യുഎസിലേക്കുള്ള വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇന്ത്യയെ പിന്നിലാക്കി ചൈന മുന്നിലെത്തിയതായും ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു.
യുഎസ് സര്‍വകലാശാലകളില്‍ സാധാരണയായി പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്. 3,13,138 വിദ്യാര്‍ത്ഥി വിസകളാണ് ഈ ഓഗസ്റ്റില്‍ യുഎസ് അനുവദിച്ചത്. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1 കുറവ് വിസകളുടെ എണ്ണത്തില്‍ ഉണ്ടായതായി ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിലേക്ക് എത്തിയത് ഇന്ത്യയില്‍ നിന്നാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44.5 ശതമാനം ഇടിവാണ് യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ ഈ വര്‍ഷം ഉണ്ടായത്. ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ വിതരണത്തിലും കുറവുണ്ടായിട്ടുണ്ടെങ്കിലും ഇതേ നിരക്കിലല്ല.
advertisement
ചൈനയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്ക ഓഗസ്റ്റില്‍ 86,647 വിസകള്‍ അനുവദിച്ചു. ഇത് ഇന്ത്യക്കാര്‍ക്ക് നല്‍കിയതിന്റെ ഇരട്ടിയിലധികം വരും. നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വിസകളില്‍ കുത്തനെ ഇടിവ് സംഭവിച്ചതായും ഇറാനില്‍ നിന്നുള്ള പ്രവേശനം 86 ശതമാനം കുറഞ്ഞതായും ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നു.
ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം കുടിയേറ്റം തടയുന്നതിനും ഇടതുപക്ഷത്തിന്റെ പ്രധാന ശക്തികേന്ദ്രമായി അദ്ദേഹത്തിന്റെ ഭരണകൂടം കരുതുന്ന സര്‍വകലാശാലകളെ ദുര്‍ബലപ്പെടുത്തുന്നതിനുമാണ് മുന്‍തൂക്കം നല്‍കിയത്.
ഏറ്റവും തിരക്കേറിയ ജൂണ്‍ മാസത്തില്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദ്യാര്‍ത്ഥി വിസ പ്രോസസ്സിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യുഎസ് എംബസികള്‍ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പരിശോധിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. യുഎസ് വിദേശ നയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആയിരകണക്കിന് വിദ്യാര്‍ത്ഥി വിസകള്‍ റൂബിയോ റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും അടുത്തിടെ യുഎസ് ഉയര്‍ത്തി.