കോബോസ്-മാര്‍ട്ടിനെസിനോട് നേരിട്ട് സംസാരിക്കുന്നതിന് പകരം തന്റെ നിര്‍ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ നാഗമല്ലയ്യ മറ്റൊരാളോട് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് പ്രതിയെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തര്‍ക്കത്തിന് പിന്നാലെ ഇയാള്‍ വടിവാള്‍ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. നാഗമല്ലയ്യ തന്റെ ഭാര്യയും 18 വയസ്സുള്ള മകനും താമസിക്കുന്ന മോട്ടലിന്റെ ഓഫീസിലേക്ക് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഭാര്യയും മകനും ആക്രമണം തടയാന്‍ ശ്രമിച്ചുവെങ്കിലും അവരെ തള്ളിമാറ്റി വടിവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
advertisement
കോബോസ്-മാര്‍ട്ടിനെസിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഹൂസ്റ്റണില്‍ വാഹന മോഷണം, ആക്രണം എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. നിലവില്‍ ജാമ്യം നിഷേധിക്കപ്പെട്ട ഇയാളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവോ വധശിക്ഷയോ ഇയാള്‍ക്ക് നേരിടേണ്ടി വരും.
''ബോബ്'' എന്ന് അറിയപ്പെടുന്ന നാഗമല്ലയ്യയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിച്ചു. ഈ സങ്കല്‍പ്പിക്കാനാകാത്ത ദുരന്തം അപ്രതീക്ഷിതമായിരുന്നുവെന്നും ആഴത്തിലുള്ള ആഘാതമുണ്ടാക്കിയതായും സുഹൃത്തുക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.
നാഗമല്ലയ്യയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ശവസംസ്‌കാര ചെലവുകള്‍ വഹിക്കുന്നതിനും കുടുംബത്തിന് ധനസഹായം നല്‍കുന്നതിനും മകന്റെ കോളേജ് വിദ്യാഭ്യാസം തുടരുന്നതിനുമായി ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.