“നമ്മുടെ കുട്ടികൾക്ക് ലോകമെമ്പാടുമുള്ള പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കാനും ആഘോഷിക്കാനുമുള്ള അവസരമാണ് ഇത്”, എന്നും ഗവർണർ കാത്തി ഹോച്ചുൾ കൂട്ടിച്ചേർത്തു. ന്യൂയോർക്ക് നഗരത്തിലും സംസ്ഥാനത്തുടനീളമുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധമത വിശ്വാസികൾ ദീപാവലി ആഘോഷിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകൾ ഈ ദിനം ആഘോഷമാക്കുന്നവരാണെന്നും ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ഫ്‌ളഷിംഗിലുള്ള ഹിന്ദു ടെംപിൾ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (Hindu Temple Society of North America) നടത്തിയ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് കാത്തി ഹോച്ചുൾ നിയമനിർമാണത്തിൽ ഒപ്പുവെച്ചത്. ഇരുട്ടിനെ കീഴടക്കി വെളിച്ചത്തെ സ്വീകരിക്കുന്ന ഈ ദിവസം ആഘോഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സമൂഹമാധ്യമമായ എക്‌സിൽ (മുൻപത്തെ ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിൽ കാത്തി ഹോച്ചുൾ പറഞ്ഞു.
advertisement
”അതുകൊണ്ടാണ് ഈ ദീപാവലി രാവിൽ, ഇത്തരമൊരു നിയമത്തിൽ ഒപ്പുവെച്ചത്. ദീപാവലി ആഘോഷിക്കാൻ ഞങ്ങൾ ഒത്തുകൂടിയ ഈ അവസരത്തിൽല ന്യൂയോർക്ക് സിറ്റിയിലെ പബ്ലിക് സ്കൂളുകളിൽ ഈ ദിവസം പൊതു അവധിദിനമായി പ്രഖ്യാപിക്കുന്ന ചരിത്രപരമായ നിയമനിർമാണത്തിൽ ഒപ്പുവെയ്ക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു”, കാത്തി ഹോച്ചുൾ കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് സ്‌റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വംശജനും ആദ്യത്തെ ഹിന്ദുവുമായ ജെന്നിഫർ രാജ്‌കുമാർ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ സ്‌കൂളുകൾക്ക് ദീപാവലിദിനത്തിൽ അവധി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ആൾ കൂടിയാണ് ജെന്നിഫർ. “ന്യൂയോർക്കിലെ 600,000-ത്തിലധികം വരുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധമത വിശ്വാസികൾക്കുളള സന്തോഷ വാർത്തയാണിത്. ഞങ്ങൾ നിങ്ങളെ കാണുന്നു, ഞങ്ങൾ നിങ്ങളെ തിരിച്ചറിയുന്നു. ദീപാവലി ഇപ്പോൾ ഒരു അമേരിക്കൻ അവധിക്കാലം കൂടിയാണ്”, ജെന്നിഫർ രാജ്കുമാർ പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ സ്കൂൾ ഡിസ്ട്രിക്ടാണ് ന്യൂയോർക്ക് സിറ്റി. ന്യൂയോർക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, 2022-23 അധ്യയന വർഷത്തിൽ ഈ സ്കൂൾ ഡിസ്ട്രിൽ 1,047,895 വിദ്യാർത്ഥികൾ ഉണ്ട്. ഈ വിദ്യാർത്ഥികളിൽ 16.5 ശതമാനവും ഏഷ്യക്കാരാണ്. 2022 വരെയുള്ള കണക്കനുസരിച്ച്, 275 ചാർട്ടർ സ്കൂളുകൾ ഉൾപ്പെടെ, ന്യൂയോർക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 1,867 സ്കൂളുകളുണ്ട്.