അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അചിന്ത്യ ശിവലിംഗത്തേയും ഹസന്‍ സെയ്ദിനേയും സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയതായും ജെന്നിഫര്‍ മോറില്‍ പറഞ്ഞു. പ്രദേശത്ത് അവശേഷിച്ചിരുന്ന ടെന്റുകള്‍ പ്രതിഷേധക്കാര്‍ സ്വമേധയാ പൊളിച്ചുകളഞ്ഞതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പ്രിന്‍സ്റ്റണിലെ പബ്ലിക് അഫയേഴ്‌സ് ഓണ്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അചിന്ത്യ ശിവലിംഗം. യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര ഗവേഷകനാണ് ഹസ്സന്‍ സെയ്ദ്.
ഇരുവര്‍ക്കുമെതിരെയുള്ള അച്ചടക്ക നടപടി മരവിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് അഭ്യര്‍ത്ഥിക്കണമെന്ന് മറ്റ് വിദ്യാര്‍ത്ഥികളോടും പൂര്‍വ്വവിദ്യാര്‍ത്ഥികളോടും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ക്യാംപസ് ഹോസ്റ്റലില്‍ നിന്നും ഇരുവരെയും പുറത്താക്കുകയായിരുന്നുവെന്നും തങ്ങളുടെ സാധനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് അഞ്ച് മിനിറ്റ് സമയം മാത്രമാണ് നല്‍കിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥി നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങള്‍ ആരെയും ഹോസ്റ്റലില്‍ പുറത്താക്കിയിട്ടില്ലെന്നാണ് യൂണിവേഴ്‌സിറ്റി വക്താവ് മൈക്കിള്‍ ഹോച്ച്കിസ് പറഞ്ഞു.
advertisement
ക്യാംപസില്‍ നിന്ന് വിലക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ തുടരാന്‍ അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ എല്ലാ പ്രധാന സര്‍വകലാശാലകളിലും പലസ്തീന്‍ അനുകൂല പ്രതിഷേധം അലയടിക്കുകയാണ്. ഇസ്രായേലിന്റെ ഗാസ ആക്രമണത്തിനെതിരെ യുഎസിലെ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വന്നിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പോലീസിനെ വിളിച്ചിരുന്നു. ഇതോടെ പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേരാണ് അറസ്റ്റിലായത്.