പാന്‍ക്രിയാറ്റിക് അര്‍ബുദമായിരുന്നു അദ്ദേഹത്തിന്. തുടര്‍ന്ന് ദീര്‍ഘാകാലം നീണ്ട പോരാട്ടത്തിനൊടുവിലാണ് അന്ത്യം. ബുധാനാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ എക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവന്നത്.
കഴിഞ്ഞയാഴ്ച ഫ്രാങ്ക് കാപ്രിയോ ഫേസ്ബുക്കില്‍ ചെറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ രോഗത്തെ കുറിച്ച് പങ്കുവെച്ചുള്ളതായിരുന്നു ആ വീഡിയോ. തനിക്ക് തിരിച്ചടി നേരിട്ടതായും ആശുപത്രിയില്‍ തിരിച്ചെത്തിയതായും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ തന്നെ ഓര്‍ക്കണമെന്നും അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെട്ടു.
ഏറെക്കാലം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ 'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന ഷോയുടെ അവതാരകനായുമായിരുന്നു കാപ്രിയോ. ഈ ഷോ ഒരു വൈറല്‍ പരിപാടിയായിരുന്നു. കോടതിമുറിയിലാണ് കാപ്രിയോയുടെ ഷോ ചിത്രീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ നര്‍മ്മവും അനുകമ്പയുമൊക്കെ ആ ഷോയില്‍ നിറഞ്ഞുനിന്നു. ഷോയില്‍ നിന്നുള്ള ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ബില്യണിലധികം കാഴ്ചക്കാരെ നേടി.
advertisement
1936-ല്‍ റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലാണ് കാപ്രിയോ ജനിച്ചത്. അദ്ദേഹത്തിന്റേത് ഒരു ഇറ്റാലിയന്‍-അമേരിക്കന്‍ കുടുംബമായിരുന്നു. വളരെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന കാപ്രിയോ മാതാപിതാക്കളുടെ മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം പ്രൊവിഡന്‍സില്‍ ചെലവഴിച്ചു. അവിടെതന്നെ അദ്ദേഹം ചിഫ് മുനിസിപ്പല്‍ ജഡ്ജിയായി സേവനമുഷ്ഠിച്ചു. 1985 മുതല്‍ 2023-ല്‍ വിരമിക്കുന്നതുവരെ കാപ്രിയോ പ്രൊവിഡന്‍സ് മുനിസിപ്പല്‍ കോടതിയുടെ ചീഫ് ജഡ്ജിയായിരുന്നു. ഏകദേശം 40 വര്‍ഷം നീണ്ട ജുഡീഷ്യല്‍ ജീവിതം.
അമേരിക്കയിലെ ഏറ്റവും നല്ല ന്യായാധിപന്‍ എന്നാണ് കാപ്രിയോ പരക്കെ അറിയപ്പെടുന്നത്. സഹാനുഭൂതിയോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ കോടതിമുറിയിലെ പെരുമാറ്റങ്ങള്‍ വ്യാപകമായി ശ്രദ്ധനേടി. കോടതിയിലെത്തുന്ന വ്യക്തികളോട് അദ്ദേഹം വാത്സല്യവും കരുണയും കാണിച്ചു. ചെറിയ കുറ്റകൃത്യങ്ങള്‍ പലപ്പോഴും മനുഷ്യത്വപരമായ സമീപനത്തിലൂടെ അദ്ദേഹം തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ അനുകമ്പ നിറഞ്ഞ പെരുമാറ്റം ജഡ്ജിയെന്ന നിലയില്‍ ഏവരുടെയും ആദരവ് നേടിക്കൊടുത്തു.
ചെറിയ കുറ്റകൃത്യങ്ങള്‍ എളിമയോടെ കൈകാര്യം ചെയ്യുന്നതായി കാണിച്ച 'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' ടിവി ഷോയിലൂടെ കാപ്രിയോ ഓണ്‍ലൈനില്‍ തരംഗമായി മാറി. ഷോയുടെ ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിച്ചു. നിരവധി ആരാധകര്‍ ഷോയ്ക്കുണ്ടായി. 2018 മുതല്‍ 2020 വരെയായിരുന്നു ഷോ.
"സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ചര്‍ച്ചകളില്‍ ദയ, നീതി, കാരുണ്യം എന്നിവ പ്രയോഗിച്ചുകൊണ്ട് വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ആളുകള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ വളരെ കലഹപ്രിയമായ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്", അദ്ദേഹം 2017-ല്‍ പറഞ്ഞു. നമുക്ക് അടിച്ചമര്‍ത്താതെ നീതി നടപ്പാക്കാന്‍ കഴിയുമെന്ന് ആളുകള്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ക്കെതിരെ വിധി പ്രസ്താവിക്കാന്‍ കുട്ടികളെ ബെഞ്ചിലേക്ക് വിളിക്കുന്ന കോടതി രംഗങ്ങളാണ് അദ്ദേഹത്തിന്റെ ഷോയില്‍ ഏറ്റവും വൈറലായിട്ടുള്ളത്. നര്‍മ്മയും ചിന്തയും നീതിയും കലര്‍ന്ന ഈ വീഡിയോകളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അത്തരത്തിലുള്ള ഒരു വീഡിയോയില്‍ മകന്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയെ അനുകമ്പയോടെ കേള്‍ക്കുന്ന ദൃശ്യങ്ങളുണ്ട്. 400 ഡോളര്‍ പിഴയില്‍ നിന്ന് അദ്ദേഹം അവരെ ഒഴിവാക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഷോയില്‍ ഉണ്ടായിരുന്നു.