ഫ്രഞ്ച് പാര്‍ലമെന്റിലെ രണ്ട് സഭകളിലും വോട്ടിനിട്ട ബില്ല് അതിവേഗത്തിലാണ് പാസായത്. ഫ്രാന്‍സില്‍ ഭരണഘടനാ ഭേദഗതി നടത്തുന്നതിന് അഞ്ചില്‍ മൂന്ന് ഭൂരിപക്ഷമാണ് വേണ്ടത്. പാരീസിലെ തെക്കു പടിഞ്ഞാറുള്ള വെര്‍സൈല്‍സ് കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന എംപിമാരുടെ പ്രത്യേക സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. നിയമനിര്‍മാണ പ്രക്രിയയുടെ അവസാനഘട്ടമായിരുന്നു അത്. ഫ്രഞ്ച് സെനറ്റും ദേശീയ അസംബ്ലിയും ഈ വര്‍ഷമാദ്യം ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു.
ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി ഉറപ്പുനല്‍കുന്നുണ്ടെന്ന് ഭേദഗതി പറയുന്നു. ഗര്‍ഭച്ഛിദ്രത്തെ അവകാശം എന്ന് വ്യക്തമായി വിളിക്കാന്‍ ശക്തമായ ഭാഷ വേണമെന്ന് ചില സംഘടനകളും എംപിമാരും ആവശ്യപ്പെട്ടിരുന്നു.
advertisement
പ്രത്യുത്പാദന അവകാശങ്ങള്‍ക്ക് വ്യക്തമായ പിന്തുണ നല്‍കാനുള്ള ഫ്രാന്‍സിന്റെ ചരിത്രപരമായ തീരുമാനമാണിതെന്ന് എംപിമാര്‍ പ്രശംസിച്ചു.
നിയമം പാര്‍ലമെന്റ് അംഗീകരിച്ചതോടെ പാരീസിലെ ഈഫല്‍ ടവറില്‍ 'എന്റെ ശരീരം, എന്റെ അവകാശം' എന്ന വാക്കുകള്‍ തെളിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താൻ കഴിയാതിരുന്ന സ്ത്രീകളോട് ധാര്‍മികമായ കടം വീട്ടാനുള്ള അവസരമാണ് എംപിമാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് വോട്ടെടുപ്പിന് മുന്നോടിയായി ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍ പറഞ്ഞു. ''എല്ലാറ്റിനും ഉപരിയായി നമ്മള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു സന്ദേശം കൈമാറുകയാണ്, നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനിതാ ദിനം ആഘോഷിക്കുന്ന മാര്‍ച്ച് എട്ട്, വെള്ളിയാഴ്ച ഭേദഗതി പാസാക്കിയത് ആഘോഷിക്കുന്നതിനായി ഒരു ഔപചാരിക ചടങ്ങ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
1975-ലാണ് ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം ആദ്യമായി നിയമവിധേയമാക്കിയത്. അന്നത്തെ ആരോഗ്യമന്ത്രിയും രാജ്യത്തെ പ്രശസ്ത ഫെമിനിസ്റ്റ് നേതാവുമായ സൈമന്‍ വെയിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കിയത്. ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം പരക്കെ പിന്തുണയ്ക്കപ്പെടുമ്പോഴും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അത് വളരെ ഭിന്നിപ്പിക്കുന്ന വിഷയമാണ്.
ഫ്രാന്‍സിലെ ഇടതുപക്ഷ വിഭാഗത്തിന് വ്യക്തമായ വിജയമാണ് ഭേദഗതി പാസാക്കിയതിലൂടെ ലഭിച്ചിരിക്കുന്നത്. ഭരണഘടനയില്‍ ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വര്‍ഷങ്ങളായി അവരുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
2022-ന് മുമ്പ് ഇമ്മാനുവേല്‍ മാക്രോണ്‍ സര്‍ക്കാരും ഈ നീക്കം അനാവശ്യമാണെന്ന് വാദിച്ചിരുന്നു. 2022-ലാണ് യുഎസ് സുപ്രീം കോടതിയുടെ വിഖ്യാതമായ വിധി ഈ വിഷയത്തില്‍ വന്നത്. വിഷയത്തില്‍ രാജ്യങ്ങള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
1958-ല്‍ അഞ്ചാം റിപ്പബ്ലിക് സ്ഥാപിതമായതിന് ശേഷം ഫ്രഞ്ച് സര്‍ക്കാര്‍ അതിന്റെ ഭരണഘടനയില്‍ വരുത്തുന്ന 25-ാമത്തെ ഭേദഗതിയാണിത്. ഭേദഗതിക്കെതിരേ എതിര്‍പ്പ് അറിയിച്ച് കത്തോലിക്ക സഭ രംഗത്തുവന്നിരുന്നു. വ്യാഴാഴ്ച നടന്ന ഫ്രഞ്ച് ബിഷപ്പുമാരുടെ സമ്മേളനവും ഭേദഗതിക്കെതിരായ സഭയുടെ എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു.