റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ റഷ്യയുടെ ഉക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന സഹായിയും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ( പോളിസി ആൻഡ് ഹോംലാൻഡ് സെക്യൂരിറ്റി) സ്റ്റീഫൻ മില്ലർ. റഷ്യയുമായുള്ള ഇന്ത്യയുടെ ഇന്ധന വ്യാപാരം നിർത്താൻ ട്രംപ് സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് പരാമർശങ്ങൾ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുദ്ധത്തിന് ധനസഹായം നൽകുന്നത് ഇന്ത്യ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഞായറാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കവെ മില്ലർ വ്യക്തമാക്കി. ചൈനയോടൊപ്പം ചേർന്നാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നറിഞ്ഞാൽ ആളുകൾ ഞെട്ടിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ ഭാഗത്തുനിന്ന് ഇന്ത്യയ്‌ക്കെതിരായ ഇതുവരെയുള്ള ഏറ്റവും ശക്തമായ വിമർശനങ്ങളിലൊന്നാണിത്.
advertisement
ഇന്തോ-പസഫിക് മേഖലയിലെ യുഎസിന്റെ പ്രധാന പങ്കാളിയായ ഇന്ത്യ, ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും റഷ്യക്കെതിരെ വർദ്ധിച്ചുവരുന്ന പാശ്ചാത്യ ഉപരോധങ്ങൾക്കും ഇടയിലും റഷ്യയുമായി ശക്തമായ ബന്ധം നിലനിർത്തുന്നുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാൻ ഉദ്ദേശിക്കുന്നതായി ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ശനിയാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.റഷ്യയുമായുള്ള പ്രതിരോധ, ഊർജ്ജ ഇടപാടുകൾ തുടരുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്ന ഏതൊരു രാജ്യത്തു നിന്നുമുള്ള ഇറക്കുമതിക്ക് 100% തീരുവ ഉയർത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അതേസമയം, ഉക്രെയ്ൻ സംഘർഷത്തിൽ സമാധാനത്തിനും നയതന്ത്രത്തിനുമാണ് പ്രാധാന്യമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ നിലപാട്. ചർച്ചയ്ക്കും സമാധാനപരമായ പരിഹാരത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.