ഹമാസിനെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനുമേല്‍ അവര്‍ക്കുള്ള ഏക സ്വാധീനം ബന്ദികള്‍ മാത്രമായിരുന്നു. അല്ലെങ്കില്‍ അങ്ങനെയാണ് അവര്‍ വളരെകാലമായി വിശ്വസിക്കുന്നത്.
എന്നാല്‍ സമീപകാലങ്ങളിലായി ഹമാസ് അംഗങ്ങളില്‍ ചിലര്‍ ഈ തന്ത്രത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
ഗാസയെ നാശത്തിലേക്ക് തള്ളിവിട്ട വിനാശകരമായ യുദ്ധത്തില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തിരിപ്പിക്കാന്‍ ബന്ദികളെ പിടിച്ചുവയ്ക്കുന്നത് കാര്യമായ ഫലമൊന്നും ചെയ്തില്ല.
736 ദിവസത്തോളമായി ഹമാസിന്റെ തടങ്കലില്‍ കഴിയുന്ന ബന്ദികളെ ഒടുവില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചു.
ക്ഷീണം, ബലഹീനത, പ്രാദേശിക സമ്മര്‍ദ്ദം, ഇസ്രായേലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന പിന്തുണയും അദ്ദേഹത്തിന്റെ വര്‍ദ്ധിച്ച ആത്മവിശ്വാസവും തുടങ്ങി നിരവധി ഘടകങ്ങള്‍ ബന്ദികളുടെ മോചനത്തിന് ഹമാസിനെ പ്രേരിപ്പിച്ചു.
advertisement
ഏറ്റവും നിര്‍ണായകമായ കാരണം മറ്റൊന്നാണ്. ഇസ്രായേലിനെ പിടിച്ചുകെട്ടാനുള്ള പിടിവള്ളി എന്നതിലുപരി ബന്ദികള്‍ ഹമാസിനെ സംബബന്ധിച്ച് ഒരു ബാധ്യതയായി മാറി. അവരെ മോചിപ്പിക്കുന്നത് അതിജീവനത്തിനുള്ള മികച്ച അവസരമാണെന്നും ഹമാസ് കണക്കുകൂട്ടി.
ഇതോടെ ഹമാസ് വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം നേരിട്ടു.
ഒരിക്കല്‍ ഹമാസിനോട് അനുകമ്പ കാണിച്ച അറബ് രാഷ്ട്രങ്ങള്‍ ഗ്രൂപ്പിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ അസ്വസ്ഥരാകുകയും അവരെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതിക്കു പിന്നില്‍ അണിനിരക്കുകയും ചെയ്തു.
സഖ്യകക്ഷികളില്ലാതെ ഹമാസ് നിലപാടിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു.
ഇതോടെ ഇസ്രായേലുമായുള്ള ചര്‍ച്ചകളില്‍ ഹമാസ് നിലപാട് മയപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തെ ഹമാസ് എതിര്‍ത്തില്ല.
ട്രംപ് മുന്നോട്ടുവെച്ച കരാര്‍ ഹമാസിന്റെ പ്രതീക്ഷകള്‍ക്ക് വളരെ പിന്നിലായിരുന്നു. ഇത് ഒരു വെടിനിര്‍ത്തല്‍ കരാര്‍ അല്ല മറിച്ച് ഹമാസിന് കീഴടങ്ങാനുള്ള ഒരു അന്ത്യശാസനമായിരുന്നു.
എന്നാല്‍ പ്രാദേശിക ശക്തികള്‍ ഇതിനെ അംഗീകരിക്കുകയും ഹാമസിനെ കരാറില്‍ ധാരണയിലെത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ഈജിപ്തില്‍ ഒത്തുകൂടിയപ്പോള്‍ ഇക്കാര്യത്തില്‍ ഉറച്ചുനിന്നു. തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ പരമ്പരാഗത സഖ്യകക്ഷികളില്‍ നിന്ന് മുമ്പൊരിക്കലും ഹമാസ് ഇത്ര ഐക്യം നേരിട്ടിട്ടില്ല.
ബന്ദികളെ മോചിപ്പിക്കണമെന്ന് അങ്ങനെ ഹമാസിനോട് അതിന്റെ എല്ലാ മിഡില്‍ ഈസ്‌റ്റേണ്‍ പങ്കാളികളും ആദ്യമായി പറഞ്ഞു. ഗാസയുടെ ഭരണത്തില്‍ ഹമാസിന് ഒരു പങ്കും വഹിക്കാന്‍ കഴിയില്ലെന്നും അറബ് രാഷ്ട്രങ്ങള്‍ ഊന്നിപ്പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മതിക്കുന്നത് ട്രംപിന്റെ പൂര്‍ണ്ണ പിന്തുണയോടെ യുദ്ധം പുനരാരംഭിക്കാന്‍ നെതന്യാഹുവിനെ അനുവദിക്കുമെന്ന് പ്രാദേശിക മധ്യസ്ഥര്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കി.
പാലസ്തീന്‍ ലക്ഷ്യത്തിനായുള്ള ആഗോള പിന്തുണ ഇത് ഇല്ലാതാക്കുമെന്നും അറബ് സഖ്യങ്ങള്‍ ഹമാസിനോട് പറഞ്ഞു.
ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും പിന്നീട് ഇസ്രായേല്‍ സംഘര്‍ഷം ആളിക്കത്തിക്കുകയും ചെയ്താല്‍ അന്താരാഷ്ട്ര പ്രതിഷേധം എക്കാലത്തേക്കാളും രൂക്ഷമാകുമെന്നും പ്രാദേശിക നേതൃത്വങ്ങള്‍ ഹമാസിനെ ധരിപ്പിച്ചു.
സമാനമായ കണക്കുകൂട്ടല്‍ ഹമാസിനുമുണ്ടായിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നത് നിരായുധീകരണം പോലുള്ള വിവാദപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ ചെറുക്കാനോ കൂടുതല്‍ സാധ്യത നല്‍കുമെന്ന് ഹമാസ് കണക്കാക്കി.
കഴിഞ്ഞ മാസം ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ഒരു പരാജയപ്പെട്ട ശ്രമത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് രൂക്ഷമായി പ്രതികരിച്ചതിനെത്തുടര്‍ന്ന് ഹമാസിന് അദ്ദേഹത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു.
ട്രംപ് ഇക്കാര്യത്തില്‍ നെതന്യാഹുവിനെ ക്ഷമാപണം നടത്താന്‍ നിര്‍ബന്ധിച്ചു. ഇനി ഇത് സംഭവിക്കില്ലെന്ന് വാഗ്ദാനം ചെയ്തു. ഹമാസിന്റെ കണ്ണില്‍ ഈ ഇടപെടല്‍ ഏറ്റവും ശ്രദ്ധേയമായി. ശത്രുതാപരമായ നടപടികളില്‍ നിന്ന് ഖത്തറിന്റെ സുരക്ഷ ഉറപ്പുനല്‍കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടു.
ട്രംപ് ഇപ്പോള്‍ കൂടുതല്‍ ഗൗരവമുള്ളവനും മുമ്പത്തേക്കാള്‍ കൂടുതല്‍ ഇസ്രായേലിനായി നിലകൊള്ളാന്‍ തയ്യാറുള്ളവനുമാണെന്ന് നയതന്ത്രജ്ഞര്‍ ഹമാസിനെ ബോധ്യപ്പെടുത്തി.
തങ്ങളുടെ നേതൃത്വത്തെ മുറിവേല്‍പ്പിക്കുകയും ഏറ്റവും പരിചയസമ്പന്നരായ നിരവധി പോരാളികളെ കൊല്ലുകയും ചെയ്ത ഒരു യുദ്ധത്തില്‍ തളര്‍ന്നുപോയ ഹമാസ് കഴിഞ്ഞ തിങ്കളാഴ്ച ഈജിപ്തില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി നിന്നു.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനിയുടെയും തുര്‍ക്കി ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹമാസ് ട്രംപിന്റെ പദ്ധതി തത്വത്തില്‍ സമ്മതിച്ചിരുന്നു. എങ്കിലും അവര്‍ കൂടുതല്‍ ഉറപ്പുകള്‍ തേടി.
വെടിനിര്‍ത്തലിന് 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു.
ട്രംപിന്റെ പദ്ധതി വിജയം കണ്ടു. എന്നാല്‍ പദ്ധതിയുടെ ബാക്കി ഭാഗങ്ങള്‍ അംഗീകരിക്കുന്നതിന് മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഹമാസ് നിര്‍ബന്ധം പിടിച്ചു. ഗാസയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള പോരാട്ടം ഇനിയും മുന്നിലുണ്ട്.
ട്രംപും യുകെ മുന്‍ പ്രധാനമന്ത്രി ടോണിബ്ലെയറും മേല്‍നോട്ടം വഹിക്കുന്ന ഒരു അന്താരാഷ്ട്ര ട്രസ്റ്റിഷിപ്പിന് കീഴിലുള്ള വ്യവസ്ഥാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുമോ എന്ന കാര്യത്തിലും ഹമാസ് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല.