പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പൊട്ടിപ്പുറപ്പെട്ട രൂക്ഷമായ ഏറ്റുമുട്ടലുകളെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ താൻ നീങ്ങുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന ദൗത്യത്തിനായി ഇസ്രായേലിലേക്ക് പുറപ്പെടും മുൻപ് എയർഫോഴ്സ് വണ്ണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ താൻ മിടുക്കനാണെന്നും പ്രസിഡന്റായ ശേഷം താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമാണ് ഇസ്രായേൽ-ഹമാസ് വെടിനിർത്തലെന്നും ട്രംപ് അവകാശപ്പെട്ടു. .
advertisement
"പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇപ്പോൾ ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. എന്നാൽ ഞാൻ തിരിച്ചുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഇപ്പോൾ മറ്റൊന്ന് ചെയ്യുകയാണ്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും എനിക്ക് മിടുക്കുണ്ട്," ട്രംപ് പറഞ്ഞു.
വ്യക്തിപരമായ അംഗീകാരത്തേക്കാൾ മാനുഷിക ലക്ഷ്യങ്ങളാലാണ് തന്റെ നയതന്ത്ര ശ്രമങ്ങൾ നയിക്കപ്പെടുന്നതെന്ന് സമാധാനത്തിനുള്ള നോബൽ സമ്മാനം പരാമർശിച്ചുകൊണ്ട് അദ്ദേം പറഞ്ഞു. അത് ചെയ്യാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും ദശലക്ഷക്കണക്കിന് ജീവൻ താൻ രക്ഷിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതായി ഇരുവിഭാഗങ്ങളെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. കാബൂളിൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ശക്തമായ ഏറ്റുമുട്ടലാണിത്. ഏറ്റുമുട്ടലിൽ തങ്ങളുടെ 23 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു. അഫ്ഗാൻ ഭാഗത്ത് ഒമ്പത് പേർ കൊല്ലപ്പെട്ടതായി താലിബാനും പറഞ്ഞു.