ജനുവരി നാലിനാണ് സംഭവം. ബാഡിന്‍ ജില്ലയിലെ ഗോത്ത് ദാഹോയിലാണ് കൊലപാതകം നടന്നത്. പകല്‍ സമയത്തുതന്നെയാണ് അക്രമികളെത്തി കോഹ്‍ലിക്കു നേരെ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തുളച്ചുകയറി. സംഭവസ്ഥലത്തുതന്നെ കോഹ് ലി മരണപ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു.
പ്രാദേശിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനായിരുന്നു കോഹ്‍ലി. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഏറ്റവുമധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ ഒന്നായ പ്രദേശത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി വാദിക്കുന്നതിലും കോഹ്‍ലി മുന്‍പന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തിന് ഈ പ്രവര്‍ത്തനങ്ങളുമായോ മേഖലയിലെ മതപരമായ സംഘര്‍ഷങ്ങളുമായോ ബന്ധമുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
advertisement
കോഹ്‍ലിയുടെ മരണത്തെ തുടര്‍ന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുന്നതു വരെ പിരിഞ്ഞുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായി. #JusticeForKailashKolhi എന്ന ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പ്രദേശവാസികളും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ ഗ്രൂപ്പുകളും സംഭവത്തില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
'പാക്കിസ്ഥാന്‍ ദരവാര്‍ ഇതേഹാദ്' എന്ന ന്യൂനപക്ഷ അവകാശ സംഘടനയുടെ ചെയര്‍മാന്‍ ശിവ കച്ചി കൊലപാതകത്തെ ശക്തമായി എതിര്‍ത്തു. ഇത് ക്രൂരമായ കൊലപാതകമാണെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. കൈലാഷ് കോഹ്‍ലിയുടെ രക്തം നീതി തേടുന്നതായും അദ്ദേഹം കുറിച്ചു.
പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്. പുരുഷന്മാരും സ്ത്രീകളും പ്രായമായവരും കുട്ടികളും കര്‍ശനമായ സാഹചര്യങ്ങളെ അതിജീവിച്ച് നടപടിക്കായി സമ്മര്‍ദ്ദം ചെലുത്തി കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തു. ദരിദ്രരെയും ദുര്‍ബലരെയും മാറ്റിനിര്‍ത്തുകയും ശക്തരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണിതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് പാക് ഭരണകൂടം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളില്‍ ശിക്ഷ വിധിക്കുന്നത് വളരെ അപൂര്‍വമാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പാക്കിസ്ഥാന്റെ വ്യവസ്ഥാപിത പരാജയത്തെയാണ് ഈ കൊലപാതകം കാണിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമീണ സിന്ധ് മേഖലയില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളും നിര്‍ബന്ധിത തിരോധാനങ്ങളും മുതല്‍ ആള്‍ക്കൂട്ട സമ്മര്‍ദ്ദവും വിവേചനവും വരെ നിരന്തരം തുടരുന്നു.
