വിദ്യാര്‍ഥികളുടെ രേഖകള്‍ നൽകുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ പാലിക്കാന്‍ ഹാര്‍വാര്‍ഡ് വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഈ കടുത്ത നടപടിയിലേക്ക് കടന്നത്. ഹാര്‍വാര്‍ഡിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം രംഗത്തെത്തി. ''ജൂതവിദ്യാര്‍ഥികളോട് ശത്രുത പുലര്‍ത്തുന്ന, ഹമാസ് അനുകൂല നിലപാട് പ്രോത്സാഹിപ്പിക്കുന്ന, വംശീയ വൈവിധ്യം, തുല്യത, എല്ലാവരെയും ഉള്‍ച്ചേര്‍ക്കല്‍ തുടങ്ങിയ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കാംപസില്‍ സുരക്ഷിതമല്ലാത്ത അന്തരീക്ഷം നിലനില്‍ക്കുന്നതായി'' ഒരു കത്തില്‍ അവര്‍ ആരോപിച്ചു.
advertisement
ട്രംപ് ഭരണകൂടം ഹാര്‍വാര്‍ഡിനോട് പറഞ്ഞതെന്ത്?
ബിരുദം ഇതുവരെ പൂര്‍ത്തിയാക്കാത്ത നിലവിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഒന്നുകില്‍ മറ്റൊരു അംഗീകൃത സ്ഥാപനത്തിലേക്ക് മാറുകയോ അല്ലെങ്കില്‍ യുഎസിലെ അവരുടെ നിയമപരമായ സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് അഭിമുഖീകരിക്കുകയോ ചെയ്യണമെന്നാണ് വ്യാഴാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്.
സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവിധ രേഖകള്‍ ഉള്‍പ്പെടെയുള്ളവ 72 മണിക്കൂറിനുള്ളില്‍ നല്‍കിയാല്‍ ഹാര്‍വാര്‍ഡിന് അതിന്റെ പദവി വീണ്ടെടുക്കാന്‍ കഴിയുമെന്ന് ക്രിസ്റ്റി നോം അറിയിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം സംബന്ധിച്ച് ഹാര്‍വാര്‍ഡിന്റെ നിലപാട് എന്ത്?
ട്രംപ് സര്‍ക്കാരിന്റെ നടപടിയെ ''നിയമവിരുദ്ധമെന്നാണ്'' ഹാര്‍വാര്‍ഡ് വിശേഷിപ്പിച്ചത്. തങ്ങളുടെ നിര്‍ണായകമായ ഗവേഷണദൗത്യത്തെ നടപടി ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ബിരുദ പ്രോഗ്രാമുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ വളരെയധികം ആശ്രയിച്ചാണ് ഹാര്‍വാര്‍ഡ് മുന്നോട്ട് പോകുന്നത്.
ഹാര്‍വാര്‍ഡില്‍ നിലവില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ബിരുദം നേടാന്‍ അനുവാദമുണ്ടോ?
ഈ സെമസ്റ്ററിൽ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബിരുദം നേടാന്‍ അനുവാദമുണ്ടാകും. പുതിയ മാറ്റങ്ങള്‍ 2025-26 അധ്യയന വര്‍ഷത്തിലാണ് പ്രാബല്യത്തില്‍ വരിക. ഹാര്‍വാര്‍ഡ്‌സ് ക്ലാസ് ഓഫ് 2025 അടുത്തയാഴ്ച ബിരുദം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതുവരെ ബിരുദം പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ഥികള്‍ മറ്റൊരു സര്‍വകലാശാലയിലേക്ക് മാറേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് യുഎസില്‍ തുടരാനുള്ള നിയമപരമായ അനുമതി നഷ്ടപ്പെടും.
അടുത്ത അധ്യയനവര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഹാര്‍വാര്‍ഡില്‍ ചേരാന്‍ കഴിയുമോ?
പ്രവേശനം നേടാന്‍ കഴിയില്ലെന്നാണ് നിലവിലെ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റുകയോ കോടതി ഇടപെടല്‍ ഉണ്ടാകുകയോ വേണം. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഈ രേഖകള്‍ ഹാജരാക്കാന്‍ ഹാര്‍വാര്‍ഡിന് നേരത്തെ കഴിഞ്ഞിരുന്നില്ല.