്ടിച്ചേര്‍ത്തു.
advertisement
'ഞാന്‍ ഇവിടെ 9.40 ആയപ്പോഴേക്കും എത്തി. അപ്പോഴേക്കും വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഞാന്‍ എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു,'' അഡ്രിയാനോ പറഞ്ഞു.പിന്നീടാണ് അപകടത്തിന്റെ വിവരം താന്‍ അറിഞ്ഞതെന്നും വിമാനത്തിലേക്ക് കടത്തിവിടാത്ത ബോര്‍ഡിംഗ് ഗേറ്റിലെ എയര്‍പോര്‍ട്ട് ജീവനക്കാരനോട് താന്‍ നന്ദി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെ സംസാരിക്കാന്‍ താന്‍ ഉണ്ടാകുമായിരുന്നില്ലെന്നും അഡ്രിയാനോ പറഞ്ഞു. അഡ്രിയാനോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.
അതേസമയം വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നതിനും അപകടത്തിന്റെ കാരണം വിലയിരുത്തുന്നതിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് വോപാസ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയന്‍ മിലിട്ടറി പോലീസ് ഉദ്യോഗസ്ഥന്‍ എമേഴ്‌സണ്‍ മസേറ പറഞ്ഞു.