സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജഗ്മീത് സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചകാര്യം അറിയിച്ചത്. ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ ആളുകളെ നിരാശപ്പെടുത്തുകയാണെന്ന് എന്‍ഡിപി നേതാവ് ആരോപിച്ചു.
ഇപ്പോള്‍ ട്രൂഡോ സര്‍ക്കാര്‍ വീഴാന്‍ സാധ്യതയില്ലെങ്കിലും ഹൗസ് ഓഫ് കോമണ്‍സ് ചേമ്പറിലെ പ്രതിപക്ഷ നിരയിലുള്ള നിയമസഭാ അംഗങ്ങളുടെ പിന്തുണ ട്രൂഡോ തേടേണ്ടിവരും.
ഇതിനിടെ കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറി പെയ് ലിവ്രെ പത്രസമ്മേളനം നടത്തി. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്ന് അദ്ദേഹം ജഗ്മീത് സിംഗിനോട് ആവശ്യപ്പെട്ടു.
advertisement
പാര്‍പ്പിട പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം ട്രൂഡോ സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കാനഡയിലുള്ളത്. നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് കണ്‍സര്‍വേറ്റീവുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ട്രൂഡോയ്‌ക്കെതിരേ എന്‍ഡിപി പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
കാനഡയിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ ബ്ലോക്ക് ക്യുബെക്കോയിസില്‍ നിന്നുള്ള 32 എംപിമാര്‍ പിന്തുണയ്ക്കുന്നതിനാല്‍ ട്രൂഡോ സര്‍ക്കാര്‍ നിലവില്‍ സുരക്ഷിതമാണ്. ഈ എംപിമാര്‍ എതിരല്ലയെന്നത് ട്രൂഡോയ്ക്കും സര്‍ക്കാരിനും ആശ്വാസം നല്‍കുന്നു. അതേസമയം, സര്‍ക്കാരിനെ പിന്തുണയക്കുന്നവരുടെ എണ്ണം കുറഞ്ഞത് സുപ്രധാന ബില്ലുകളും നിയമങ്ങളും പാസാക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കും. ആകെയുള്ള 338 സീറ്റുകളില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 154 സീറ്റുകളാണ് ഉള്ളത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്(യാഥാസ്ഥിക) പാര്‍ട്ടിക്ക് 118 എംപിമാരാണ് ഉള്ളത്. എന്‍ഡിപിക്ക് 24 എംപിമാരും.
ലിബറല്‍ പാര്‍ട്ടിക്ക് കാര്യമായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഫാര്‍മകെയര്‍, ഡെന്റല്‍ ഹെല്‍ത്ത് കെയര്‍, ഒരു ദിവസം പത്ത് ഡോളര്‍ നിരക്കില്‍ ശിശുസംരക്ഷണ പദ്ധതി തുടങ്ങിയവ കൊണ്ടുവരാന്‍ എന്‍ഡിപിക്ക് കഴിഞ്ഞു. ഇത് ട്രൂഡോ സര്‍ക്കാരിന് ഗുണകരമായി മാറിയിരുന്നു. 2022ലാണ് ലിബറല്‍ പാര്‍ട്ടിയും എന്‍ഡിപിയും കരാറിലെത്തിയത്. 2025 ജൂണ്‍ വരെയായിരുന്നു ഈ കരാറിന്റെ കാലാവധി. 2025 ഒക്ടോബറിലാണ് കാനഡയില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പ്. അതേസമയം, ട്രൂഡോയുടെ ജനസമ്മതി ഇടിയുന്നതായി മിക്ക അഭിപ്രായ സര്‍വ്വെകളും സൂചിപ്പിക്കുന്നു.
രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് സിംഗിന്റെ പിന്‍വാങ്ങലിന് പിന്നാലെ ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ''രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ കനേഡിയന്‍മാര്‍ക്കായി എന്ത് നല്‍കാമെന്നതില്‍ എന്‍ഡിപി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
കുടിയേറ്റത്തെ പൊതുവെ പിന്തുണയ്ക്കുന്നവരാണ് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി. എന്‍ഡിപി പിന്തുണ നല്‍കിയതോടെ രാജ്യത്തിന്റെ കുടിയേറ്റ നയം കൂടുതല്‍ ഉദാരമാക്കിയിരുന്നു. അതിനിടെ തൊഴിലില്ലായ്മയും പാര്‍പ്പിട പ്രതിസന്ധിയും കടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ക്ക് പിന്തുണയേറി.