" തിരച്ചിൽ നടന്നുകൊണ്ടിരിക്കെ മുഹമ്മദ് അബ്ദുൾ അർഫാത്തിനെ ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വളരെ ദുഃഖകരമാണ്. മുഹമ്മദ് അർഫാത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ ന്യൂയോർക്കിലെ പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്" ഇന്ത്യൻ എംബസി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. കൂടാതെ അബ്ദുൾ അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്നും എംബസി വ്യക്തമാക്കി.
മകനെ വിട്ടയക്കാൻ ഒരു ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അജ്ഞാതനായ ഒരാൾ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. മോചനദ്രവ്യം നൽകാത്തപക്ഷം അർഫാത്തിനെ തട്ടിക്കൊണ്ടുപോയി വൃക്ക വിൽക്കുമെന്നും വിളിച്ചാൾ ഭീഷണിപ്പെടുത്തിയിരുന്നു. തൻ്റെ മകനെ മോചിപ്പിക്കുന്നതിനായി 1200 ഡോളർ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തട്ടിക്കൊണ്ടുപോയവർ എങ്ങനെയാണ് പണം എത്തിക്കേണ്ടതെന്ന് അറിയിച്ചിട്ടില്ല എന്നും അർഫത്തിൻ്റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു.
"എൻ്റെ ഒരേ ഒരു മകനാണ് അവൻ. ഞങ്ങളെയും സുഹൃത്തുക്കളെയും കാണാൻ വീട്ടിലേക്ക് വരാൻ ആഗ്രഹം ഉണ്ടെന്നും മകൻ പറഞ്ഞിരുന്നു. അതിനാൽ അവധി കിട്ടിയാൽ വേണമെങ്കിൽ വിമാന ടിക്കറ്റിനുള്ള പണം അയച്ചു നൽകാമെന്നും പറഞ്ഞിരുന്നു. അവസാനമായി ഞാൻ മകനോട് സംസാരിച്ചത് മാർച്ച് 7 നാണ്, പക്ഷേ അത് കുറച്ച് നേരം മാത്രമായിരുന്നു. അടുത്ത ദിവസം സുഹൃത്തിനെ വിളിച്ച് സംസാരിച്ചു. അപ്പോഴാണ് മകനെ കാണാതായ വിവരം അറിഞ്ഞതും ഒരു പോലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞതും ” പിതാവ് സലീം കൂട്ടിച്ചേർത്തു.
വെള്ള ടീ ഷർട്ടും ചുവന്ന ജാക്കറ്റും നീല ജീൻസും ധരിച്ചാണ് അർഫാത്തിനെ അവസാനമായി കണ്ടതെന്നും യുഎസ് അധികൃതർ അറിയിച്ചു. അതേസമയം യുഎസിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഇന്ത്യൻ വംശജരുടെയും എണ്ണം വർദ്ധിക്കുകയാണ്. ഇത് യുഎസിലെ ഇന്ത്യൻ പ്രവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.