ഇസ്രായേലിന് നേരെ ഒക്ടോബർ ഏഴിന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് 240 പേരെയാണ് ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയത്. നവംബറിൽ ഇവരിൽ 105 പേരെ ഹമാസ് വിട്ടയച്ചുവെങ്കിലും നിലവിൽ 128 ഓളം പേർ ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 21 ബന്ദികളുടെ മരണം ഇസ്രായേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ശേഷിക്കുന്നവരുടെ വിധിയെന്താകുമെന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളുമില്ല.
ഷെയർ സെഡെക് മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ ജനറലായ പ്രൊഫ. ഓഫർ മെറിനും മറ്റ് രണ്ടുപേരുമാണ് ഇസ്രായേലിന്റെ ഈ വിദഗ്ധ മെഡിക്കൽ സംഘത്തിലുള്ളത്. ഹമാസ് തട്ടിക്കൊണ്ടുപോയ ഒരു വ്യക്തി നിലവിൽ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ അവിടെനിന്ന് ലഭിച്ച ദൃശ്യങ്ങളും മറ്റ് രഹസ്യ വിവരങ്ങളും ഉപയോഗിക്കുന്നതിന് ഒരു പ്രോട്ടോക്കോൾ വികസിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ദ ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിൽ ഡോ. ഓഫർ വിശദീകരിച്ചു. ഈ മെഡിക്കൽ സംഘം ഒരു തീരുമാനത്തിലെത്തുന്നതിന് ഒരു വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തങ്ങളുടെ കണ്ടെത്തലുകൾ ഇസ്രായേൽ സൈന്യത്തിന് നൽകും. ശേഷം, സൈന്യമാണ് അയാൾ മരിച്ചുവെന്ന് പ്രഖ്യാപിക്കുക.
advertisement
ബന്ദികളാക്കപ്പെട്ടവരുടെ മരണം സംബന്ധിച്ച് സുരക്ഷാ ഏജൻസികൾ നൽകിയ രഹസ്യവിവരങ്ങൾ പരിശോധിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ഈ മെഡിക്കൽ സംഘം ഒന്നിച്ചുചേരും. മരണം സ്ഥിരീകരിക്കുന്നതിന് ലഭിക്കുന്ന വിശ്വസനീയ വിവരങ്ങൾ ശേഖരിച്ച് കൃത്യമായ അവലോകനം നടത്തിയശേഷം മൂവരും ഒന്നിച്ചാണ് മരിച്ചോ ഇല്ലയോ എന്ന കാര്യം സ്ഥിരീകരിക്കുക.
ഈ സംഘത്തിൽ ചേരാൻ താങ്കളെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന ചോദ്യത്തോടും ഡോ. ഓഫർ പ്രതികരിച്ചു. ''പ്രിയപ്പെട്ടയാൾ ജീവിച്ചിരിപ്പുണ്ടോ അല്ലെങ്കിൽ മുറിവേറ്റിട്ടുണ്ടോ, സുഖമായിരിക്കുന്നുവോ എന്നറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇത് ദുഃഖകരമായ സാഹചര്യമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവർക്കുമറിയാം. ആരെങ്കിലും മരിച്ചുവെന്ന് ഞങ്ങൾക്ക് ഉറപ്പായ വിവരം ലഭിച്ചാൽ അത് അവരുടെ ബന്ധുക്കളോട് പറയുന്നതിലൂടെ ആ കുടുംബത്തിന് നല്ലൊരു കാര്യം ചെയതുപോലെയാണെ് കരുതുന്നത്'' ഡോ. ഓഫർ പറഞ്ഞു.
ഗാസയിലേക്ക് ഹമാസ് തട്ടിക്കൊണ്ടുപോയ ആളുകളെ ഒന്നുകിൽ അവർ ഉപദ്രവിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ അവരെ പരിക്കേൽപ്പിക്കും. ചിലർ ഇതിനകം മരിച്ചു കാണുമെന്നും തങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ''ഇസ്രായേലിൽ നിന്നുള്ള വീഡിയോകൾ, ഗ്രാമങ്ങളിൽനിന്നും കൃഷിയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്ന് ലഭ്യമായ ദൃശ്യങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ഇസ്രായേലിന്റെ പുറത്തുനിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഉപയോഗപ്പെടുത്തും. ഗാസയിലെ ഓരോ ആളുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതിന് ഇസ്രായേൽ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഓരോ വിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ അത് വിശകലനം ചെയ്യും,'' അദ്ദേഹം കൂട്ടിച്ചേർത്തു.