ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മംദാനി തന്റെ വിജയപ്രസംഗത്തിൽ ട്രംപിനെ നേരിട്ട് വെല്ലുവിളിച്ചതിന് ശേഷമാണ് ട്രംപ് തന്റെ ഔദ്യോഗിക ട്യൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചത്. "അങ്ങനെ ഇത് തുടങ്ങുന്നു" എന്ന കമന്റാണ് അദ്ദേഹം പങ്കുവെച്ചത്.
വിജയത്തിന് പിന്നാലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപിനെ മംദാനി വെല്ലുവിളിച്ചത്. "ഡൊണാൾഡ് ട്രംപ് നിങ്ങൾ ഇത് കാണുന്നുണ്ടെന്ന് എനിക്ക് അറിയാം. എനിക്ക് നിങ്ങളോട് നാല് വാക്കുകൾ പറയാനുണ്ട്. ആ ശബ്ദമൊന്നു ഉയർത്തൂ (Turn the volume up)," മംദാനി പറഞ്ഞു. "ഡൊണാൾഡ് ട്രംപ് വഞ്ചിച്ച ഒരു രാജ്യത്ത് അദ്ദേഹത്തെ ഏങ്ങനെ പരാജയപ്പെടുത്താമെന്ന് ആർക്കെങ്കിലും കാണിച്ചുതരാൻ കഴിയുമെങ്കിൽ അത് അദ്ദേഹത്തെ വളർത്തിയ നഗരമാണ്," മംദാനി തന്റെ അനുയായികളോട് പറഞ്ഞു. ഒരു സേച്ഛാധിപതിയെ ഭയപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അത് അദ്ദേഹത്തിന് അധികാരം നേടിയെടുക്കാൻ അനുവദിച്ച സാഹചര്യങ്ങൾ തന്നെ പൊളിച്ചുമാറ്റുന്നതിലൂടെയാണ്. ഇത് ട്രംപിനെ തടയുക മാത്രമല്ല, അടുത്തതിനെ തടയുക കൂടിയാണ് നമ്മൾ ചെയ്യുന്നത്, മംദാനി പറഞ്ഞു.
advertisement
മേയറും ട്രംപും തമ്മില്‍ ഉയർന്ന രാഷ്ട്രീയ ഏറ്റുമുട്ടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ ഒരു തുറന്ന സൂചനയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും സ്വേച്ഛാധിപത്യ പ്രവണതകളെയും എതിർക്കുന്നത് തന്റെ ഭരണകൂടത്തിന്റെ കേന്ദ്രബിന്ദുവാക്കുമെന്ന് മംദാനി വ്യക്തമാക്കി. അതേസമയം, മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനുവരിയിൽ ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ചൊവ്വാഴ്ച നടന്ന മൂന്ന് പ്രധാന തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റ് സ്ഥാനാർഥികൾക്കാണ് വിജയം. അടുത്ത വർഷം നടക്കാനിരിക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പുതിയ തലമുറ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനും പ്രതിസന്ധിയിലായ പാർട്ടിക്ക് പുതിയ ഊർജം പകരാനും ഈ വിജയങ്ങൾ ഡെമോക്രാറ്റിക് പാർട്ടിയെ സഹായിച്ചിട്ടുണ്ട്.
ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം തന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ അധികാരങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് നേരെ തിരിച്ചുവിട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് കോൺഗ്രസ് നേതാക്കളെയും ന്യൂയോർക്ക് സിറ്റിയെയും ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കങ്ങളിൽ ട്രംപ് ഭരണകൂടം മുമ്പും ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ട്. എങ്കിലും ഇതിനിടയിൽ പോരാടാനാണ് തീരുമാനമെന്ന് മംദാനി തന്റെ നിലപാട് വ്യക്തമാക്കി പറഞ്ഞു.
