എന്നാല്‍ ഇതാദ്യമായല്ല മൊസാദ് ഇത്തരം രഹസ്യ ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹനിയ്യയുടേതിന് സമാനമായ കൊലപാതകങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. അത്തരത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് പാലസ്തീന്‍ വിമോചന നേതാവ് വാദി ഹദാദിന്റെ കൊലപാതകം. 1978ലാണ് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ നേതാവ് വാദി ഹദാദ് കൊല്ലപ്പെട്ടത്.
1976ല്‍ എയര്‍ ഫ്രാന്‍സ് വിമാനം റാഞ്ചിയ സംഭവത്തിലുള്‍പ്പെടെ നിരവധി ആക്രമണങ്ങളില്‍ വാദി ഹദാദ് പങ്കെടുത്തിരുന്നു. 'എന്റെബെ ഹൈജാക്കിംഗ്' എന്നാണ് ഈ ഓപ്പറേഷന്‍ അറിയപ്പെട്ടത്. ഇതിന് പകരം ചോദിക്കാന്‍ കാത്തിരിക്കുകയായിരുന്നു മൊസാദ്. വിമാനം റാഞ്ചലിന്റെ ബുദ്ധി കേന്ദ്രമായിരുന്നു വാദി ഹദാദ്. ഇദ്ദേഹമായിരുന്നു മൊസാദിന്റെ ലക്ഷ്യം.
advertisement
ഹദാദിനെ കൊലപ്പെടുത്താന്‍ വളരെ രഹസ്യമായ രീതിയാണ് മൊസാദ് പിന്തുടര്‍ന്നത്. ഈ ദൗത്യത്തിന്റെ ചുമതല അവര്‍ 'ഏജന്റ് സാഡ്‌നെസിനെ' ഏല്‍പ്പിച്ചു. ഹദാദിന്റെ വീട്ടിലും ഓഫീസിലും പ്രവേശന അനുമതിയുള്ളയാളായിരുന്നു ഏജന്റ് സാഡ്‌നെസ്.
1978 ജനുവരി പത്തിന് ഏജന്റ് ഹദാദിന്റെ ടൂത്ത് പേസ്റ്റ് മാറ്റി പകരം വിഷം കലര്‍ന്ന ടൂത്ത് പേസ്റ്റ് വെച്ചു. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് തയ്യാറാക്കിയ വിഷമായിരുന്നു ടൂത്ത്‌പേസ്റ്റില്‍ കലര്‍ത്തിയത്. ഓരോ തവണ പല്ലു തേക്കുമ്പോഴും ഈ വിഷം ചെറിയൊരു അളവിൽ വായിലൂടെ ഹദാദിന്റെ ശരീരത്തില്‍ പടരാന്‍ തുടങ്ങി.
ജനുവരി പകുതിയോടെ ബാഗ്ദാദിലായിരുന്ന ഹദാദിന്റെ ആരോഗ്യം പൂര്‍ണ്ണമായി ക്ഷയിക്കാന്‍ തുടങ്ങി. അടിവയറ്റില്‍ വേദന, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവ ഹദാദിന് അനുഭവപ്പെട്ടു. ഇറാഖിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഹദാദിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. വൈകാതെ ഹദാദിന് ഹെപ്പറ്റൈറ്റിസും പനിയും പിടിപെട്ടു. ആന്റിബയോട്ടിക്കുകള്‍ കൊണ്ടുപോലും ഫലമുണ്ടായില്ല. മുടി കൊഴിയാനും തുടങ്ങി. ഇതോടെയാണ് ഹദാദിന്റെ ശരീരത്തില്‍ വിഷാംശം കടന്നിരിക്കാം എന്ന സംശയമുണ്ടായത്.
തുടര്‍ന്ന് പാലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്ത് ഈസ്റ്റ് ജര്‍മന്‍ സീക്രട്ട് സര്‍വ്വീസായ സ്റ്റാസിയുടെ (stasi) സഹായം തേടി . വിമാനമാര്‍ഗം ഹദാദിനെ ഈസ്റ്റ് ബെര്‍ലിനിലെ രഹസ്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഹദാദിനെ വിശദമായി പരിശോധിച്ചു. എന്നാല്‍ ഹദാദിന്റെ രോഗത്തിന്റെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. എലിവിഷമോ താലിയം പോലുള്ള വിഷമോ ആയിരിക്കാം ഹദാദിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഈ സംശയം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവസം ചെല്ലുന്തോറും ഹദാദിന്റെ ആരോഗ്യനില കൂടുതൽ മോശമായി. ഗുരുതരമായ രക്തസ്രാവവും പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം കുത്തനെ കുറഞ്ഞതും അദ്ദേഹത്തെ അവശനാക്കി.
പത്ത് ദിവസത്തോളം ഡോക്ടര്‍മാര്‍ ഹദാദിനെ മയക്കിക്കിടത്തി. എന്നാല്‍ ഹദാദിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. 1978 മാര്‍ച്ച് 29ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവവും ന്യുമോണിയയുമാണ് ഹദാദിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പ്രൊഫസര്‍ ഓട്ടോ പ്രോകോപ്പ് പറഞ്ഞു. ഹദാദിന് നേരെ നടന്ന വിഷപ്രയോഗം സംബന്ധിച്ച വിവരം വര്‍ഷങ്ങളോളം ചുരുളഴിയാത്ത രഹസ്യമായി തുടര്‍ന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് മരണത്തിന്റെ യഥാർത്ഥ കാരണം പുറത്തുവന്നത്.