2015ലാണ് ഇദ്ദേഹത്തിന് നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമായ എഎൽഎസ് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 23നാണ് സ്റ്റെൻട്രോഡ് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) ഉപയോഗിച്ച് തന്റെ നേരിട്ടുള്ള ചിന്തയെ ഫിലിപ്പ് അക്ഷരങ്ങളാക്കി മാറ്റിയത്. കാലിഫോർണിയ ആസ്ഥാനമായുള്ള ന്യൂറോവാസ്കുലർ ബയോഇലക്‌ട്രോണിക്‌സ് മെഡിസിൻ കമ്പനിയായ സിൻക്രോൺ ആണ് ഈ ഉപകരണം നിർമ്മിച്ചത്. രോഗികളെ അവരുടെ ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കാൻ സഹായിക്കുന്ന ഉപകരണമാണിത്.
'ഈ സാങ്കേതികവിദ്യയെക്കുറിച്ച് ആദ്യമായി കേട്ടപ്പോൾ തന്നെ ഇത് എനിക്ക് എത്രത്തോളം സ്വാതന്ത്ര്യം നൽകുമെന്ന് എനിക്കറിയാമായിരുന്നു' ഫിലിപ്പ് ഒകീഫ് പറഞ്ഞു. 'ഈ സംവിധാനം വളരെ അതിശയകരമാണ്. എന്നാൽ ഇത് പഠിച്ചെടുക്കുന്നതിന് പരിശീലനം ആവശ്യമാണ്. ഇത് ഒരു ബൈക്ക് ഓടിക്കാൻ പഠിക്കുന്നത് പോലെയാണ്. എന്നാൽ ഇത് പഠിച്ചെടുത്താൻ പിന്നെ എല്ലാം വളരെ എളുപ്പമായി തോന്നും' അദ്ദേഹം പറഞ്ഞു.
advertisement
'ഇപ്പോൾ, കമ്പ്യൂട്ടറിൽ എവിടെയാണ് ക്ലിക്ക് ചെയ്യേണ്ടതെന്ന് ഞാൻ ചിന്തിക്കുന്നു. ഇത് ഉപയോഗിച്ച് എനിക്ക് ഇമെയിൽ ചെയ്യാനും ബാങ്ക് ഇടപാടുകൾ നടത്താനും ഷോപ്പിംഗ് നടത്താനും ട്വിറ്റർ വഴി ലോകത്തിന് സന്ദേശമയയ്‌ക്കാനും കഴിയും.' ഒകീഫ് പറഞ്ഞു.
ഈ വാർത്ത പങ്കിടാൻ, #HelloWorldBCI എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സിൻക്രോൺ സിഇഒ തോമസ് ഓക്‌സ്‌ലിയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഒകീഫ് ആദ്യ സന്ദേശം അയച്ചത്. സ്വാതന്ത്ര്യം വീണ്ടെടുത്തതായി തോന്നുന്നുവെന്നും ആ അനുഭവം ലോകവുമായി പങ്കുവയ്ക്കുകയും ഭാവിയിലേക്കുള്ള പ്രചോദനം നൽകുകയുമാണ് ലക്ഷ്യമെന്നും ഒകീഫ് വ്യക്തമാക്കി.
'ചിന്തകളിലൂടെ ആളുകൾക്ക് ട്വീറ്റ് ചെയ്യാൻ ഞാൻ വഴിയൊരുക്കുമെന്നാണ് എന്റെ പ്രതീക്ഷ' എന്നാണ് അദ്ദേഹം അവസാനമായി കുറിച്ചത്. എഎൽഎസ് ബാധിച്ചതിനെ തുടർന്ന് ശരീരം തളർന്നു പോയ ഒകീഫിന്റെ തലച്ചോറിൽ 2020 ഏപ്രിലിലാണ് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് സ്ഥാപിച്ചത്. അതിനുശേഷം അദ്ദേഹം തന്റെ കുടുംബവുമായും സഹപ്രവർത്തകരുമായും സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ ആശയവിനിമയം നടത്താൻ ആരംഭിച്ചു. ഇമെയിലുകൾ അയയ്ക്കുകയും തന്റെ കൺസൾട്ടൻസിയിലും മറ്റ് ബിസിനസ്സ് പ്രോജക്റ്റുകളിലും സജീവമായി ഇടപെടാനും തുടങ്ങി.
പക്ഷാഘാതം മൂലം ശാരീരിക ചലനങ്ങൾ സാധ്യമാകാത്ത ഫിലിപ്പ് ഒക്കീഫിനെപ്പോലുള്ള ആളുകൾക്ക് ബിസിഐ നൽകുന്നത് പുത്തൻ പ്രതീക്ഷയും സ്വാതന്ത്രവുമാണെന്ന് കമ്പനി എടുത്തുകാണിക്കുന്നു. 'അടുത്ത വർഷം അമേരിക്കയിലെ ആദ്യത്തെ ഇൻ-ഹ്യൂമൻ പഠനത്തിൽ ഞങ്ങളുടെ ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസായ സ്റ്റെൻട്രോഡ് കൂടുതൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നതായും.' സിൻക്രോൺ വ്യക്തമാക്കി.