'ഈ യുദ്ധത്തിൽ ഇന്ത്യ ഒരിക്കലും നിക്ഷ്പക്ഷ നിലപാടായിരുന്നില്ല സ്വീകരിച്ചത്. ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്തായിരുന്നു' പ്രശ്നം പരിഹരിക്കാൻ നയതന്ത്രപരമായി ഇന്ത്യ എടുത്ത നിരന്തര പരിശ്രമത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് മോദി പറഞ്ഞു. യുദ്ധവും ആക്രമവും അല്ല പരിഹാരമാർഗമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം നില നിറുത്താൻ ക്രിയാത്മകമായ ചർച്ചയാണ് ആവശ്യമെന്നും സൂചിപ്പിച്ച് ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
വെള്ളിയാഴ്ച്ച രാവിലെയാണ് മോദിയും സെലൻസ്കിയും കീവിൽ കൂടിക്കാഴ്ച നടത്തിയത്. കണ്ടയുടനെ കൈകൊടുത്തും ആലിംഗനം ചെയ്തും സെലൻസ്കിയുമായുള്ള സംഭാഷണം ആരംഭിച്ച മോദി, സെലൻസ്കിക്കൊപ്പം യുദ്ധം നാശം വിതച്ച സ്ഥലവും സന്ദർശിച്ചു.
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രൈൻ സന്ദർശനത്തെ ചരിത്രപരമായ സംഭവം എന്നാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. 1991 ൽ യുക്രൈൻ സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ സന്ദർശനം നടത്തുന്നത്.
സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രതിരോധം , വാണിജ്യം , കൃഷി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് ഇരു രാജ്യങ്ങലും ഉടൻ സംയുക്ത പ്രസ്താവന ഇറക്കും.
യുക്രൈൻ്റെ ഇപ്പോഴുള്ള അവസ്ഥയെപ്പറ്റിയും സമാധാനം പുനസ്ഥാപിക്കാനുള്ള മാർഗങ്ങളെപ്പറ്റിയുമാണ് പ്രധാനമായും ചർച്ച നടന്നെന്നാണ് വിവരം. വളരെ ക്രിയാത്മകവും വിശദവുമായ ചർച്ചയാണ് നടന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. സഹായമായി 22 ടൺ വരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ യുക്രൈന് കൈമാറിയതായും എസ്.ജയശങ്കർ അറിയിച്ചു.