'ബ്രയം ഭാരതിയെൻസിസ്' എന്നാണ് ഈ സസ്യ സ്പീഷിസിന് പേര് നൽകിയിരിക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള ദേവതയായ ഭാരതിയുടെ പേരിനെ ആസ്പദമാക്കിയാണ് സസ്യത്തിന് ഔദ്യോഗികനാമം നൽകിയിരിക്കുന്നത്. അന്റാർട്ടിക്കയിൽ ഇന്ത്യയുടെ ഗവേഷണകേന്ദ്രങ്ങളിൽ ഒന്നിന്റെ പേരും ഭാരതി എന്നാണ്. പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ ജീവശാസ്ത്രജ്ഞരുടെ സംഘമാണ് സസ്യത്തിന് പേര് നൽകിയത്. സസ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ചതിന് ശേഷം ഡി എൻ എ പഠനം ഉൾപ്പെടെ അഞ്ച് വർഷങ്ങൾ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് ഈ സസ്യം ആദ്യമായാണ് കണ്ടെത്തുന്നതെന്ന് തിരിച്ചറിഞ്ഞത്.
advertisement
LockDown | സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ
ഭാരതി ഗവേഷണകേന്ദ്രത്തിന്റെ സമീപമുള്ള ലാർസ്മാൻ കുന്നുകളിലാണ് സസ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആറ് മാസം നീണ്ടുനിന്ന പര്യവേക്ഷണത്തിന്റെ ഭാഗമായി പ്രൊഫസർ ഫെലിക്സ് ബാസ്റ്റ് ആണ് കടുംപച്ച നിറമുള്ള ഈ സസ്യ സ്പീഷിസിനെ 2017-ൽ കണ്ടെത്തിയത്. പാറകളും മഞ്ഞും നിറഞ്ഞ ഭൂപ്രകൃതിയിൽ ഈ സസ്യത്തിന് എങ്ങനെ അതിജീവിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സ്പീഷിസിനെ സംബന്ധിച്ച പ്രാഥമികമായ ചോദ്യമെന്ന് ബാസ്റ്റ് പറയുന്നു.
പെൻഗ്വിനുകൾ ധാരാളമായി പെറ്റു പെരുകുന്ന പ്രദേശങ്ങളിലാണ് ഇത്തരം പായലുകൾ കൂടുതലായി വളരുന്നതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പെൻഗ്വിനുകളുടെ വിസർജ്യത്തിൽ നൈട്രജൻ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ഇതിന് കാരണം. എന്നാൽ, സൂര്യപ്രകാശം ഒട്ടുമില്ലാത്ത, -76 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്ന, ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന ശൈത്യകാലത്തെ ഈ സസ്യങ്ങൾ അതിജീവിക്കുന്നത് എങ്ങനെ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
മൂത്രസഞ്ചിയിൽ ഏകദേശം തേങ്ങയോളം വലുപ്പം വരുന്ന കല്ല്, അനാഥബാലന്റെ ജീവൻ രക്ഷിച്ച് ഡോക്ടർ
കാലാവസ്ഥാ വ്യതിയാനം മൂലം അന്റാർട്ടിക്കയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കും ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നുണ്ട്. മഞ്ഞു മൂടിയ ഈ ഭൂഖണ്ഡത്തിൽ മുമ്പ് നിലനിൽക്കാൻ കഴിയാതിരുന്ന സസ്യങ്ങൾ ഇപ്പോൾ എല്ലായിടത്തും കാണപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ മാറ്റം മൂലം അന്റാർട്ടികയിലെ താപനില ഉയരുന്നതാണ് അതിന് കാരണമെന്നും പ്രൊഫസർ ബാസ്റ്റ് പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.
പര്യവേക്ഷണത്തിന്റെ ഭാഗമായി ഹിമപാളികൾ ഉരുകുന്നതായി കണ്ടെത്താൻ കഴിഞ്ഞതായും ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം മാറ്റങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ ഫലങ്ങളാണെന്ന് കരുതപ്പെടുന്നു. ഈ ഭൂപ്രകൃതിയിൽ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങൾ ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞരെ ആശങ്കാകുലരാക്കുന്നുണ്ട്.