പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ തുടരുന്നതിനിടെ, ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകാനുള്ള സാധ്യതകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാനും താലിബാനും തമ്മിലുള്ള അതിർത്തി സംഘർഷതിനിടെ ഇന്ത്യ വൃത്തികെട്ട കളി കളിയ്ക്കാൻ ശക്തമായ സാധ്യതയുണ്ടെന്നും അത് തള്ളിക്കളയാനാകില്ലെന്നും ഖ്വാജ ആസിഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു. പാകിസ്ഥാൻ രണ്ട് മുന്നണികളിലേക്കുള്ള യുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
സംഘർഷ സാധ്യതകൾ നേരിടാൻ പാകിസ്ഥാൻ തന്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അതേസമയം വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ആസിഫ് പറഞ്ഞു. "സംഘർഷം നേരിടാൻ പാകിസ്ഥാന്റെ പക്കൽ തന്ത്രങ്ങൾ നിലവിലുണ്ട്. എനിക്ക് അവ പരസ്യമായി ചർച്ച ചെയ്യാൻ കഴിയില്ല, പക്ഷേ ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്,"അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച കാബൂളിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ക്യാമ്പുകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ അതിർത്തി കടന്നുള്ള വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണ് പാക് അഫ്ഗാനിസ്ഥാൻ അതിർത്തി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
ഒക്ടോബർ 10 മുതലുള്ള പോരാട്ടത്തിന്റെ ഫലമായി അഫ്ഗാനിസ്ഥാനിൽ കുറഞ്ഞത് 18 സാധാരണക്കാർ കൊല്ലപ്പെടുകയും 360 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ സഹായ ദൗത്യത്തെ (UNAMA) ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഈ ആഴ്ച നടന്ന മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലായി 34 തീവ്രവാദികളെ വധിച്ചതായി പാകിസ്ഥാൻ അറിയിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷം പരിഹരിക്കുന്നതിനായി പാകിസ്ഥാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച പറഞ്ഞിരുന്നു.