അഫ്ഗാനിസ്ഥാന്റെ റോഫി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും ഇന്ത്യയുടെ സൈഡസ് ലൈഫ് സയന്‍സസും തമ്മില്‍ ദുബായില്‍ വച്ചാണ് മരുന്ന് നിർമ്മാണത്തിനും കയറ്റുമതിക്കുമുള്ള ധാരണാപത്രം ഒപ്പുവെച്ചത്. ദുബായിലെ അഫ്ഗാന്‍ കോണ്‍സുലേറ്റില്‍ അഫ്ഗാന്‍ അംബാസഡറുടെയും മുതിര്‍ന്ന വാണിജ്യ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഒപ്പുവയ്ക്കല്‍ ചടങ്ങ് നടന്നത്.
ഇന്ത്യ-അഫ്ഗാന്‍ സാമ്പത്തിക സഹകരണത്തിന്റെ പുതിയ സമവാക്യമാണ് ഇതോടെ കുറിക്കപ്പെട്ടതെങ്കിലും പാക്കിസ്ഥാന്റെ പ്രാദേശിക വ്യാപാര സ്വാധീനത്തിന് പ്രഹരമുണ്ടാക്കുന്ന സുപ്രധാന നീക്കം കൂടിയാണിത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സഹകരണമെന്നതും ശ്രദ്ധേയമാണ്.
advertisement
അഫ്ഗാനിസ്ഥാന്റെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ശേഷി വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായാണ് ഈ നീക്കം പ്രശംസിക്കപ്പെടുന്നത്. പ്രാരംഭ ഘട്ടത്തില്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിനും പിന്നീട് അഫ്ഗാനില്‍ തന്നെ തദ്ദേശീയമായി മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകളുടെ കൈമാറ്റവും കരാര്‍ വാഗ്ദാനം ചെയ്യുന്നു.
കരാര്‍ പ്രകാരം ഇന്ത്യയിലെ പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ലൈഫ് സയന്‍സസ് തുടക്കത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് മരുന്നുകള്‍ കയറ്റി അയക്കും. കാലക്രമേണ കമ്പനി അതിന്റെ പ്രതിനിധി ഓഫീസ് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റുമെന്നും അഫ്ഗാന്‍ വ്യവസായ മന്ത്രാലയം പറയുന്നു. തുടര്‍ന്ന് അഫ്ഗാനില്‍ ആഭ്യന്തരമായി മരുന്ന് നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. തദ്ദേശീയമായി മരുന്ന് നിര്‍മ്മിക്കുന്നതിനുള്ള വിവര, സാങ്കേതികവിദ്യകളുടെ കൈമാറ്റം ഇതിനകം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യ പരിപാലന രംഗത്ത് നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിവര്‍ത്തനാത്മക നീക്കമായാണ് ഇന്ത്യയുമായുള്ള സഹകരണത്തെ അഫ്ഗാന്‍ കോണ്‍സുലേറ്റ് വിശേഷിപ്പിച്ചിട്ടുള്ളത്. നിലവാരമില്ലാത്ത മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗം നവീകരിക്കാനുമുള്ള നിർണായക നീക്കമാണിതെന്നും കോണ്‍സുലേറ്റ് പറയുന്നു. ഭാവിയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ മാതൃകയാണ് ഈ കരാര്‍ എന്ന് അഫ്ഗാന്‍ ട്രേഡേഴ്‌സും പരസ്യമായി അംഗീകരിക്കുന്നു.
നിര്‍ണായകമായ ഒരു ഭൗമരാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കരാര്‍ സംഭവിച്ചിരിക്കുന്നത്. താലിബാന്‍ അടുത്തിടെ പാക്കിസ്ഥാനുമായുള്ള വ്യാപാരം നിരോധിക്കുകയും പാക് വിതരണക്കാരുമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനാല്‍, പരമ്പരാഗതമായി അഫ്ഗാന്റെ വാണിജ്യ രംഗത്ത് പ്രധാന ഗതാഗത, വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള കരാര്‍ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞയാഴ്ചയാണ് അഫ്ഗാന്‍ വ്യവസായ മന്ത്രി അസീസി ഇന്ത്യയിൽ അഞ്ച് ദിവസത്തെ സന്ദര്‍ശനം നടത്തിയത്. യാത്രയ്ക്കിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യപാരം, നിക്ഷേപം, നയതന്ത്ര ഇടപെടല്‍ എന്നിവയുടെ വിപലീകരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മാത്രമല്ല, അഫ്ഗാനിസ്ഥാന്‍ ബിസിനസിനായി തുറന്നിരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ കമ്പനികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പുനല്‍കുകയും ചെയ്തു.
ആരോഗ്യ രംഗത്ത് 100 മില്യണ്‍ ഡോളറിന്റെ ധാരണാപത്രം ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രഥമ ഘടകമായി നിലകൊള്ളുന്നു. വ്യാപാര പങ്കാളിത്തങ്ങള്‍ വൈവിധ്യവത്കരിക്കാനും ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പാക്കിസ്ഥാന്‍ വ്യാപാര മാര്‍ഗങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള അഫ്ഗാന്‍ ശ്രമങ്ങളെയും ഇത് സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ മാനുഷിക സഹായവും പാക്കിസ്ഥാന്റെ ബോംബുകളും
ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് അഫ്ഗാനില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ വെള്ളിയാഴ്ച 73 ടണ്‍ ജീവരക്ഷാ മരുന്നുകളും വാക്‌സിനുകളും ഉള്‍പ്പെടെയുള്ള മാനുഷിക സഹായം ഇന്ത്യ അയച്ചിരുന്നു. 9 കുട്ടികളും ഒരു സ്ത്രീയും അടക്കം പത്ത് സാധാരണക്കാരാണ് പാക് ആക്രമണത്തില്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് സഹായം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
ഏപ്രിലിലും സെപ്റ്റംബറിലുമായി ഇന്ത്യ നേരത്തെയും അഫ്ഗാന് സഹായങ്ങള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്ന മൂന്നാമത്തെ സഹായമാണിത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന ബന്ധത്തിന്റെ ഭാഗമാണ് ഇന്ത്യയുടെ ഈ നടപടി വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാന്‍ അഫ്ഗാന്‍ മണ്ണിലേക്ക് ബോംബുകള്‍ അയക്കുമ്പോള്‍ ഇന്ത്യ ഊഷ്മളമായ സഹായഹസ്തം ആ രാജ്യത്തിനു നേരെ നീട്ടുന്നു.
നവംബര്‍ 24നും 25നും അഫ്ഗാന്റെ കിഴക്കന്‍ പ്രവിശ്യകളായ ഖോസ്റ്റ്, കുനാര്‍, പക്തിക എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായി താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പ്രസ്താവനയിലൂടെ അറിയിച്ചു. ആക്രമണത്തില്‍ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു വീട് തകര്‍ന്നു. രണ്ടിനും 12-നും ഇടയില്‍ പ്രായമുള്ള ഒന്‍പത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഒരു സത്രീയും കൊല്ലപ്പെട്ടു.
മറ്റ് മേഖലകളില്‍ നടന്ന ആക്രമണങ്ങളിലായി നാല് പേര്‍ക്ക് പരിക്കേറ്റതായും മുജാഹിദ് എക്‌സിലൂടെ അറിയിച്ചു. നിരപാരാധികളായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ ലംഘനമാണെന്നും കടന്നാക്രമണങ്ങള്‍ തുടര്‍ന്നാല്‍ അഫ്ഗാന്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സംഭവത്തില്‍ പാക്കിസ്ഥാന്‍ സൈന്യം മൗനം പാലിക്കുകയാണുണ്ടായത്. വ്യോമാക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നവംബര്‍ 24ന് രാവിലെ പെഷവാറിലെ പാക്കിസ്ഥാന്റെ ഫെഡറല്‍ കോണ്‍സ്റ്റാബുലറിയുടെ ആസ്ഥാനം ലക്ഷ്യമിട്ട് രണ്ട് ചാവേര്‍ ബോംബര്‍മാരും ഒരു തോക്കുധാരിയും നടത്തിയ സംഘടിത ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും തെഹ്‍രിക് -ഇ-താലിബാനാണ് ഉത്തരവാദികളെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ഇതിന് പ്രതികാരമായി നവംബര്‍ 25ന് 22 ഇന്ത്യന്‍ പിന്തുണയുള്ള കലാപകാരികളെ വധിച്ചതായി പാക് സൈന്യം പ്രഖ്യാപിച്ചു. നിലവിൽ അക്രമം തല്‍ക്കാലം അവസാനിച്ചെങ്കിലും മുന്‍ സംഭവങ്ങള്‍ പ്രധാന ക്രോസിംഗുകളില്‍ അതിര്‍ത്തി അടച്ചുപൂട്ടാന്‍ കാരണമാവുകയും വ്യാപാരം നിര്‍ത്തുകയും അതിര്‍ത്തിയില്‍ കുടുംബങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു.
അതേസമയം ഇന്ത്യയുടെ തന്ത്രം ഗുണം ചെയ്യുന്നുവെന്ന് ഇന്തോ-പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഉപദേഷ്ടാവായ ഡെറക് ജെ ഗ്രോസ്മാന്‍ അഫ്ഗാന്‍ മന്ത്രി അസീസിയുടെ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഒരു പുതിയ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യയുടെ സഹായം അഫ്ഗാനിസ്ഥാനില്‍ ജീവന്‍ രക്ഷിക്കുന്നു. പക്ഷേ പാക്കിസ്ഥാന്റെ വ്യോമാക്രമണങ്ങള്‍ അഫ്ഗാനേറ്റ പഴയ മുറിവുകള്‍ വീണ്ടും തുറക്കുകയാണ്. തുടക്കത്തില്‍ താലിബാന്‍ ഭരണകൂടത്തെ പിന്തുണച്ചുകൊണ്ട് പാക്കിസ്ഥാന്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച തന്ത്രപരതയെ ഇന്ത്യയുമായുള്ള പുതിയ സമവാക്യം ഇല്ലാതാക്കുന്നു. പാക്കിസ്ഥാനെ സംബന്ധിച്ച് ഇത് കനത്ത പ്രഹരം തന്നെയാണ്.
