44കാരനായ ഡോ. സുഹൈൽ അൻജുമും പേര് വെളിപ്പെടുത്താത്ത നഴ്സുമാണ് ലൈംഗികബന്ധത്തിലേർപ്പെട്ടത്. ശസ്ത്രക്രിയയുടെ ഇടയ്ക്ക് മൂത്രമൊഴിക്കാൻ പോവുകയാണെന്നും രോഗിയെ നിരീക്ഷിക്കണമെന്നും മറ്റൊരു നഴ്സിനോട് പറഞ്ഞശേഷം പാക് സ്വദേശിയും കൺസൾട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റായ ഡോ. അൻജും അവിടെ നിന്ന് പോയത്. എന്നാൽ, ആശുപത്രിയിലെ മറ്റൊരു ഓപ്പറേറ്റിംഗ് തിയേറ്ററിലേക്ക് പോയ അദ്ദേഹം, അവിടെ വെച്ച് നഴ്‌സുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു.
ജനറൽ മെഡിക്കൽ കൗൺസിലിന് (ജിഎംസി) വേണ്ടി ഹാജരായ ആൻഡ്രൂ മോളോയ് പറയുന്നതനുസരിച്ച്, 2023 സെപ്റ്റംബർ 16ന് ഡോ. അൻജും തിയേറ്റർ 5ൽ അഞ്ച് കേസുകളിൽ അനസ്‌തേഷ്യോളജിസ്റ്റായി പ്രവർത്തിച്ചിരുന്നു. മൂന്നാമത്തെ കേസ് നടക്കുന്നതിനിടെയാണ് അദ്ദേഹം മുറി വിട്ടുപോയത്. താമസിയാതെ, മറ്റൊരു നഴ്‌സ് തിയേറ്റർ എട്ടിലേക്ക് പ്രവേശിച്ചപ്പോൾ ഡോ. അൻജുമിനെയും നഴ്‌സിനെയും മോശം സാഹചര്യത്തിൽ കാണുകയായിരുന്നു. ഈ സമയം ഇരുവരും ഭാഗീകമായി വസ്ത്രം നീക്കിയ നിലയിലായിരുന്നുവെന്ന് ഇതു കണ്ട നഴ്സ് തന്നോട് വെളിപ്പെടുത്തിയതായി മോളോയ് പറഞ്ഞു.
advertisement
സംഭവം കണ്ട ഞെട്ടലോടെ നഴ്സ് തിയേറ്ററിന് പുറത്തിറങ്ങി. ഡോ. അൻജും എട്ട് മിനിറ്റിന് ശേഷം തിയേറ്റർ അഞ്ചിലേക്ക് തിരികെയെത്തി. ഡോ. അൻജും തിയേറ്ററിൽ നിന്ന് പോയതുകൊണ്ട് രോഗിക്ക് ഒരു ദോഷവും സംഭവിച്ചില്ലെന്നും തുടർന്ന് ശസ്ത്രക്രിയ തടസ്സങ്ങളില്ലാതെ നടന്നെന്നും മോളോയ് കൂട്ടിച്ചേർത്തു.
സംഭവം നേരിട്ട് കണ്ട നഴ്‌സ് ഈ വിവരം തന്റെ മാനേജരെ അറിയിക്കുകയായിരുന്നു. കേസ് ജിഎംസിക്ക് മുമ്പാകെ എത്തുന്നതിന് മുമ്പുതന്നെ ഡോ. അൻജും സംഭവത്തിൽ കുറ്റസമ്മതം നടത്തി. നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് സമ്മതിച്ച അൻജും, രോഗിയുടെ അടുത്ത് നിന്ന് പോകുമ്പോൾ മറ്റേ നഴ്സ് രോഗിയെ നോക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാൽ, തന്റെ പ്രവൃത്തികാരണം രോഗി അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ഡോ. അൻജും 2024 ഫെബ്രുവരിയിൽ ടെയിംസൈഡ് ആശുപത്രി വിട്ട് തന്റെ ജന്മദേശമായ പാകിസ്ഥാനിലേക്ക് താമസം മാറിയതായി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) ഹിയറിംഗിൽ പറഞ്ഞു. എന്നാൽ, യുകെയിൽ തന്റെ കരിയർ പുനരാരംഭിക്കാൻ ആഗ്രഹമുണ്ടെന്നും, ഇത് ഒരു 'ഒറ്റത്തവണത്തെ തെറ്റായ തീരുമാനം' ആയിരുന്നുവെന്നും അത് ആവർത്തിക്കില്ലെന്നും ഡോ. അൻജും ഉറപ്പ് നൽകി.
"പറയാൻ ലജ്ജാകരമായ കാര്യമാണ് ഇത്. എന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചു. ഞാൻ എല്ലാവരെയും നിരാശപ്പെടുത്തി, എന്റെ രോഗിയെയും എന്നെയും മാത്രമല്ല, ആശുപത്രി അധികാരികളെയും ഇത് എങ്ങനെ ബാധിക്കുമെന്നും ഞാൻ ചിന്തിച്ചില്ല. എനിക്ക് വളരെയധികം ബഹുമാനം നൽകിയ എന്റെ സഹപ്രവർത്തകരെ ഞാൻ നിരാശപ്പെടുത്തി." - ഡോ. അൻജും ഹിയറിങ്ങിൽ പറഞ്ഞു.
2023 ജനുവരിയിൽ തന്റെ ഇളയ കുട്ടി ജനിച്ചതിന് ശേഷം തന്റെ കുടുംബത്തിന് 'സമ്മർദ്ദമേറിയ സമയത്തിലൂടെ' കടന്നുപോകേണ്ടി വന്നതിനാലാണ് സംഭവം നടന്നതെന്ന് ഡോ. അൻജും പറഞ്ഞു. "എന്റെ ഭാര്യക്ക് വളരെ വിഷമകരമായ പ്രസവമായിരുന്നു. അത് വളരെ സമ്മർദ്ദകരമായ അനുഭവമായിരുന്നു. ആ സമയത്ത് ഞങ്ങൾക്കിടയിൽ അകൽച്ചയുണ്ടായി. ഇത് എന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും ക്ഷേമത്തെയും ആശുപത്രിയിലെ എന്റെ ജോലിയെയും ബാധിച്ചു."
ഡോ. അൻജുമിന്റെ ദുഷ്പെരുമാറ്റം കാരണം അദ്ദേഹത്തിന്റെ തൊഴിൽപരമായ യോഗ്യത തകരാറിലാണോ എന്നതിനെക്കുറിച്ചുള്ള വാദങ്ങൾ കേൾക്കാൻ പാനൽ വെള്ളിയാഴ്ച വീണ്ടും ചേരും.