“പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, നാഗരാജപ്പ ഭാര്യയെയും മകനെയും വെടിവെച്ചുകൊന്നശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്,” ബാൾട്ടിമോർ കൗണ്ടി പോലീസ് വക്താവ് ആന്റണി ഷെൽട്ടൺ ഉദ്ധരിച്ച് ബാൾട്ടിമോർ സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരെ മൂന്നുപേരെയും അവസാനമായി കണ്ടതെന്ന് സമീപവാസികൾ പറയുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം നടന്നതെന്നാണ് സംശയിക്കുന്നത്. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷമുള്ള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
കർണാടകത്തിലെ ദാവൻഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിലെ ഹല്ലേക്കല്ലു ഗ്രാമത്തിൽ നിന്നുള്ള കുടുംബം കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ താമസിച്ചു വരികയായിരുന്നു. മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായെന്ന് യോഗേഷിന്റെ അമ്മ ശോഭ പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ, ദമ്പതികൾ അമേരിക്കയിലേക്ക് പോയി, അതിനുശേഷം അവിടെ താമസിക്കുകയായിരുന്നു.
advertisement
“അമേരിക്കയിൽ താമസിക്കുന്ന എന്റെ രണ്ടാമത്തെ മകനെ പോലീസ് ഫോണിൽ വിളിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞു. രണ്ടാമത്തെ മകനാണ് വിവരം ഞങ്ങളെ അറിയിച്ചത്. മരണ കാരണം അറിയില്ല,” ശോഭ പറഞ്ഞു. “എന്താണ് സംഭവിച്ചതെന്നും ഇത് എപ്പോൾ സംഭവിച്ചുവെന്നും ഞങ്ങൾക്ക് അറിയില്ല. മരണം സംഭവിച്ചുവെന്ന് മാത്രമാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് ഒരു വിവരവും ലഭിക്കുന്നില്ല – അവർ അത് ചെയ്തോ മറ്റാരെങ്കിലും ഇത് ചെയ്തോ എന്ന് അറിയില്ല.”- ശോഭ പറഞ്ഞു.
മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അവർ അഭ്യർത്ഥിച്ചു. “സംഭവം നടന്നിട്ട് മൂന്ന് ദിവസമായി, ഞങ്ങൾ മൃതദേഹം കണ്ടിട്ടില്ല,” യോഗേഷിന്റെ അമ്മ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യോഗേഷ് തന്നെ വിളിച്ച് എല്ലാവരും സുഖമായിരിക്കുന്നെന്ന് പറഞ്ഞതായി ശോഭ കൂട്ടിച്ചേർത്തു. എന്തെങ്കിലും പ്രശ്നമുള്ളതായി ഫോൺ വിളിച്ചപ്പോൾ പറഞ്ഞില്ലെന്നും അവർ പറഞ്ഞു.