ജി20 സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് യുഎസിനെ പ്രതിനിധീകരിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം, വാന്‍സും ദക്ഷിണാഫ്രിക്കയില്‍ എത്തിയേക്കില്ലെന്നാണ് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നത്. വാൻസുമായി അടുത്ത ബന്ധമുള്ള ഒരാളെ ഉദ്ധരിച്ചാണ് എപി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജി20 ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നത് തികച്ചും അപമാനകരമാണെന്ന് ട്രംപ് പറഞ്ഞു. അക്രമം, മരണം, ഭൂമിയും കൃഷിയിടങ്ങളും കണ്ടുകെട്ടല്‍ തുടങ്ങി വെള്ളക്കാരായ ആഫ്രിക്കക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങളെയും ട്രംപ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ആഫ്രിക്കയിലെ വെള്ളക്കാരായ ഡച്ച് കുടിയേറ്റക്കാരുടെ പിന്‍ഗാമികളും ഫ്രഞ്ച് ജന്‍മ്മന്‍ കുടിയേറ്റക്കാരും കൊല്ലപ്പെടുകയും കശാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നതായി ട്രംപ് ആരോപിച്ചു. അവരുടെ ഭൂമിയും കൃഷിയിടങ്ങളും നിയമവിരുദ്ധമായി കണ്ടുകെട്ടപ്പെടുന്നുണ്ടെന്നും ട്രംപ് വിശദമാക്കി.
advertisement
ദക്ഷിണാഫ്രിക്കയില്‍ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നിടത്തോളം ഒരു ഉദ്യോഗസ്ഥനും അവിടെ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും. 2026-ലെ ജി20 ഉച്ചകോടി അമേരിക്കയില്‍, ഫ്‌ളോറിഡയിലെ മിയാമിയിലുള്ള തന്റെ സ്വന്തം ഗോള്‍ഫ് റിസോര്‍ട്ടില്‍ നടത്താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വംഹത്യയെ കുറിച്ചുള്ള ആരോപണങ്ങളാണ് ട്രംപ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മനുഷ്യാവകാശ ഗ്രൂപ്പുകളും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരും ആവര്‍ത്തിച്ച് നിരാകരിച്ച അവകാശവാദങ്ങളാണിവ. വെള്ളക്കാരെ ആക്രമിക്കുന്നതായുള്ള ട്രംപിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്ക തള്ളി.
ഈ വര്‍ഷം ആദ്യം നടന്ന ഒരു കൂടിക്കാഴ്ചയില്‍ വെളുത്ത വര്‍ഗ്ഗക്കാരായ കര്‍ഷകര്‍ക്കെതിരായ വിവേചനം സംബന്ധിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ ട്രംപിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
വര്‍ണ്ണ വിവേചനം അവസാനിച്ചതിന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കറുത്ത വര്‍ഗ്ഗക്കാരേക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരം വെള്ളക്കാര്‍ ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നാണ് ട്രംപിന്റെ വാദം.
ഈ വര്‍ഷം ആദ്യം യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവേശനം പ്രതിവര്‍ഷം 7500 ആക്കി കുറയ്ക്കാനുള്ള പദ്ധതി ട്രംപ് പ്രഖ്യാപിച്ചിരുന്നു. വിവേചനവും അക്രമവും നേരിടുന്ന വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും ട്രംപ് തീരുമാനിച്ചു.
നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. അമേരിക്ക ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ചുമത്തി. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിനെതിരെ വംശഹത്യ കേസ് ഫയല്‍ ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു.
അടുത്തിടെ മിയാമിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ജി20-യില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കണമെന്ന ആവശ്യവും ട്രംപ് വ്യക്തമാക്കി.
