ഇന്ത്യയിലേക്ക് വരാനുള്ള യാത്രയിലായിരുന്നു ശ്രേയ. ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനാണ് ശ്രേയ ക്യാബ് വിളിച്ചത്. ഈ യാത്രയാണ് ശ്രേയയെ ദുരിതത്തിലാക്കിയത്.
ലിഫ്റ്റ് ഡ്രൈവറോടൊപ്പം യാത്ര തിരിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് ഹെഡ്‌ഫോണ്‍ എടുക്കാന്‍ മറന്ന കാര്യം ശ്രേയ ഓര്‍മ്മിച്ചത്. അപ്പോള്‍ തന്നെ ഡ്രൈവറോട് തിരിച്ച് വീട്ടിലേക്ക് പോകാനും അല്‍പ്പസമയം വെയിറ്റ് ചെയ്യാനും ശ്രേയ പറഞ്ഞു. എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും ഡ്രൈവര്‍ യാത്ര ക്യാന്‍സല്‍ ചെയ്ത് ശ്രേയയുടെ സാധനങ്ങളുമായി കടന്നുകളഞ്ഞിരുന്നു.
"എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്റെ എല്ലാ വിലപിടിപ്പുള്ള സാധനങ്ങളും ആ ബാഗിലായിരുന്നു," ശ്രേയ മാധ്യമങ്ങളോട് പറഞ്ഞു
advertisement
രണ്ട് സ്യൂട്ട്‌കേസായിരുന്നു ക്യാബിലുണ്ടായിരുന്നത്. കൂടാതെ ബാക്ക് സീറ്റില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ഇതിലായിരുന്നു പാസ്‌പോര്‍ട്ട്, വിസ, വര്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം വെച്ചിരുന്നത്.
സംഭവം നടന്നതോടെ ലിഫ്റ്റ് കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുമായി ശ്രേയ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങള്‍ ശ്രേയയ്ക്ക് ഇതുവരെ ഇവര്‍ നല്‍കിയിട്ടില്ല. കൃത്യമായ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ ഡ്രൈവറെപ്പറ്റിയുള്ള വിവരം നല്‍കാനാകുവെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം, കേസില്‍ അന്വേഷണം ആരംഭിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രേയ പറയുന്നു. നിലവില്‍ ഡ്രൈവറെപ്പറ്റിയുള്ള വിവരങ്ങളോ, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റോ ഒന്നും തന്നെ പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം ഡ്രൈവറെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ഊര്‍ജിതമായി ശ്രമിക്കുന്നുണ്ട്. ഇതേപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, തനിക്കുണ്ടായ ദുരനുഭവം ശ്രേയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ ലും പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ലിഫ്റ്റ് സിഇഒ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. രേഖകള്‍ നഷ്ടമായതോടെ ഇന്ത്യയിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രേയ ഇപ്പോള്‍. ക്യാന്‍സര്‍ ബാധിതനായ പിതാവിനെ കാണാനാണ് ശ്രേയ നാട്ടിലേക്ക് എത്താന്‍ ഒരുങ്ങിയത്. ഈ യാത്രയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായത്.
അതേസമയം നിരവധി പേരാണ് ശ്രേയയ്ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
"വളരെ നിരാശജനകമായ സ്ഥിതിയാണിത്. വിമാനടിക്കറ്റ് അടക്കമാണ് ശ്രേയയ്ക്ക് നഷ്ടപ്പെട്ടത്. അവരെ പൂര്‍ണ്ണമായും കൊള്ളയടിച്ചിരിക്കുന്നു. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? അധികൃതര്‍ ഇതേ രീതിയില്‍ തന്നെയാണോ ഇടപെടുമായിരുന്നത്? ഡ്രൈവറെപ്പറ്റിയുള്ള വിവരങ്ങള്‍ അവരുടെ കൈയ്യിലുണ്ടാകും. എന്നിട്ടും എന്താണ് ആ ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിക്കാത്തത്," ഒരു ഉപയോക്താവ് കുറിച്ചു
"ആ ഡ്രൈവറെ ജയിലിലടയ്ക്കണം. ശ്രേയയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല. മോശം കസ്റ്റമര്‍ സര്‍വ്വീസാണ് ലിഫ്റ്റിന്റേത്. ഞാന്‍ എപ്പോഴും ഊബര്‍ ആണ് യാത്രയ്ക്കായി തെരഞ്ഞെടുക്കാറുള്ളത്," മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.