എന്നാൽ, ഈ വർഷം ഇതിനുമുമ്പ് ഇരുവരും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ റൂബിയോ ചുമതലയേറ്റതിന് തൊട്ടുപിന്നാലെ വാഷിംഗ്ടണിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇരുവരും ആദ്യമായി കണ്ടത്. ജൂലൈയിൽ നടന്ന രണ്ടാമത്തെ ക്വാഡ് യോഗത്തിലും ഇവർ പങ്കെടുത്തു.
വാഷിംഗ്ടണിൽ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ ഉഭയകക്ഷി ചർച്ച നടന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനത്തിൽ മാറ്റം വന്നതിന് ശേഷം വ്യാപാര ചർച്ചകൾ പുനരാരംഭിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കാൻ തൻ്റെ ടീം ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു.
advertisement
ഈ മാസം ആദ്യം, ഇന്ത്യയുമായി ഒരു വ്യാപാര കരാറിൽ എത്തുമെന്ന ശുഭാപ്തിവിശ്വാസം ട്രംപ് പ്രകടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ചർച്ചകൾ "ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുമെന്ന്" പ്രതികരിച്ചു.
ജയശങ്കർ-റൂബിയോ ചർച്ചയുടെ അജണ്ട പരസ്യമാക്കിയിട്ടില്ല. എങ്കിലും, ട്രംപ് H-1B വിസകൾക്ക് പ്രതിവർഷം 100,000 ഡോളർ പുതിയ അപേക്ഷാ ഫീസ് ഏർപ്പെടുത്തി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഈ ചർച്ച എന്നതിനാൽ ഇതിന് വളരെ പ്രാധാന്യമുണ്ട്. H-1B വിസ ലഭിക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ ഈ നീക്കം അവരെ സാരമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഈ ആഴ്ച നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ജയശങ്കർ ഞായറാഴ്ചയാണ് ന്യൂയോർക്കിൽ എത്തിയത്. ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി തെരേസ സി ലസാറോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഈ വർഷത്തെ യുഎൻ പൊതുസഭ യുഎന്നിന്റെ 80-ാം വാർഷികാഘോഷം, സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിളിച്ചുചേർത്ത കാലാവസ്ഥാ ഉച്ചകോടി, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബെയ്ജിംഗ് പ്രഖ്യാപനത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന യോഗം തുടങ്ങിയ നിരവധി ഉന്നതതല പരിപാടികളുമായി ഒത്തുചേർന്നാണ് നടക്കുന്നത്.