ഓപിയം എന്ന് ലേബല്‍ ചെയ്ത ഡിസൈനര്‍ പെര്‍ഫ്യൂം കുപ്പി ലോക്കല്‍ പൊലീസ് നിരോധിത മയക്കുമരുന്നായി തെറ്റിദ്ധരിച്ചു. തുടര്‍ന്ന് രഘുവിനെ കസ്റ്റഡിയില്‍ എടുക്കുകയും വിസ റദ്ദാക്കുകയും ചെയ്തു. തെറ്റായ അറസ്റ്റ് കാരണം റദ്ദാക്കിയ തന്റെ വിസ പുനഃസ്ഥാപിക്കണമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം.
ഒരു അമേരിക്കന്‍ പൗരയെ വിവാഹം ചെയ്ത രഘു യുഎസില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത അറസ്റ്റും വിസ റദ്ദാക്കലും ഉണ്ടായത്. മേയ് മൂന്നിനാണ് ചെറിയ ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ബെന്റണ്‍ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തില്‍ ഓപിയം എന്ന് ലേബല്‍ ചെയ്ത പെര്‍ഫ്യൂം കുപ്പി പൊലീസ് കണ്ടെത്തി. ഇതില്‍ മയക്കുമരുന്നാണെന്ന് ഉദ്യോഗസ്ഥര്‍ അനുമാനിച്ചു.
advertisement
കുപ്പിയില്‍ പെര്‍ഫ്യൂം ആണെന്ന് രഘു ആവര്‍ത്തിച്ച് പറഞ്ഞിട്ടും മയക്കമരുന്ന് കൈവശം വച്ചതായി ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബോഡിക്യാം ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് സംസാരിക്കുന്നതും പതിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഓപിയം കുപ്പി സെന്റര്‍ കണ്‍സോളില്‍ നിന്ന് ലഭിച്ചതായാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പറഞ്ഞത്.
ആ സമയത്ത് ഫുഡ് ഡെലിവെറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രഘു. ഉദ്യോഗസ്ഥരോട് താന്‍ പൂര്‍ണ്ണമായും സഹകരിച്ചിരുന്നുവെന്നും സംഭവത്തില്‍ താന്‍ അമ്പരന്നുപോയെന്നും അദ്ദേഹം പിന്നീട് പ്രാദേശിക പത്രമായ ദി സലൈന്‍ കൊറിയറിനോട് പറഞ്ഞു.
അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് ക്രൈം ലാബ് നടത്തിയ പരിശോധനയില്‍ കുപ്പിയില്‍ മയക്കുമരുന്ന് അടങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ അദ്ദേഹം നേരിട്ടു. മൂന്ന് ദിവസം സലൈന്‍ കൗണ്ടി ജയിലില്‍ അദ്ദേഹം കഴിഞ്ഞു. അവിടെ ഇമിഗ്രേഷന്‍ അധികൃതര്‍ അദ്ദേഹത്തിനെതിരെ വിസ ക്രമക്കേട് കണ്ടെത്തി. രഘുവിന്റെ മുന്‍ അറ്റോര്‍ണി കാണിച്ച പിഴവ് കാരണമാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മൈക്ക് ലോക്‌സ് പറഞ്ഞു.
അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തെ ലൂസിയാനയിലെ ഒരു ഫെഡറല്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഫെസിലിറ്റിയിലേക്ക് മാറ്റി. അവിടെ 30 ദിവസം തടങ്കലില്‍ പാര്‍പ്പിച്ചു. മേയ് 20-ന് ജില്ലാ കോടതി മയക്കുമരുന്ന് കൈവശം വച്ചെന്ന കുറ്റത്തില്‍ നിന്നും മോചിപ്പിച്ചെങ്കിലും തടവില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിസ റദ്ദാക്കപ്പെട്ടു. ഇതോടെ ജയില്‍ മോചിതനായെങ്കിലും അദ്ദേഹം നാടുകടത്തല്‍ ഭീഷണിയിലായി.
അഭിഭാഷകന്‍ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് വിസ പ്രശ്‌നത്തിന് കാരണമെന്ന് രഘു ഐസിഇയുടെ ഓഫീസിലേക്ക് അയച്ച കത്തില്‍ പറഞ്ഞു. വിസ പുനഃസ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക ബാധ്യത തന്റെ കുടുംബത്തെ ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ദുരന്തം വൈകാരികവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ആല്‍ലി മെയ്‌സ് പറഞ്ഞു. ഏപ്രിലില്‍ വിവാഹിതരായ ദമ്പതികള്‍ ഒരു വീട് വാങ്ങാന്‍ ഉദ്ദേശിച്ച് കരുതിയിരുന്ന അവരുടെ സമ്പാദ്യം ഇതിനായി ചെലവഴിച്ചു. ചെലവ് വഹിക്കാന്‍ മെയ്‌സ് ഇപ്പോള്‍ മൂന്ന് ജോലികള്‍ ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടതിലൂടെ ബെന്റണ്‍ പോലീസ് അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് രഘുവിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഐസിഇയുടെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.