400 മീറ്റർ നീളമുള്ള (1,300 അടി) എവർഗിവൺ (Evergiven) എന്ന ചരക്കുകപ്പൽ മാർച്ച് 23 ന് രാവിലെ ശക്തമായ കാറ്റിനെ തുടർന്ന് സൂയസ് കനാലിൽ വിലങ്ങനെ കുടുങ്ങുകയായിരുന്നു. ഇതോടെ കനാൽ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. "സാങ്കേതികം അല്ലെങ്കിൽ മാനുഷിക പിഴവുകൾ" ആയിരിക്കാം ഇതിന് കാരണമായതെന്ന് ഈജിപ്ഷ്യൻ വിദഗ്ധർ പറഞ്ഞു. രണ്ട് ചാനലുകളുള്ള കനാലിന്റെ തെക്ക് ഭാഗത്താണ് തടസ്സം സൃഷ്ടിക്കപ്പെട്ടത്. സൂയസ് കനാൽ അതോറിറ്റി പ്രശ്നത്തിൽ ഇടപെട്ടു. ലോകത്തിലെ ഏറ്റവും സജീവമായ ഷിപ്പിംഗ് പാതകളിൽ ഒന്നായതിനാൽ കനാലിൽ കപ്പൽ കുടുങ്ങിയത് യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വ്യാപാര വിനിമയത്തെയും ബാധിച്ചു.
advertisement
എന്നാൽ എവർഗിവൺ അല്ലാതെ മറ്റ് ഏതെങ്കിലും കപ്പലുകൾ സൂയസ് കനാലിൽ കുടുങ്ങിയിട്ടുണ്ടോ? ചരിത്രരേഖകൾ നൽകുന്ന ഉത്തരം ഉണ്ട് എന്ന് തന്നെയാണ്. എവർഗിവൺ വെറും ആറ് ദിവസം മാത്രമാണ് കനാൽ വഴിയുള്ള ഗതാഗതത്തിൽ തടസ്സം സൃഷ്ടിച്ചത്. എന്നാൽ സൂയസ് കനാലിൽ അതിന് മുമ്പ് സൃഷ്ടിക്കപ്പെട്ട ഒരു തടസ്സം എട്ട് വർഷത്തോളം നീണ്ടുനിന്നിരുന്നു.
1967 ജൂണിൽ സിക്സ് ഡേ വാർ എന്നറിയപ്പെടുന്ന ഇസ്രായേലും ഈജിപ്തും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പതിനഞ്ച് കപ്പലുകൾ സൂയസ് കനാലിലൂടെ വടക്കോട്ട് പോവുകയായിരുന്നു. ഇതിനിടെ കനാലിന്റെ രണ്ട് അറ്റങ്ങളും അടച്ചു, മൂന്ന് ദിവസത്തിന് ശേഷം കനാൽ തുറന്നെങ്കിലും കപ്പലുകൾ കനാലിൽ കുടുങ്ങിപ്പോയി. സൂയസ് കനാലിന്റെ വിശാലമായ ഭാഗമായ ഗ്രേറ്റ് ബിറ്റർ തടാകത്തിൽ നങ്കൂരമിടാൻ 14 കപ്പലുകൾ നിർബന്ധിതരായി. 1969 നവംബർ 21ലെ ടൈം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബൾഗേറിയ, ചെക്കോസ്ലോവാക്യ, ഫ്രാൻസ്, പോളണ്ട്, സ്വീഡൻ, ജർമ്മനി, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കപ്പലുകൾ കനാലിലെ മണലിൽ പുതഞ്ഞു പോയതാണ് തടസ്സത്തിന് കാരണം. ഈ കപ്പലുകൾ പിന്നീട് 'യെല്ലോ ഫ്ലീറ്റ്' എന്നാണ് അറിയപ്പെട്ടിരുന്നത്.
തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു ഈ സംഭവം അരങ്ങേറിയത് എന്ന് പറയാം. കാരണം ഇസ്രായേൽ യുദ്ധത്തിൽ കനാലിന്റെ കിഴക്കൻ ഭാഗം പിടിച്ചെടുത്തു. ഈജിപ്ത് പടിഞ്ഞാറൽ ഭാഗം നിലനിർത്തി. യുദ്ധം അവസാനിച്ചതോടെ ഈജിപ്ത് കനാൽ അടച്ചു പൂട്ടി. ഇസ്രായേൽ കനാൽ ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതോടെ 14 കപ്പലുകളും കനാലിൽ തന്നെ കുടുങ്ങി.
പിന്നീട് 1975ലാണ് സൂയസ് കനാൽ വീണ്ടും തുറന്നത്. ഈ സമയം യെല്ലോ ഫ്ലീറ്റ് കപ്പലുകളിൽ ഭൂരിഭാഗവും ദ്രവിച്ച് പോയതിനാൽ അവ പിന്നീട് വലിച്ചു മാറ്റുകയാണ് ചെയ്തത്.