ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്കെതിരായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യത്തെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഷെരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഡിസംബറിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
കഴിഞ്ഞയാഴ്ച ജോയ് മഹാപത്രോ എന്ന ഹിന്ദു യുവാവിനെ അമിറുൾ ഇസ്ലാം എന്നയാൾ മർദിക്കുകയും പിന്നീട് വിഷം കൊടുക്കുകയും ചെയ്തതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. മോഷണക്കുറ്റം ആരോപിച്ച് ആക്രമിക്കാനൊരുങ്ങിയ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച 25കാരനായ ഹിന്ദു യുവാവ് കനാലിലേക്ക് ചാടി മരിച്ചിരുന്നു. അതിന് മുമ്പ് ജെസ്സോർ ജില്ലയിലെ ഹിന്ദു വ്യവസായിയും ഒരു പത്രത്തിന്റെ ആക്ടിംഗ് എഡിറ്ററുമായ റാണ പ്രതാപ് ബൈരാഗിയെ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. അന്നേ ദിവസം തന്നെ 40കാരനായ പലചരക്ക് കട ഉടമ ശരത് മണി ചക്രവർത്തിയെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു.
advertisement
നേരത്തെ ദൈവനിന്ദ ആരോപിച്ച് മൈമെൻസിംഗിൽ ഹിന്ദുവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തി ചുട്ടുകൊന്നിരുന്നു. ദാസിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ജനക്കൂട്ടം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിക്കുകയായിരുന്നു. പണം തട്ടിയെടുക്കൽ ആരോപിച്ച് അമൃത് മൊണ്ടൽ എന്ന മറ്റൊരു ഹിന്ദുവിനെയും ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. അതേ മാസം തന്നെ മൈമെന്‌സിംഗിൽ ഒരു വസ്ത്ര ഫാക്ടറി തൊഴിലാളിയായ ബജേന്ദ്ര ബിശ്വാസും വെടിയേറ്റ് മരിച്ചിരുന്നു.
സംഗീതജ്ഞനും അവാമി ലീഗിന്റെ പബ്ന ജില്ലാ യൂണിറ്റിന്റെ സാംസ്‌കാരിക കാര്യ സെക്രട്ടറിയുമായ പ്രോലേ ചാക്കി ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ചിരുന്നു. വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിനെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് ചാക്കിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ തെറ്റാണെന്ന് അവാമി ലീഗ് പ്രവർത്തകർ അവകാശപ്പെട്ടു.
