ചാരവും പുകയും അന്തരീക്ഷത്തില്‍ ഉയര്‍ന്നതോടെ ഇന്ത്യയിലെ വ്യോമഗതാഗതം തടസപ്പെട്ടു. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കാനും വഴിതിരിച്ചുവിടാനും ഇതോടെ നിര്‍ബന്ധിതരായി. ഇന്ത്യ, പാക്കിസ്ഥാന്‍, ഏഷ്യന്‍ രാജ്യങ്ങള്‍, ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കെല്ലാം ചാരം നിറഞ്ഞ മേഘങ്ങളും പുകയും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ വ്യോമയാന അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അഗ്നിപര്‍വത സ്‌ഫോടനത്തിനുശേഷം ബാധിക്കപ്പെട്ട മേഖലകളും വിമാനത്താവളങ്ങളും ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പ് നല്‍കി. അഗ്നിപര്‍വതത്തില്‍ നിന്നുയരുന്ന ചാരം കലര്‍ന്ന പുക മൂലമുണ്ടാകുന്ന തടസങ്ങളെ കുറിച്ചും കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആകാശ എയര്‍, ഇന്‍ഡിഗോ, കെഎല്‍എം തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
advertisement
അഗ്നിപര്‍വത സ്‌ഫോടനം ഒരു വിമാന സര്‍വീസിനെയും ബാധിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ ചാരം നിറഞ്ഞ മേഘങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ചാര മേഘങ്ങള്‍ ആ പ്രദേശത്തുകൂടിയുള്ള സര്‍വീസിനെ ബാധിച്ചേക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ദുബായിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഫ്ളൈറ്റ് സ്റ്റാറ്റസുകള്‍ പരിശോധിക്കാനും കമ്പനി നിര്‍ദ്ദേശിച്ചു.
സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുന്‍ഗണനയെന്നും ആകാശ എയര്‍ അറിയിച്ചിട്ടുണ്ട്. എത്യോപ്യയിലെ അഗ്നിപര്‍വത സ്‌ഫോടനം ചില അന്താരാഷ്ട്ര റൂട്ടുകളെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റിഫ്റ്റ് വാലിയിലാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. ആകാശത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തോളം കറുത്ത പുക ഉയര്‍ന്നു. ചുറ്റുമുള്ള പ്രദേശം ചാരവും പുകയും മൂടിയിരുന്നു. സ്‌ഫോടനം ഇപ്പോള്‍ നിലച്ചെങ്കിലും ചാരം നിറഞ്ഞ പുക ഇന്ത്യയുടെ വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ട്. കാലാവസ്ഥ ഏജന്‍സികള്‍ ചാരപുകയുടെ പാത നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.
