നയതന്ത്ര തര്‍ക്കത്തിന്റെ നാള്‍വഴികള്‍
1. ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. 2023 സെപ്റ്റംബറിലാണ് ട്രൂഡോ ഈ ആരോപണമുന്നയിച്ചത്.
2. 2020ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഭീകരനായി മുദ്രകുത്തിയ നിജ്ജര്‍ 2023 ജൂണ്‍ 18നാണ് കൊല്ലപ്പെട്ടത്. സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെച്ചാണ് ഹര്‍ദീപിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്.
3. ട്രൂഡോയും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസും ഇന്ത്യന്‍ നയതന്ത്രര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. കാനഡയിലെ സിഖ് വംശജരായ വിഘടനവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ചില ക്രൈം ഗ്രൂപ്പുകള്‍ക്ക് കൈമാറുകയാണെന്ന് ട്രൂഡോ ആരോപിച്ചു.
advertisement
4. നരേന്ദ്രമോദി സര്‍ക്കാരിന്റെ വിമര്‍ശകരായ കാനഡയിലെ പൗരന്‍മാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശേഖരിച്ച് ഇന്ത്യാ ഗവണ്‍മെന്റിനും അധോലോക ഗുണ്ടാസംഘങ്ങള്‍ക്കും കൈമാറുകയാണെന്ന് ട്രൂഡോ പരസ്യപ്രസ്താവനയും നടത്തി.
5. എന്നാല്‍ കാനഡയുടെ ആരോപണങ്ങളെ തള്ളി ഇന്ത്യ രംഗത്തെത്തി. ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍ എന്ന് ഇന്ത്യ പറഞ്ഞു. കാനഡയിലെ ഖലിസ്ഥാന്‍ ഭീകരരെ പിന്തുണയ്ക്കുന്ന ട്രൂഡോ സര്‍ക്കാരിന്റെ നയത്തെയും ഇന്ത്യ വിമര്‍ശിച്ചു.
6. പിന്നാലെ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കി. ഇതിന് മറുപടിയായി ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞരോട് രാജ്യം വിടാന്‍ കാനഡയും ഉത്തരവിട്ടു.
7. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്എ)ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് സിദ്ധുവിനെ ഇന്ത്യ ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്തി അന്വേഷണത്തിന് തുടക്കം കുറിച്ചു. ഇയാള്‍ പഞ്ചാബില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ സിംഗ് റോഡുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇന്ത്യ ആരോപിച്ചു.
8. കാനഡയില്‍ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും നിരീക്ഷിച്ച് വരികയാണെന്ന സൂചന നല്‍കി കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി രംഗത്തെത്തി. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ, മറ്റ് ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ട്രൂഡോ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
9. ഇന്ത്യ- കാനഡ നയതന്ത്രം ബന്ധം വഷളാകുന്നത് വിസ നയങ്ങളെ നേരിട്ട് ബാധിക്കാന്‍ ഇടയാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നയതന്ത്ര ബന്ധം പഴയപടി ആകുന്നത് വരെ ഇക്കാര്യങ്ങളില്‍ കാലതാമസം നേരിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
10. കാനഡ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇന്ത്യ ഗൗരവമായി പരിഗണിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
അതേസമയം നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്രൂഡോ ഫൈവ് ഐസിന്റെ (five eyes) സഹായം തേടിയിരുന്നു. യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ഫൈവ് ഐസ്.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കാനഡ ഫൈവ് ഐസ് പങ്കാളികളുമായി പങ്കുവെച്ചുവെന്നാണ് ട്രൂഡോ വെളിപ്പെടുത്തിയത്. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ യുഎസ് കാനഡയുമായി പങ്കുവെച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
"കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ ഫൈവ് ഐസ് പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിച്ചുവരുന്നു. പ്രത്യേകിച്ച് യുഎസുമായി. നിയമവാഴ്ചയ്ക്കായി ഞങ്ങള്‍ സഖ്യകക്ഷികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും,'' എന്ന് ട്രൂഡോ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്.