അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന് മംദാനിയുടെ വിജയം ഒരു നിർണായകമായ കാര്യമാണ്. ഇതോടെ ആദ്യത്തെ മുസ്ലീം മേയർ, ഒരു നൂറ്റാണ്ടിലേറെയായി ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും അദ്ദേഹത്തിന് ലഭിച്ചു. പുരോഗമന ചിന്താഗതി പുലർത്തുന്ന നേതൃത്വത്തിനായുള്ള വോട്ടർമാരുടെ വർധിച്ചുവരുന്ന താത്പര്യത്തെ ഈ ഫലം അടിവരയിടുന്നു.
സൊഹാറാൻ മംദാനിയെക്കുറിച്ച് അഞ്ച് കാര്യങ്ങൾ
1. ഉഗാണ്ടയിലെ കമ്പാലയിലാണ് മംദാനിയുടെ ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അക്കാദമിക്, കലാരംഗത്തുനിന്നുള്ളവരായിരുന്നു. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം കുടുംബത്തോടൊപ്പം ന്യൂയോർക്ക് സിറ്റിയിൽ എത്തി. ക്വീൻസിലാണ് അവർ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് മഹ്‌മൂദ് അക്കാദമിക് രംഗത്ത് വിദഗ്ധനാണ്. അമ്മ ചലച്ചിത്ര പ്രവർത്തകയായ മീര നായരാകട്ടെ സിനിമാ മേഖലയിലെ പ്രശസ്ത വ്യക്തിത്വമാണ്. യുഎസിൽ നിന്ന് വിദ്യാഭ്യാസം നേടിയ മംദാനി പിന്നീട് അടിത്തട്ടിലുള്ള സംഘടനാ പ്രവർത്തനത്തിലൂടെ പ്രാദേശിക രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
advertisement
2. മംദാനിയുടെ പിതാവ് മഹ്‌മൂദ് മംദാനിയുടെ കുടുംബം ഗുജറാത്തിൽ നിന്നുള്ളവരാണ്. മുംബൈയിലാണ് മഹ്‌മൂദ് മംദാനി ജനിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം ഉഗാണ്ടയിലേക്ക് പോയി. സൊഹ്‌റാന്‍ മംദാനിയുടെ അമ്മ മീരാ നായർ പഞ്ചാബി ഹിന്ദു വംശജയാണ്. Nayyar എഴുതുന്ന വിവിധ രീതികളിൽ ഒന്നുമാത്രമാണ് Nair. ഇതിനാൽ ഇവർ മലയാളി എന്ന് ധരിച്ചവർ പലരുണ്ട്. സലാം ബോംബെ, മിസിസിപ്പി മസാല തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തതിലൂടെ അവർ പ്രശസ്തയാണ്. സൊഹാറാന് ഏഴ് വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് താമസം മാറ്റിയത്.
3. സൊഹ്‌റാന്‍ മംദാനി സിറിയൻ-അമേരിക്കൻ കലാകാരിയും ചിത്രകാരിയും സെറാമിസ്റ്റിസ്റ്റുമായ രാമ ദുവാജിയെയാണ് വിവാഹം കഴിച്ചത്. 2021ൽ ഡേറ്റിംഗ് ആപ്പായ ഹിംഗിൽ കൂടിയാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. 2024 ഒക്ടോബറിൽ വിവാഹനിശ്ചയം കഴിഞ്ഞു. ഈ വർഷം ആദ്യം ന്യൂയോർക്ക് സിറ്റി ക്ലാർക്കിന്റെ ഓഫീസിൽവെച്ച് അവർ വിവാഹിതരായി.
4. മേയറായി മത്സരിക്കുന്നതിന് മുമ്പ് ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിൽ മംദാനി അസ്‌റ്റോറിയയെയാണ് പ്രതിനിധീകരിച്ചത്. അവിടെ അദ്ദേഹം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ ഭാഗമായി ശ്രദ്ധ നേടി. യാത്രാക്കൂലി ഈടാക്കാത്ത പൊതു ബസുകൾ, സാർവത്രിക ശിശു പരിപാലനം, വാടക നൽകുന്നവരുടെ വിപുലീകരിച്ച അവകാശങ്ങൾ, ഉയർന്ന മിനിമം വേതനം തുടങ്ങിയ നയങ്ങൾക്കായി അദ്ദേഹം വാദിച്ചു. കൂടുതൽ സുന്ദരവും താങ്ങാനാവുന്നതുമായ ഒരു നഗരം കെട്ടിപ്പടുക്കുക എന്നതായിരുന്നു അദ്ദേഹതിന്റെ പ്രചാരണങ്ങളുടെ പ്രധാന സന്ദേശം.
5. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ റാപ്പ് സംഗീത മേഖലയിലേക്ക് കടന്നു. യംഗ് കാർഡമം, മിസ്റ്റർ കാർഡമം തുടങ്ങിയ പേരുകളിലാണ് പരിപാടികൾ അവതരിപ്പിച്ചത്. 2016ൽ ഉഗാണ്ടൻ റാപ്പറായ എച്ച്എബിയുമായി ചേർന്ന് വിവിധ ഭാഷകളിലായി ഇപി സിദ്ദ മുക്യാലോ പുറത്തിറക്കി. അതിൽ ആറ് ഭാഷകളിലായി ആറ് ട്രാക്കുകൾ ഉൾപ്പെടുന്നു. അമ്മ മീരാ നായർ സംവിധാനം ചെയ്ത ക്വീൻ ഓഫ് കാറ്റ് വെ എന്ന ചിത്രത്തിലും അദ്ദേഹം സംഗീതപരമായുള്ള സംഭാവനകൾ നൽകി.
