സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് വനിതാ പൈലറ്റ് മദ്യം കഴിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോക്‌ഹോമില്‍ നിന്നുള്ള വിമാനം റദ്ദാക്കി. വിമാനം പറന്നുയരുന്നതിനു മുമ്പ് നടത്തിയ ബ്രെത്ത്അലൈസര്‍ പരിശോധനയിലാണ് പൈലറ്റ് മദ്യം കഴിച്ചതായി കണ്ടെത്തിയത്. ഇതോടെ സ്‌റ്റോക്ക്‌ഹോമില്‍ നിന്നും ന്യൂയോര്‍ക്ക് ജെഎഫ്‌കെയിലേക്കുള്ള ഡെല്‍റ്റ ഫ്ളൈറ്റ് 205 റദ്ദാക്കുകയായിരുന്നു.
അമേരിക്കന്‍ വനിതാ പൈലറ്റാണ് റാന്‍ഡം ആല്‍ക്കഹോള്‍ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന പൈലറ്റുമാര്‍ക്കും കാബിന്‍ ജീവനക്കാര്‍ക്കും ആല്‍ക്കഹോള്‍ പരിശോധന നടത്തണമെന്നാണ് നിബന്ധന.
advertisement
പൈലറ്റിന്റെ പ്രവൃത്തി കാരണം നേരിട്ട അസൗകര്യത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് 705 ഡോളര്‍ വീതം വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കും. ഓരോ യാത്രക്കാരനും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനെടുത്ത കാലതാമസം വിമാനത്തിന്റെ ദൂരം എന്നിവ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം കണക്കാക്കിയിട്ടുള്ളത്. ആകെ 198 യാത്രക്കാരാണ് യുഎസിലേക്ക് പറക്കാനായി ഉണ്ടായിരുന്നത്. അതായത് ഇവര്‍ക്കെല്ലാം കൂടി മൊത്തം 1,39,590 ഡോളര്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കേണ്ടിവരും. യാത്രക്കാരുടെ താമസത്തിനും ഭക്ഷണത്തിനുമായി നല്‍കേണ്ടതിനേക്കാള്‍ അധികമാണിത്.
ഈ സര്‍വീസ് റദ്ദാക്കിയതോടെ ഇതേ വിമാനത്തിന്റെ ഫോളോ ഓണ്‍ സര്‍വീസുകള്‍ക്കും തടസം നേരിട്ടു. ഇതുമൂലമുണ്ടായ നഷ്ടവും വിമാനക്കമ്പനി വഹിക്കേണ്ടി വരും. സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് പൈലറ്റുമാരും ജീവനക്കാരും മദ്യപിച്ചെത്തുന്നത് വിമാക്കമ്പനികള്‍ പൊതുവേ നേരിടുന്ന ഒരു പ്രശ്‌നമാണ്. കുറച്ചുമാസം മുമ്പ് ആംസ്റ്റര്‍ഡാമിലേക്കുള്ള ഇതേ വിമാനത്തില്‍ രണ്ട് ജീവനക്കാര്‍ മദ്യപിച്ചെത്തിയതായി ബ്രെത്ത്അലൈസര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2023-ല്‍ ക്യാപ്റ്റന്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിമാനവും റദ്ദാക്കേണ്ടി വന്നു.
യുഎസില്‍ വാണിജ്യ വിമാന പൈലറ്റുമാര്‍ മദ്യം കഴിച്ചാല്‍ 8 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം മാത്രമേ വിമാനം പറത്താന്‍ പാടുള്ളുവെന്നാണ് നിയമം. അവരുടെ രക്തത്തിലെ ആല്‍ക്കഹോള്‍ പരിധി .04 ആയിരിക്കണം. പൈലറ്റുമാരും ക്യാപ്റ്റന്‍ പദവിയിലുള്ളവരും വിമാനത്തിലെ ജീവനക്കാരും മദ്യപിച്ചെത്തുന്നത് ഒരു പ്രധാന ആശങ്കയാണ്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി എയര്‍ലൈനുകള്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
സെക്യുരിറ്റി ചെക്ക്‌പോയിന്റില്‍ മദ്യത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഒരു സൗസ്സ്‌വെസ്റ്റ് പൈലറ്റിനെ അറസ്റ്റു ചെയ്തിരുന്നു. 2019-ല്‍ ലഹരി ഉപയോഗിച്ചതിന് ഗ്ലാസ്‌ഗോയില്‍ നിന്നും ന്യൂവാര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന രണ്ട് പൈലറ്റുമാരെ അറസ്റ്റു ചെയ്തു. മറ്റൊരു സംഭവത്തില്‍ പൈലറ്റ് മദ്യപിച്ചതിനാല്‍ യാത്രക്കാരെ മുഴുവനും വിമാനത്തില്‍ കയറ്റിയ ശേഷവും ഡെല്‍റ്റ വിമാനം റദ്ദാക്കേണ്ടി വന്നു. ഒരിക്കല്‍ ലണ്ടനില്‍ നിന്നുള്ള യുണൈറ്റഡ് വിമാനത്തില്‍ ഒരു എയര്‍ മാര്‍ഷല്‍ മദ്യപിച്ചതായി കണ്ടെത്തി. അദ്ദേഹത്തെ വിമാനത്തിൽ നിന്നും മാറ്റേണ്ടി വന്നതിനാൽ ഇത് വിമാനം വൈകാന്‍ കാരണമായി.