ഷെയ്ഖ് ഹസീനയ്‌ക്കെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ന്നുവന്ന നേതാവും ഇന്‍ക്വിലാബ് മഞ്ചയുടെ വക്താവുമായ ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് വ്യാപകമായ ആക്രമണങ്ങളാണ് പ്രക്ഷോഭകാരികള്‍ ബംഗ്ലാദേശില്‍ നടത്തുന്നത്. ആക്രമണത്തിനിടെ ഹിന്ദുവിനെ തല്ലികൊന്ന സംഭവത്തെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ക്ക് ബംഗ്ലാദേശില്‍ ഇടമില്ലെന്നും ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
എല്ലാ പൗരന്മാരും ശാന്തത പാലിക്കുകയും ആള്‍ക്കൂട്ട ആക്രമണം ഒഴിവാക്കുകയും വേണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വ്യാപിച്ച അശാന്തിക്ക് ചില അപാരമ്പര്യ ഘടകങ്ങളെ സര്‍ക്കാര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എല്ലാതരം അക്രമ സംഭവങ്ങളെയും സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെയും തീവെയ്ക്കുന്നതിനെയും സര്‍ക്കാര്‍ അസന്ദിഗ്ധമായി അപലപിച്ചു. ചരിത്രപരമായ ഒരു ജനാധിപത്യ പരിവര്‍ത്തനം നടത്തുമ്പോള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായക നിമിഷമാണിത്. സമാധാനം നശിപ്പിക്കുകയും അക്രമങ്ങളിലൂടെ വളരുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
advertisement
വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ജൂലായ് ചാര്‍ട്ടര്‍ ജനഹിതപരിശോധനയും വെറും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളല്ലെന്നും ഹാദി സ്വപ്‌നം കണ്ടതിന് സമാനമായ ഒരു ദേശീയ പ്രതിബദ്ധതയാണെന്നും സര്‍ക്കാര്‍ പ്രസ്താവിച്ചു. ഹാദിയുടെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്ത മാധ്യമസ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകരോട് സര്‍ക്കാര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രങ്ങളായ പ്രഥം ആലോം, ദി ഡെയ്‌ലി സ്റ്റാര്‍, ന്യൂ ഏജ് എന്നിവയുടെ ഓഫീസുകളാണ് പ്രതിഷേധക്കാര്‍ തകര്‍ത്തത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സര്‍ക്കാര്‍ ഭീകരതയെ നേരിടുന്നതിലുള്ള മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ സത്യത്തിനെതിരെയുള്ള ആക്രമണങ്ങളാണെന്നും ആക്രമണത്തിന് ഇരയായ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ നീതി വാഗ്ദാനം ചെയ്യുന്നതായും സര്‍ക്കാര്‍ പറഞ്ഞു.
ഡെയ്‌ലി സ്റ്റാറിന്റെ ഓഫീസില്‍ സൈന്യത്തെ വിന്യസിപ്പിക്കുകയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തുകയും ചെയ്തു. രാജ്ഷാഹിയിലെ അവാമി ലീഗിന്റെ ഓഫീസും അക്രമികള്‍ തീയിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ നയതന്ത്ര ഓഫീസിനു പുറത്തും പ്രതിഷേധങ്ങള്‍ നടന്നതായാണ് വിവരം.
കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് വരെ നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു ഷെരീഫ് ഒസ്മാന്‍ ഹാദി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് ഹാദിയെ അക്രമികള്‍ ചേര്‍ന്ന് വധിച്ചത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച അദ്ദേഹം മരണപ്പെടുകയായിരുന്നു. ആറ് ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് മരണം.
ഹാദിയുടെ മരണം രാജ്യത്തിന്റെ രാഷ്ട്രീയ, ജനാധിപത്യ ജീവിതത്തിനേറ്റ കനത്ത പ്രഹരമാണെന്ന് യൂനുസ് വിശേഷിപ്പിക്കുകയും ഒരു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ധാക്കയിലെ ഷാബാഗില്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് അനുയായികള്‍ ഒത്തുകൂടി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അധികാരികള്‍ ഹാദിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.
