ഒരു ഭാഗത്ത് ആക്രമണം അനന്തമായി നീളുമ്പോൾ വെടിമരുന്ന് മണക്കുന്ന ഗാസയിലെ നഗരമായ ഖാൻ യൂനിസിൽ ഒരാൾ ഒരുപാട് പേർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിൻെറ തിരക്കിലാണ്. ഒരു വലിയ ടേബിൾ ഇട്ട് അതിൽ പച്ചക്കറികളും മറ്റും നുറുക്കുന്നു. വലിയ പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്ത് തുടങ്ങിയിരിക്കുന്നു. ഹമാദ ഷഖ്വോറയെന്ന 32കാരനായ ഫുഡ് വ്ലോഗറാണ് വിശക്കുന്ന കുഞ്ഞുങ്ങൾക്കായി ഭക്ഷണം ഒരുക്കുന്നത്.
പാലസ്തീൻ ഭീകര സംഘടനയായ ഹമാസ് തെക്കൻ ഇസ്രായേലിൽ കഴിഞ്ഞ ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിൽ 1194 പേരാണ് കൊല്ലപ്പെട്ടത്. അതിന് തിരിച്ചടിയായി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതിനോടകം ഗാസയിൽ മാത്രം 37,372 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. യുദ്ധം ഗാസയെ വിഴുങ്ങുമ്പോൾ സ്വന്തം ജനതയ്ക്ക് ഭക്ഷണം നൽകാനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് ഹമാദ.
advertisement
ഗാസയിലെ അങ്ങാടികളിലെയും കഫേകളിലെയും വ്യത്യസ്തമായ ഭക്ഷണ രുചികൾ ലോകത്തിന് പരിചയപ്പെടുത്തി കൊണ്ടാണ് ഹമാദ ഫുഡ് വ്ലോഗിങ് രംഗത്തെത്തുന്നത്. സംഘർഷവും വേദനകളും മാത്രമല്ല ഗാസയ്ക്ക് പറയാനുള്ളതെന്ന് കാണിച്ചുകൊടുക്കാനായിരുന്നു ചെറുപ്പക്കാരൻെറ ശ്രമം. ഗാസയിലെ പരമ്പരാഗത ഭക്ഷണവും പാചകരീതിയുമെല്ലാം ഹമാദയുടെ ഇൻസ്റ്റഗ്രാം പേജുകളിൽ വീഡിയോകളായി നിറഞ്ഞു.
“ഞങ്ങളുടെ നാട്ടിലെ മനോഹരവും രുചികരവുമായ ഭക്ഷണത്തെ ആളുകളിലേക്ക് എത്തിക്കാനാണ് ഞാൻ ആദ്യം ശ്രമിച്ചത്. എന്നാൽ ഒക്ടോബർ 7ന് ശേഷം കാര്യങ്ങളെല്ലാം മാറിയിരിക്കുന്നു. ഗാസയിലെ സാഹചര്യങ്ങൾ മാറിയതോടെ ഭക്ഷണത്തിന് വേണ്ട സാധനങ്ങളും സാമഗ്രികളുമൊന്നും കിട്ടാതെ ആയിരിക്കുന്നു. പല ഭക്ഷണവും ഇപ്പോൾ നമുക്ക് ഉണ്ടാക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്,” ഹമാദ പറഞ്ഞു.
കിട്ടുന്ന സാധനങ്ങൾ വെച്ച് നിരവധി പേർക്ക് ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയാണ് ഇപ്പോൾ ഹമാദ ചെയ്യുന്നത്. ഇത് പാക്കറ്റുകളിലാക്കി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. കുട്ടികൾക്ക് പോഷകാഹാരം കിട്ടുന്ന തരത്തിലുള്ള ഭക്ഷണം തയ്യാറാക്കാനാണ് ഹമാദ പരമാവധി പരിശ്രമിക്കുന്നത്. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയതിന് ശേഷം 32 കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് കാരണം മാത്രം മരണമടഞ്ഞതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉണ്ടാക്കുന്നതിൻെറ വീഡിയോകൾ നിലവിൽ ഹമാദ തൻെറ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്യുന്നുണ്ട്. ഹമാദയ്ക്കൊപ്പം ഭാര്യയും പ്രാദേശിക വളർണ്ടിയർമാരുമെല്ലാം ഭക്ഷണം ഉണ്ടാക്കാനും വിതരണം ചെയ്യാനുമെല്ലാം സഹായിക്കുന്നുണ്ട്. വാട്ടർമെലൺ റിലീഫ് പോലുള്ള സംഘടനകളും ഒപ്പമുണ്ട്.
ഇതിനിടയിൽ ഹമാദയുടെ ഭാര്യ ആദ്യത്തെ കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. “അമ്മയുടെയും കുഞ്ഞിൻെറയും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കുന്നില്ല. സാധനങ്ങളുടെ ലഭ്യതക്കുറവ് വലിയ തോതിൽ ബാധിക്കുന്നുണ്ട്. എങ്ങനെയാണ് കുഞ്ഞിന് ആവശ്യമായ പ്രതിരോധകുത്തിവെപ്പ് നൽകുക? ബോംബിൻെറയോ വെടിമരുന്നിൻെറയോ അംശമില്ലാത്ത ശുദ്ധജലം എങ്ങനെയാണ് അമ്മയ്ക്ക് നൽകുക? ഇവിടുത്തെ വായു പോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഞങ്ങൾ അതിനെയെല്ലാം അതിജീവിക്കാൻ ശ്രമിക്കുകയാണ്,” ഹമാദ പറഞ്ഞു.